ഇസ്‌ളാമികളുടെ ഇടയില്‍ നിലവിലുള്ള ഒരനുഷ്ഠാനം. ദപ്പ് റാത്തീവ് എന്നും പറയും. ദപ്പുകളിയില്‍ ചിലപ്പോള്‍ ആയുധമെടുത്തുകൊണ്ടുള്ള അഭ്യാസമുറകള്‍ കൂടിയുണ്ടാകും. അതിന്റെ അന്ത്യത്തില്‍ വികാരാധിക്യംകൊണ്ട് ചിലപ്പോള്‍ ആയുധം വയറ്റിനും മറ്റും കുത്തും. ഇപ്പോള്‍ ഈ ആത്മപീഡനപരമായ കര്‍മം നിലവിലില്ലെങ്കിലും അടുത്തകാലംവരെ ഉണ്ടായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കഠാരികൊണ്ടുള്ള മുറിവുകള്‍ ദൈവകാരുണ്യം കൊണ്ട് മാറുമെന്നാണ് വിശ്വാസം. മതപരമായി അംഗീകരിക്കപ്പെടാത്ത ഒരനുഷ്ഠാനമാണിതെന്ന് പറയപ്പെടുന്നു. കൂത്ത് റാത്തീവ് എന്നും ഈ ചടങ്ങിന് പറയുമത്രെ. പലപ്പോഴും അധികം വെളിച്ചമല്ലാത്ത സ്ഥലത്തുവച്ചായിരിക്കും കൂത്ത് റാത്തീവ് നടത്തുക.