ഋതുവായ സ്ത്രീ ആശൗചകാലത്ത് വസിക്കുന്ന പുര. ചെറിയ ‘കൂച്ചില്‍’ ആയിരിക്കുമത്. ചിലര്‍’ഏറുമാടം’ പോലുള്ള കുടിലാണ് കെട്ടുക. തീണ്ടാരിപ്പുരയ്ക്ക് ചിലേടങ്ങളില്‍ ‘പള്ളപ്പുര’ എന്നു പറയും. പുലയര്‍, പറയര്‍, മുക്കുവര്‍, കുറിച്യര്‍, ഈവവര്‍, തുടങ്ങിയ പല സമുദായത്തിലും ഋതുമതികള്‍ക്ക് തീണ്ടാരിപ്പുര കെട്ടാറുണ്ട്. തീണ്ടാരിപ്പുര സൂതികാഗൃഹമായും ഉപയോഗിക്കും.ബ്രാഹ്മണര്‍ തുടങ്ങിയ സവര്‍ണരിലെ ഋതുമതികള്‍ക്ക് പ്രത്യേകം പുരകെട്ടാറില്ലെങ്കിലും, വീട്ടിന്റെ വായുകോണിലുള്ള അകം(കോണ്‍പുര) ഉപയോഗപ്പെടുത്തുന്നു. ആ അകം സൂതികാഗൃഹവുമാണ്. തീണ്ടാരിപ്പുരകളില്‍ പുരുഷന്‍മാര്‍ പ്രവേശിക്കാറില്ല.