വിനോദപരമായ ചില വട്ടക്കളികളാണ് ഇനി പറയുവാനുള്ളത്. ചെറുമര്‍, പുലയര്‍, വടുകര്‍, കുറവര്‍, മുള്ളുക്കുരുവര്‍, തച്ചനാടന്മാര്‍, കളിനാടികള്‍, വയനാടന്‍ ചെട്ടികള്‍ എന്നിവര്‍ക്കിടയിലെല്ലാം വട്ടക്കളി എന്ന പേരിലുള്ള കളിയുണ്ട്. പാലക്കാട്ടു ജില്ലയിലെ വടുക്കരുടെ ഇടയില്‍ പരിചകളിക്ക് ‘വട്ടക്കളി’ എന്നാണ് പറയുന്നത്. പുലയരുടെ ‘ചൊവടുകളി’യും വട്ടക്കളിയാണ്. ഇവയ്‌ക്കെല്ലാം പാടാന്‍ പ്രത്യേക പാട്ടുകളുണ്ട്. തച്ചനാടന്മാര്‍ക്കിടയിലും ‘വട്ടക്കളി’ പതിവുണ്ട്. ഉത്സവവും, താലികെട്ടുകല്യാണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരാണ് അത് അവതരിപ്പിക്കുക. തുടി, കുഴല്‍ എന്നിവ വാദ്യമായി ഉപയോഗിക്കും. തൃശ്ശൂര്‍ ജില്ലയിലെ പുലയര്‍ക്കിടയില്‍ വട്ടക്കളിയുണ്ട്. സ്ത്രീകളാണ് അവിടെ വട്ടക്കളിയില്‍ ഏര്‍പ്പെടുന്നത്. ദക്ഷിണകേരളത്തിലെ പുലയര്‍ക്കിടയിലും വട്ടിക്കളിയുണ്ട്. തിരണ്ടുകല്യാണം, വിവാഹം തുടങ്ങിയ മംഗളാവസരങ്ങളില്‍ കുറുമര്‍ വട്ടക്കളി അവതരിപ്പിക്കും. ഊരാളിക്കുറുമരുടെ കളിക്ക് ചെണ്ടപോലുള്ള വാദ്യവും ഉപയോഗിക്കും. മുള്ളുക്കുറുമരുടെ വട്ടക്കളിപ്പാട്ടില്‍ ചീരാളന്‍കഥ പാടാറുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. വയനാടന്‍ അടിയാമാരും കളനാടികളും. അടിയാനമാരും വട്ടക്കളി കളിക്കും. വള്ളുവനാട്ടിലെ പുലയര്‍, ചെറുമര്‍, കണക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളാണ് വട്ടക്കളിയില്‍ ഏര്‍പ്പെടുന്നത്.