അനുഷ്ഠാനം
ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ പിന്നിലുള്ളത്. ആദിമകാലത്ത് മതവുമായി അനുഷ്ഠാനങ്ങള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല. മതചടങ്ങുകളുമായി അനുഷ്ഠാനം അലിഞ്ഞുചേര്‍ന്നത് പില്ക്കാലത്താണ്.
ആചാരണസ്വഭാവം, ധര്‍മ്മം എന്നിവയുടെ അടിസ്ഥാനത്തില്‍ അനുഷ്ഠാനങ്ങളെ തരംതിരിക്കാം. മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, വ്രതാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, ജപം, മന്ത്രോച്ചാരണം, പ്രാര്‍ത്ഥന, നാമസങ്കീര്‍ത്തനം, സത്യഭാഷണം മുതലായവ മന്ത്രാനുഷ്ഠാനങ്ങളില് ഉള്‍പ്പെടും. മുദ്രകള്‍ക്കും വിന്യാസങ്ങള്‍ക്കും സന്ന്യാസങ്ങള്ക്കും ആംഗ്യങ്ങള്‍ക്കും പ്രാണായാമത്തിനും മറ്റും പ്രാധാന്യമുള്ള കര്‍മ്മങ്ങള്‍ തന്ത്രാനുഷ്ഠാനം. മനോവാക്കര്‍മ്മങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിഷ്ഠയാണ് വ്രതാനുഷ്ഠാനം. മന്ത്രതന്ത്രവ്രതാദികളുമായി ബന്ധപ്പെട്ടതുതന്നെയാണ് കര്‍മ്മാനുഷ്ഠാനവും.
അനുഷ്ഠാനങ്ങള്‍ക്ക് പൊതുവേ ചര്യാഭേദമുണ്ട്. നിത്യം, നൈമിത്തികം, കാമ്യം, നിഷിഭ്യം, പ്രായശ്ചിത്തം എന്നിങ്ങനെ അനുഷ്ഠാനങ്ങള്‍ അഞ്ചുവിധമാണ്. നിത്യേന അവയും ആചരിക്കേണ്ടവയാണ് നിത്യാനുഷ്ഠാനകര്മ്മങ്ങള്. പ്രത്യേക കാരണങ്ങളാല്‍ വിശേഷമായി നടത്തേണ്ടവ നൈമിത്തിക കര്‍മ്മങ്ങളാണ്. ഓരോ മതാനുയായികള്‍ക്കും വിധിച്ചിട്ടുള്ള നിഷിദ്ധകര്മ്മങ്ങളുമുണ്ട്. പ്രായശ്ചിത്തങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്. ജനനമരണപര്യന്തമുള്ള സംസ്കാരക്രിയകളിലും സാമൂഹികമായ ചടങ്ങുകളിലും കലകളിലും മാത്രമല്ല കളികള്‍, വിനോദങ്ങള്‍ എന്നിവയില്‍പ്പോലും അനുഷ്ഠാനാംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. നിത്യജീവിതചര്യകളിലും അനുഷ്ഠാനങ്ങളുണ്ട്. വിവാഹം, ഗര്‍ഭബലി, ശവദാഹം, തിരണ്ടുകുളി തുടങ്ങിയവയ്ക്ക് അനുഷ്ഠാനത്തിന്റെ പരിവേഷമുണ്ട്. സന്ധ്യയ്ക്കും പ്രഭാതത്തിലും ദീപം കൊളുത്തുക, പടിഞ്ഞാറ്റയില്‍ പൂവയ്ക്കുക, ചില വിശേഷാവസരങ്ങളില്‍ നാളികേരമുടയ്ക്കുക, നിറപറ വയ്ക്കുക, താലപ്പൊലിയെടുക്കുക, വിളക്കിനു പ്രദക്ഷിണം ചെയ്യുക, അരിയിട്ടനുഗ്രഹിക്കുക, തൊട്ടുതലയില്‍ വയ്ക്കുക തുടങ്ങിയവ.
Leave a Reply