കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് സേതു എന്ന സേതുമാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇതു പിന്നീട് സമ്മാനിക്കും.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫ. എം.കെ സാനു, വൈശാഖന്‍, ഡോ.എം.വി.നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
മാജിക്കല്‍ റിയലിസത്തിന്റെ സങ്കേതം ഉപയോഗിച്ച് മലയാളികളുടെ സദാചാര സങ്കല്‍പ്പത്തെ നിര്‍ഭയം
പുതുക്കിപ്പണിയാനുള്ള ആര്‍ജവം കാണിച്ച ‘പാണ്ഡവപുരം’ എന്ന നോവല്‍ ഇംഗ്ലീഷും ജര്‍മനുമടക്കം ഒമ്പതു
ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ് എന്നിവ ലഭിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനും സിഇഒയും ആയിരുന്ന സേതു ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും
എഴുത്തില്‍ സജീവമായിരുന്നു. നോവല്‍, കഥ എന്നീ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചിലേറെ കൃതികള്‍
രചിച്ചു. അടയാളങ്ങള്‍ (കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്), മറുപിറവി (ഓടക്കുഴല്‍
അവാര്‍ഡ്), കൈമുദ്രകള്‍ (മലയാറ്റൂര്‍ അവാര്‍ഡ്), നിയോഗം (വിശ്വദീപം അവാര്‍ഡ്), ചേക്കുട്ടി (കേന്ദ്ര സാഹിത്യഅക്കാദമി ബാലസാഹിത്യ പുരസ്‌കാരം), ഏഴാം പക്കം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡയറക്ടര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചു.
ഭാഷാ പിതാവിന്റെ പേരിലുള്ള അവാര്‍ഡ് ആയതിനാല്‍ ഇതിനു മാധുര്യം കൂടുതലാണെന്നും സര്‍ക്കാര്‍ തരുമ്പോള്‍ അതൊരു ജനകീയ അവാര്‍ഡായി കണക്കാക്കാമെന്നും -സേതു പ്രതികരിച്ചു.