തിരുവനന്തപുരം: അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇല്ലാതെ വന്നാല്‍ വെള്ളരിക്കാപട്ടണങ്ങള്‍ഉണ്ടാകുമെന്ന് ഹിന്ദു നാഷനല്‍ സെക്യൂരിറ്റി എഡിറ്റര്‍ ജോസി ജോസഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്കുശേഷവും അഭിപ്രായസ്വാതന്ത്ര്യവും പത്രപ്രവര്‍ത്തനസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അന്തരീക്ഷമില്ലെന്നും അമേരിക്കയില്‍ ഭരണഘടന തന്നെ പത്രപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ ഇന്ത്യയില്‍ ആദ്യ ഭരണഘടനാ ഭേദഗതിതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി സാഹിത്യോത്സവത്തിന്റെ ഭാഗമായി” അന്വേഷണാത്മക പത്രപ്രവര്‍ത്തനം നേരിടുന്ന അപകടങ്ങള്‍” എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ജോസിജോസഫ്.

കോര്‍പറേറ്റുകള്‍ നിയമപരമായി വേട്ടയാടുമ്പോള്‍ അതിനെ ചെറുക്കാനാവും. എന്നാല്‍ പത്രപ്രവര്‍ത്തകരേയും വിസില്‍ബ്ലോവേഴ്‌സിനെയും ശാരീരികമായി ഉന്മൂലനം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പരിണമിക്കുന്നത് ജനാധിപത്യത്തിന്റെ ഭാവി ഇല്ലാതാക്കുമെന്ന ജോസി പറഞ്ഞു. പല അന്വേഷണാത്മക റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അദാനിമാരെക്കുറിച്ചും അംബാനിയുടെ ജിയോ സംരംഭത്തെക്കുറിച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജോസി ജോസഫ് വെളിപ്പെടുത്തി.

മാനനഷ്ടക്കേസുകളിലൂടെ പത്രപ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താമെന്നാണ് കോര്‍പറേറ്റുകളും ഭരണകൂടവും കരുതുന്നതെന്ന് കാരവന്‍ മാസികയുടെ എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ മാനനഷ്ടക്കേസുകള്‍ കൊടുത്തുകൊണ്ട് പത്രപ്രവര്‍ത്തകരേയും മാധ്യമ സ്ഥാപനങ്ങളേയും പീഡിപ്പിക്കാനാണ് ശ്രമം. കേസ് ജയിക്കാനാവില്ലെന്നറിയാമെങ്കിലും അതിന്റെ പ്രക്രിയയിലൂടെ മാധ്യമ പ്രവര്‍ത്തകരെ ക്ഷീണിപ്പിക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസില്‍ ജഡ്ജിയായിരുന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ആഴത്തില്‍ പരിശോധിച്ച കാരവന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിച്ചത് ഞെട്ടിപ്പിച്ചുവെന്ന് വിനോദ് പറഞ്ഞു.