കൊച്ചി: നടന്‍ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ അമലപോളായിരിക്കും നായിക.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. അമല പോള്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയത്തെ അടുത്ത് സ്പര്‍ശിച്ച നോവലുകളിലൊന്നാണ് ആടുജീവിതമെന്ന് അമലപോള്‍ കുറിച്ചു. ദൈവഹിതത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച നജീബിന്റെ വിശ്വാസം തന്നെ ഏറെ ആകര്‍ഷിച്ചെന്നും അമല പറഞ്ഞു.

ഒരുപാടു സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ എത്തിയശേഷം വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണമായ സാഹചര്യങ്ങളില്‍ മൂന്ന് വര്‍ഷത്തിലേറെക്കാലം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. ബെന്യാമിന്റെ ഈ നോവലിനെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് സിനിമ നിര്‍മിക്കുന്നത്.