തിരുവനന്തപുരം : ഇന്ത്യയില്‍ നിന്ന് ഈസ്റ്റിന്ത്യാ കമ്പനി കൊള്ളയടിച്ച വസ്തുക്കള്‍ കൊണ്ടാണ് ബ്രിട്ടന്‍ സമ്പന്ന രാഷ്ട്രമായതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാല്‍റിമ്പിള്‍ പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി സാഹിത്യോത്സവത്തോടനുബന്ധിച്ച് തന്റെ പുതിയ പുസ്തകമായ ‘ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അടരുകള്‍ തുറന്ന്’ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഡാല്‍റിമ്പിള്‍.

ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയുടെ കോര്‍പറേറ്റ്‌വത്കരണത്തിന്റെ ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നാണ് തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി കൊള്ളയടിച്ച സമ്പത്താണ് ബ്രിട്ടനെ സമൃദ്ധിയിലേക്ക് നയിച്ചത്. ഓക്‌സ്‌ഫോഡ് ഡിക്ഷ്‌നറിയില്‍ ആദ്യം കയറിപ്പറ്റിയ ഇന്ത്യന്‍ വാക്കുകളിലൊന്ന് കൊള്ളയടിക്കുക എന്നതിന് സമാനമായ ”ലൂട്ട്” എന്ന ഹിന്ദുസ്ഥാനി വാക്കായിരുന്നുവെന്നത് യാദൃശ്ചികമല്ല. 1765 ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാ അലവുമായുണ്ടാക്കിയ ഉടമ്പടിയിലൂടെ ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവയുടെ ഭരണാവകാശം ബംഗാള്‍ ഗവര്‍ണറും ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്ടറുമായ റോബര്‍ട്ട് ക്ലൈവ് നേടിയെടുത്തതാണ് ഇന്ത്യയുടെ കോര്‍പറേറ്റ്‌വത്കരണത്തിന്റെ തുടക്കം. ബംഗാളില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി കൊള്ളയടിച്ച സ്വത്തുക്കള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. ബംഗാള്‍ ട്രഷറിയിലെ സമ്പാദ്യമത്രയും നൂറു ബോട്ടുകളിലായാണ് നവാബിന്റെ കൊട്ടാരത്തില്‍ നിന്നും കൊല്‍ക്കൊത്തയിലെ ഈസ്റ്റ് ഇന്ത്യ കമ്പനി ആസ്ഥാനത്തേക്ക് കൊണ്ടു പോയത്.

ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങുമ്പോള്‍ ക്ലൈവിന്റെ സമ്പാദ്യം 2,34,000 പൗണ്ടായിരുന്നുവെന്ന് ഡാല്‍റിമ്പിള്‍ ചൂണ്ടിക്കാട്ടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളായി ക്ലൈവ് മാറുന്നത് ഇന്ത്യയില്‍ നിന്നുള്ള കൊള്ളമുതലിന്റെ പിന്‍ബലത്തിലാണ്. 250 ദശലക്ഷം പൗണ്ടാണ് അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ക്ലൈവും കൂട്ടരും നല്‍കിയത്. ഈ വമ്പന്‍ സ്വത്തിന്റെ തുണയോടെയാണ് ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളെ വിലയ്‌ക്കെടുത്തുകൊണ്ട് ജനാധിപത്യം അട്ടിമറിക്കാന്‍ ഈസ്റ്റ് ഇന്ത്യാകമ്പനിക്കായതെന്ന് ഡാല്‍ റിമ്പിള്‍ പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യമായിരുന്നു ഈസ്റ്റ്ഇന്ത്യാ കമ്പനി. സമാനമായ സ്വഭാവസവിശേഷതകളാണ് അദാനി, അംബാനി, ടാറ്റ ഗ്രൂപ്പുകളുടേതെന്ന് ഡാല്‍റിമ്പിള്‍ ഓര്‍മ്മിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനി മേധാവി റോബര്‍ട്ട് ക്ലൈവിനെ അനുസ്മരിപ്പിക്കുന്നുവെന്ന് ഡാല്‍റിമ്പിള്‍ പറഞ്ഞു. പല തലത്തിലും ട്രമ്പ് ക്ലൈവിന് സമാനനാണ്. വൈറ്റ് ഹൗസിലെത്തുന്ന ബിസിനസ്സുകാരനാണ് ട്രമ്പ്. കോര്‍പറേറ്റുകളുടെ പിന്തുണയോടെയാണ് ട്രമ്പിന് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ അധികാരം കൈയാളാനായത്. ആകാരത്തിലും ഭാവഹാവാദികളിലും പോലും ട്രമ്പ് ക്ലൈവിനെ പിന്തുടരുന്നുണ്ട്.