ആ ആത്മസാന്നിധ്യം ഞങ്ങള്‍ നെഞ്ചിലേറ്റുന്നു.

ഞങ്ങള്‍ക്ക് വാക്കുകളില്ല.’മാതൃഭൂമി’ യെ ഈ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഞങ്ങളുടെ ഹൃദയങ്ങളിലെ വെളിച്ചവും വഴികാട്ടിയുമായിരുന്ന ഗുരുനാഥന്റെ വേര്‍പാട് അത്രമേല്‍ ഞങ്ങളെ വേദനയിലാഴ്ത്തുന്നു. മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ വിടപറഞ്ഞു എന്ന് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഈ നിമിഷത്തില്‍ വാക്കുകള്‍ ഇടറുന്നു. കുലപതിയുടെ വിടവാങ്ങല്‍ ഞങ്ങളെ ഇരുട്ടിലാഴ്ത്തുന്നു. വാക്കുകളുടെ അപ്രസക്തി അത്രമേല്‍ ബോധ്യപ്പെടുത്തുന്ന നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. അദ്ദേഹം വിട പറഞ്ഞു എന്ന് വിശ്വസിക്കാനാകാത്ത വേദന ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. നമസ്‌കരിയ്ക്കുന്നു. കണ്ണീര്‍ പ്രണാമം അര്‍പ്പിക്കുന്നു.
നീതിയുടെ ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍. മണ്ണിനും മനസ്സിനും പ്രകൃതിക്കും വേണ്ടി എന്നും അദ്ദേഹം പടവെട്ടി. അടിയന്തരാവസ്ഥയില്‍ അതദ്ദേഹത്തെ ജയിലില്‍ എത്തിച്ചു. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി തളരാത്ത സമരവീര്യത്തോടെ എന്നും നിലകൊണ്ടു.
എം.എല്‍.എ.യായും എം.പി.യായും സംസ്ഥാന മന്ത്രിയായും കേന്ദ്രമന്ത്രിയായും ഒക്കെ അധികാരത്തിന്റെ നാനാതുറകളില്‍ എത്തിപ്പെട്ടപ്പോഴൊക്കെ ഒരിക്കലും ഒരന്യായത്തോടും വിട്ടുവീഴ്ച ചെയ്യാത്ത ശക്തിയായി അദ്ദേഹം ഉറച്ചുനിന്നു. ഒരു മരം പോലും വെട്ടരുത് എന്ന് ഉത്തരവിട്ട് 48 മണിക്കൂറിനകം സംസ്ഥാന മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ചരിത്രം അദ്ദേഹത്തിനുമാത്രം സാധിക്കുന്ന പോരാട്ടവീര്യത്തിന്റെ ഉദാഹരണമാണ്.
രാജ്യത്തെ സ്വാതന്ത്ര്യാനന്തര സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ദിശാബോധം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വീരേന്ദ്രകുമാര്‍ അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ പാര്‍ട്ടിയെ അധികാരത്തിലേറ്റുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചു. നിയമസഭയിലും പാര്‍ലമെന്റിലും എന്നും പ്രകൃതിസംരക്ഷണത്തിന്റെയും നീതിയുടെയും ശബ്ദമായിരുന്നു അദ്ദേഹം. തത്ത്വചിന്താപരമായ നിരന്തര അന്വേഷണങ്ങളും യാത്രകളുമാണ് ഇതിനദ്ദേഹത്തെ പ്രാപ്തനാക്കിയത്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള സംസ്ഥാനത്തിന്റെയും രാജ്യത്തിന്റയും ദിശാബോധം നിര്‍ണയിച്ച നിരവധി പഠനഗ്രന്ഥങ്ങളാണ് ഇതുവഴി ഭാഷയ്ക്ക് ലഭ്യമായത്. ഇതില്‍ മൂര്‍ത്തീ ദേവീ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ ഹൈമവതഭൂവില്‍ രാജ്യത്തിന്റെ മുഴുവന്‍ ആദരം നേടിയെടുത്ത മഹദ്ഗ്രന്ഥമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആമസോണും കുറെ വ്യാകുലതകളും, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ബുദ്ധന്റെ ചിരി , രാമന്റെ ദുഃഖം, ഗാട്ടും കാണാച്ചരടുകളും ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം , ഡാന്യൂബ് സാക്ഷി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. വിവേകാനന്ദന്‍: സന്യാസിയും മനുഷ്യനും എന്ന ബൃഹദ്ഗ്രന്ഥമാണ് അവസാനത്തെ പുസ്തകമായി പുറത്ത് വന്നത്. പാലക്കാട്ടെ പ്ലാച്ചിമടയില്‍ പ്രകൃതിക്കും മനഷ്യനും വേണ്ടി നടന്ന അതിജീവനപ്പോരാട്ടത്തിന് നല്‍കിയ നേതൃപരമായ പങ്ക് അദ്ദേഹത്തെ ലോകത്തിന്റെ മുഴുവനും ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
1977ല്‍ കൃഷ്ണമോഹന്‍ സാരഥിയായിരിക്കുേമ്പാഴാണ് ആദ്യം എം.പി. വീരേന്ദ്രകുമാറും തുടര്‍ന്ന് ഞാനും മാതൃഭൂമിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കെത്തുന്നത്. ജ്യേഷ്ഠ സഹോദരനെപ്പോലെ നിന്ന അദ്ദേഹത്തോടൊപ്പമാണ് മാതൃഭൂമിയുടെ വളര്‍ച്ചയ്ക്കായുള്ള ഓരോ തീരുമാനങ്ങളും എടുത്തത്. എല്ലായിപ്പോഴും അത് ഒരഭിപ്രായ വ്യത്യാസവും നിഴലിക്കാത്ത കൂട്ടായ തീരുമാനമായിരുന്നു. അദ്ദേഹത്തിനൊപ്പം മാതൃഭൂമിയുടെ ഖ്യാതി ഉയര്‍ത്തിക്കൊണ്ട് നൂറോളം രാഷ്ട്രങ്ങളില്‍ സഞ്ചരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഈ യാത്രകളാണ് അദ്ദേഹത്തിലെ തത്വചിന്തകനായ യാത്രികനെ രൂപപ്പെടുത്തിയതും മഹത്തായ ഗ്രന്ഥങ്ങളുടെ രചനകള്‍ക്ക് വഴിയൊരുക്കിയതും.
ആത്യന്തികമായി എന്നും ഒരു വയനാട്ടുകാരനായിരുന്നു വീരേന്ദ്രകുമാര്‍. വയനാടിന്റെ ഹൃദയം എന്നും അദ്ദേഹത്തില്‍ മിടിച്ചു. അവിടത്തെ ആദിവാസികള്‍ക്കും കാടിനും പുഴകള്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തി. വേദനിച്ചു. ആധുനിക വയനാടിന്റെ ശില്പിയായി ഇതദ്ദേഹത്തെ മാറ്റി.
ഒരു യുഗം ഇവിടെ അസ്തമിക്കുന്നു. വര്‍ഗീയതക്കും സ്വേച്ഛാധിപത്യത്തിനും എതിരേയുള്ള നിതാന്തജാഗ്രതയായിരുന്നു എന്നും അദ്ദേഹം. ഞങ്ങള്‍ നിസ്സംശയം ഉറപ്പിച്ചു പറയുന്നു, ആ ജീവിതം ഇവിടെ അവശേഷിപ്പിക്കുന്ന അക്ഷരങ്ങള്‍ക്കും ആ ചിന്തകള്‍ കൊളുത്തിയ വെളിച്ചത്തിനും മരണമില്ല. അതെന്നും വഴികാട്ടിയായി നമുക്കൊപ്പമുണ്ടാകും. ഞങ്ങള്‍ വിട പറയുന്നില്ല. അനശ്വരമായ ആ ആത്മസാന്നിധ്യം ഞങ്ങള്‍ നെഞ്ചിലേറ്റുന്നു.