കോഴിക്കോട്: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വതി.
റിട്ട. അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് ജനനം. പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥയടക്കമുള്ള നോവലുകളുടെ രചയിതാവാണ് ടി.പി. ബിരുദപഠനത്തിനുശേഷം മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയില്‍ ജോലി ചെയ്തിട്ടുണ്ട്. കലിക്കറ്റ് സര്‍വകലാശാല പിആര്‍ഒ ആയിരുന്നു. കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. കെ.ടി.എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. ഇംഗ്ലീഷ് കവി എന്ന നിലയില്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരിലായിരുന്നു ഇംഗ്ലീഷിലുള്ള രചനകള്‍.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരയ്ക്കാര്‍ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. ഇതില്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്നിവ ചലച്ചിത്രമായിട്ടുണ്ട്.