തിരുവനന്തപുരം: ഫെമിനിസ്റ്റുകളെ ഉയര്‍ത്തിക്കെട്ടിയ മുടിയുടെയും മൂക്കുത്തിയുടെയും വട്ടപ്പൊട്ടിന്റെയും പേരില്‍ ഫെമിനിച്ചികള്‍ എന്ന പ്രയോഗം നടത്തി അപമാനിക്കരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മലയാളിയുടെ സുവിശേഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

ഞാന്‍ ഫെമിനിച്ചികള്‍ക്കൊപ്പമാണ്. ഫെമിനിച്ചി എന്ന പ്രയോഗം തന്നെ മലയാളിയുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും ഉടലെടുത്തതാണ്. ആ ചിന്താഗതി മാറണം. ഫെമിനിച്ചികള്‍ എന്നു വിളിക്കുന്നവരെ തിരിച്ച് എന്തു വിളിക്കണം എന്നറിയില്ല. സഭ്യമായ ഭാഷയില്‍ ഒന്നും അവരെക്കുറിച്ച് പറയാനാവില്ല എന്നതാണ് കാരണം-ജോയ് മാത്യു പറഞ്ഞു.

സമൂഹത്തില്‍ സാഹിത്യകാരന്മാര്‍ ആവശ്യമില്ല എന്നു ചിന്തിക്കുന്നയാളാണ് ഞാന്‍. ഇത്രയും കൊല്ലത്തെ സാഹിത്യം കൊണ്ട് നമ്മുടെ സമൂഹം മുന്നോട്ടാണോ പോയത് അതോ പിന്നോട്ടാണോ? ഒരു ഇരുപത്തിയഞ്ച് കൊല്ലം മുന്നേ ഉണ്ടായിരുന്നതിനേക്കാള്‍ ജാതിചിന്തകളും വര്‍ഗീയ ചിന്തകളും പ്രണയവിരോധികളും ചുംബനവിരോധികളും ലൈംഗിക വിരോധികളും ഒക്കെ കൂടിയിട്ടേയുള്ളൂ. ഇതൊക്കെ ഇല്ലായ്മ ചെയ്യാന്‍ നമ്മുടെ സാഹിത്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയും സാഹിത്യം എഴുതിയിട്ടും മനുഷ്യന്‍ നന്നായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സാഹിത്യമെന്ന് ജോയ് മാത്യു ചോദിച്ചു.

നമ്മുടെ നാടിന് വേണ്ടത് സാഹിത്യോത്സവങ്ങളല്ല, ശാസ്ത്രസമ്മേളനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപ്ലവനേതാക്കള്‍ പോലും ദൈവത്തെ കൂട്ടുപിടിച്ച് വോട്ടുചോദിക്കുന്ന ഈ കാലത്ത് മനുഷ്യര്‍ക്കു വേണ്ടത് ശാസ്ത്രബോധമാണ്. എന്റെ ജീവിതത്തില്‍ സാഹിത്യം നേട്ടങ്ങളൊന്നും സംഭാവന ചെയ്തിട്ടില്ല. മറിച്ച് നഷ്ടങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ. കേട്ടിട്ടു പോലും ഇല്ലാത്ത ആളുകളുടെ പേരില്‍ അവാര്‍ഡുകള്‍ ഉണ്ടാക്കി വിതരണം ചെയ്യലാണ് ഇന്നിപ്പോള്‍ നടക്കുന്നത്. ഇതൊക്കെ വാങ്ങാനായി കുനിഞ്ഞു നിന്ന് നിന്ന് സാഹിത്യകാരന്മാരുടെ നട്ടെല്ലുകളൊക്കെ വളഞ്ഞു പോയി എന്നും ജോയ് മാത്യു പറയുന്നു.

ഇന്നത്തെ തലമുറയ്ക്ക് പ്രതികരിക്കാന്‍ അവരുടേതായ ന്യൂജെന്‍ മാര്‍ഗങ്ങളുണ്ട്. അതിനവര്‍ തെരുവിലിറങ്ങുകയോ മുദ്രാവാക്യം വിളിക്കുകയോ വേണ്ട. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അത്തരത്തിലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്്. ആ യുവത്വത്തിലാണ് ഇനി എന്റെ പ്രതീക്ഷ-ജോയ് മാത്യു പറഞ്ഞു.