കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. ബർമ്മ(മ്യാൻമാർ)ക്കാരിയായ മാതാവിന്റെ മകൻ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി രചനകളിൽ നിറഞ്ഞു നിന്നു.

കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാൻമാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാൻമാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി.

കൊയിലാണ്ടി ഗവ: ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവീീസിൽനിന്ന് വിരമിച്ചത്

.
നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

മാതൃഭൂമി സാഹിത്യ പുരസ്കാരവും ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാർഡും തൃക്കോട്ടൂർ നോവലുകൾക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, പത്മപ്രഭാ പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്കാരങ്ങളും നേടി.

ഖാദർ പ്രാദേശിക ചരിത്രം കഥകളിൽ അവതരിപ്പിച്ച കഥാകാരൻ

മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂർ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകൾ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളിൽ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരൻ കൂടിയായ ഖാദർ, മനോഹരമായ ദൃശ്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് കഥകൾ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാൻമാറിൽ ജനിച്ച യു.എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃതിയെ ഉൾക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തിൽ വേറിട്ടു നിന്നു.

കേരളത്തിന്റെ സാഹിത്യമടക്കമുള്ള സാംസ്കാരിക മണ്ഡലങ്ങൾക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങൾക്കാകെയും കനത്ത നഷ്ടമാണ് നിർണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ. ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു