തിരുവനന്തപുരം: പ്രശസ്തമായ വയലാര്‍ അവാര്‍ഡ് സമ്മാനിക്കുന്ന വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.
ശ്രീനാരായണഗുരുവിന്റെ പ്രഥമ ഗൃഹസ്ഥ ശിഷ്യരിലൊരാളും ജീവചരിത്രകര്‍ത്താവുമായ കോട്ടുകോയിക്കല്‍ വേലായുധന്റെ മൂത്തമകനാണ് സി.വി.ത്രിവിക്രമന്‍. ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിത മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ മകളാണ്. സി.വി.ത്രിവിക്രമന്‍-ഡേ.ലളിത ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. ലക്ഷ്മി എം. കുമാരന്‍, പ്രശസ്ത നടി മാല പാര്‍വതി. എന്നിവര്‍. മരുമക്കള്‍: എം.കുമാരഥന്‍, സതീശന്‍ (സി.ഡിറ്റ്).
എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായിരുന്ന പരേതയായ എസ്.സരസ്വതി അമ്മ, ഡോ.സുജാത, എഴുത്തുകാരി എസ്. അംബികാദേവി, കോളമിസ്റ്റ് ഉഷ എസ്.നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സി.വി.ത്രിവിക്രമന്റെ മരണത്തെപ്പറ്റി മകള്‍ മാല പാര്‍വതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു: എന്റെ അച്ഛന്‍ പോയി. ഇന്നു കാലത്ത്. അവസാനം സംസാരിച്ചതും വയലാറിനെക്കുറിച്ചാണ്. പെരുമ്പടവത്തിനോടും ദത്തന്‍ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്നു പറഞ്ഞപ്പോള്‍ സൂക്ഷിച്ചുനോക്കി. കാനായി ശില്‍പം ചെയ്‌തോ? ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു.
ഈ മനോഹരതീരത്ത് തരുമോ.. എന്ന ഭാഗം കുറെ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ചുതടവുന്നതിനിടയില്‍ മയങ്ങി ഉറങ്ങി.