കൊച്ചി: ഒരുനേരത്തെ ഭക്ഷണത്തിന് മോഷ്ടിച്ച നിരാശ്രയനെ കൊല്ലുന്ന സമൂഹത്തെ സാംസ്‌കാരിക പ്രബുദ്ധമെന്ന് വിളിക്കാനാകുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കൊച്ചിയില്‍ കൃതി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേയാണ് ഇങ്ങനെ ചോദിച്ചത്. നമ്മോടൊപ്പമുള്ളവരെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള കരുതലാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും അത് തകര്‍ന്നാല്‍ നമ്മുടെ നാടിനെ ആരും പ്രബുദ്ധമായി കണക്കാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സംഘടിപ്പിക്കുന്നതാണ് അന്താരാഷ്ട്ര പുസ്തകമേള. മറൈന്‍ ഡ്രൈവിലാണിത്.
നാടിന്റെ യശസ്സിന് അപകീര്‍ത്തികരമായ അന്ധവിശ്വാസവും അനാചാരവും തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഗൗരവമായി കാണണം. തനിക്ക് രുചികരമല്ലാത്ത അഭിപ്രായം പറയുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കൊല്ലാന്‍ മടിയില്ലാതായിരിക്കുന്നു. എം.എഫ്. ഹുസൈന്‍, ആനന്ദ് പട്വര്‍ധന്‍, പന്‍സാരെ, ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, കലബുര്‍ഗി, കാഞ്ച ഐലയ്യ, എ.കെ. രാമാനുജന്‍ എന്നിവര്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു-മുഖ്യമന്ത്രി പറഞ്ഞു.

പ്രൊഫ. എം.കെ. സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തി. കേരളത്തെ ചക്രവാളത്തോളം വളര്‍ത്തുന്ന പുസ്തകോത്സവമാണിത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്ര ചിട്ടയോടെ, ദീര്‍ഘവീക്ഷണത്തോടെ നടത്തുന്ന ഒരു പുസ്തകോത്സവം ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പുസ്തകോത്സവമാണിതെന്ന് മന്ത്രി പറഞ്ഞു. മാനവ വികസന സൂചികയില്‍ മുന്നിലുള്ള കേരളത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ടരക്കോടിയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കും. ഒന്നരലക്ഷം ബാലസാഹിത്യ കൃതികളാണ് പുസ്തകമേളയില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ വര്‍ഷങ്ങളിലും പുസ്തകോത്സവം സംഘടിപ്പിക്കും. സമൂഹത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ‘മലയാള മനോരമ’ എഡിറ്റര്‍ ഫിലിപ്പ് മാത്യു പറഞ്ഞു. ഭാഷയില്‍ പുതിയ പദങ്ങളും ശൈലികളും സൃഷ്ടിക്കുന്നതിലും പത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായന മരിച്ചിട്ടില്ലെന്നും മരിക്കില്ലെന്നും ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. വായന യന്ത്രമനുഷ്യനെപ്പോലെ യാന്ത്രികമാവരുത്. ഇതിനെ ഒരു ചടങ്ങായി മാത്രം കാണുന്നില്ല. പുസ്തകോത്സവം ഒരു മഹാസംഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കുള്ള ബുക്ക് കൂപ്പണ്‍ വിതരണ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി നിര്‍വഹിച്ചു. എസ്.പി.സി.എസ്. പ്രസിദ്ധീകരിക്കുന്ന ഇ.എം.എസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ പ്രകാശനം എം.എ. ബേബി നിര്‍വഹിച്ചു. പുസ്തകമേളയുടെ ഗൈഡ് കെ.വി. തോമസ് എം.പി. പ്രകാശനം ചെയ്തു.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, എം.എല്‍.എ. മാരായ ഹൈബി ഈഡന്‍, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മേയര്‍ സൗമിനി ജെയിന്‍, ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍, എസ്.പി.സി.എസ്. പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.