തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ.വി.മധുസൂദനന്‍ നായര്‍ക്ക് ലഭിച്ചു. സമഗ്ര സാഹിത്യസംഭാവനയ്ക്കാണ് പുരസ്‌കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തുഗ്രാം സ്വര്‍ണ്ണപ്പതക്കവും, പ്രശസ്തിപത്രവും, ഓര്‍മ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് പുരസ്‌കാരം.
പൂന്താനത്തിന്റെ ജന്‍മദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളില്‍ (ഫെബ്രുവരി 24 വെള്ളിയാഴ്ച) വൈകിട്ട് 5ന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പുരസ്‌കാരം സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് മധുസൂദനന്‍ നായരെ തിരഞ്ഞെടുത്തത്. സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
ജ്ഞാനപ്പാനയുടെ പേരില്‍ 2004 മുതലാണ് ഗുരുവായുര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം നല്‍കി വരുന്നത്. ജി. അരവിന്ദനാണ് ആദ്യ പുരസ്‌കാര ജേതാവ്. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഡോ.എം.ലീലാവതി, പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി, സി.രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, ചൊവ്വല്ലുര്‍ കൃഷ്ണന്‍കുട്ടി കെ.ജയകുമാര്‍ എന്നിവര്‍ മുമ്പ് ജ്ഞാനപ്പാന പുരസ്‌കാരം നേടിയിട്ടുണ്ട്.