തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യമേളയുടെ വേദിയില്‍ രണ്ടു യുവതികള്‍ തമ്മിലുള്ള സൗഹൃദം എല്ലാവരും ശ്രദ്ധിച്ചു. ശശി തരൂരിന്റെ സഹോദരി ശോഭ തരൂരും എഴുത്തുകാരിയും തകഴി ശിവശങ്കരപ്പിള്ളയുടെ പൗത്രിയുമായ ജയശ്രീ മിശ്രയും തമ്മിലുളള സൗഹൃദമാണ് കൗതുകം പകര്‍ന്നത്.

ശശി തരൂരിനോടൊപ്പം എത്തിയതായിരുന്നു ശോഭ. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് തരൂര്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ മുന്‍നിരയില്‍ ശോഭയുണ്ടായിരുന്നു. എന്നാല്‍ താന്‍ വന്നത് സഹോദരന്റെ പ്രഭാഷണം കേള്‍ക്കാനല്ലെന്നും ജയശ്രീയെ കാണാനാണെന്നും തുറന്നുപറയാന്‍ ശോഭ മടിച്ചില്ല. അമേരിക്കയില്‍ താമസിക്കുന്ന ശോഭ എല്ലാവര്‍ഷവും നാട്ടില്‍ വരുമ്പോള്‍ ജയശ്രീയെ കാണാന്‍ മറക്കാറില്ല. ഇത്തവണത്തെ യാത്രയില്‍ മാതൃഭൂമി വേദിയായി സൗഹൃദ സംഗമത്തിന്. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും. ഡല്‍ഹിയില്‍ വച്ചാരംഭിച്ച കൂട്ടുകെട്ട്.

കോളേജ് പഠനകാലത്തും ഒരുമിച്ചായിരുന്നു ശോഭയും ജയശ്രീയും. അച്ഛനോ അമ്മയോ അടുത്തുണ്ടായിരുന്നില്ല രണ്ടാള്‍ക്കും. കൗമാരത്തിന്റെ അരക്ഷിതാവസ്ഥയിലും പരിഭ്രമങ്ങളിലുമെല്ലാം സൗഹൃദങ്ങായിരുന്നു പിന്‍ബലമെന്ന് ജയശ്രീ പറഞ്ഞു.