ബോളിവുഡിലെ കിംഗ് ഖാന്‍ സിനിമയിലെത്തിയിട്ട് 27 വര്‍ഷങ്ങളായിരിക്കുകയാണ്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ട് കരിയര്‍ ആരംഭിച്ച ഷാരുഖ് 1992 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ സൂപ്പര്‍താര പദവി തേടി എത്തുകയായിരുന്നു.
ദീവാന ഇറങ്ങി 27 വര്‍ഷമായതിന്റെ സന്തോഷത്തിലാണ് ലോകത്തുള്ള ഷാരുഖിന്റെ ആയിരക്കണക്കിന് ആരാധകര്‍.ഷാരുഖ് ഖാനെ നായകനാക്കി രാജ് കന്‍വാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദീവാന. ഇന്ത്യന്‍ റോമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ റിഷി കപൂര്‍, അമരീഷ് പൂരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിവ്യ ഭാരതിയായിരുന്നു നായിക. നായകനായി അരങ്ങേറ്റം നടത്തിയ ചിത്രം തന്നെ ഹിറ്റാക്കി കൊണ്ടാണ് ഷാരുഖ് ബോളിവുഡില്‍ തന്റെ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചത്.
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലയിരുത്തി 2005 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരുഖ് ഖാന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇതിനോടകം പതിനാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു.