ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു
ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍ കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു. 72 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി മുംബയില്‍ വച്ചാണ് മരണം സംഭവിച്ചത്. കാഞ്ചന് ചൗധരി ഭട്ടാചാര്യ ആറ് മാസത്തോളമായി മുംബയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹിമാചല്‍ പ്രദേശില്‍ ജനിച്ച കഞ്ചന്‍ ചൗധരി, കിരണ്‍ ബേദിക്കുശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നു. 1973 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഭട്ടാചാര്യ, 2004 ല്‍ ഉത്തരാഖണ്ഡിലെ ഡി.ജി.പിയായി ചുമതലയേറ്റതോടെ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. 2007 ഒക്ടോബര്‍ 31 ന് ഡി.ജിപി.യായി വിരമിച്ചു.ഔദ്യോഗിക ജീവിതത്തിന് ശേഷം 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയം രുചിക്കേണ്ടിവന്നു. 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സി.ഐ.എസ്.എഫ്) ഇന്‍സ്പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1997 വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പൊലീസ് ജീവിതത്തിലെ മികച്ച സേവനത്തിനുള്ള രാജീവ് ഗാന്ധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കാഞ്ചന് ചൗധരിയായിരുന്നു 2004 ല്‍ മെക്സിക്കോയില്‍ നടന്ന ഇന്റര്‍പോള്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.