ഇസ്സഡ്.കെ.ടെകോലാനാ ടെക്നോളജീസിന്റെ ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും,ടെലിവിഷന്‍ പരിപാടികള്‍ക്കും, ഏര്‍പ്പെടുത്തിയ ഇസ്സഡ്.കെ.ടെകോലാനാ ടെക്നോളജീസ്, ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ് ഷീജ അര്‍ഹയായി. മികച്ച സാമൂഹ്യക്ഷേമ പരിപാടിക്കുള്ള അവാര്‍ഡിന് ജീവന്‍ടിവി ന്യൂസ്എഡിറ്റര്‍ സുബിതസുകുമാര് അര്‍ഹയായി. ജീവന്റെ ഡോക്യുമെന്ററി പരമ്ബരയായ കാഴ്ചപ്പതിപ്പിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്. മികച്ച പ്രവാസി റിപ്പോര്‍ട്ടറായി ജീവന് ടിവി റിയാദ്ബ്യൂറോ ചീഫ് ഷംനാദ്കരുനാഗപ്പളളിയും തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് ഗോപീകൃഷ്ണനും (മാതൃഭൂമി) ഫോട്ടോഗ്രാഫി പുരസ്കാരത്തിന് സിദ്ദിക്കുല്‍ അക്ബറും (മാതൃഭൂമി) അര്‍ഹരായി. മികച്ച ടെലിവിഷന്‍ പ്രോഗ്രാം അവതാരകയായി ധന്യ വര്‍മയും (കപ്പ ടി.വി.) മികച്ച വിമര്‍ശനാത്മക ഹാസ്യ പരിപാടിയായി ‘ധിം തരികിട തോ’മും (മാതൃഭൂമി ന്യൂസ്) തിരഞ്ഞെടുക്കപ്പെട്ടു.ക്യാഷ് അവാര്‍ഡും,ഫലകവുമാണ് പുരസ്കാരം.ടെലിവിഷന്‍ രംഗത്തെ സമഗ്രസംഭാവനകള്‍ മാനിച്ച് ശശികുമാറിനും,അച്ചടിമാധ്യമരംഗത്തെ സംഭാവനകള്‍ക്ക് തോമസ്ജേക്കബ്ബിനും, അവാഡുകള്‍ നല്‍കും.
അച്ചടി,ദൃശ്യമാധ്യമരംഗത്തെ ഇരുപത്തഞ്ചോളം പേര് വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. പ്രവാസലോകത്തെ സമഗ്രസംഭാവനയ്ക്ക് ഡോ.ഷിബുമാത്യു, ഡോ. അബ്ദുള്‍മജീദ് എന്നിവര്‍ക്കും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷിഹാബ് കൊട്ടുകാടിനും, പ്രവാസി കര്മ്മപുരസ്ക്കാരം നല്കി ആദരിക്കും.
എറണാകുളം പ്രസ്സ്ക്ലബ്ബില്‍ ജൂറി ചെയര്മാന് ആര്.ശ്രീകണ്ഠന് നായര്‍,കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ടി.കെ. സുനില്‍കുമാര്‍,രഞ്ജിനി മേനോന്,ഡ്രീംസ് ആന്റ് ഡ്രീംസ് എം.ഡി,മുഷ്താഖ് എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.ആഗസ്റ്റ് ആദ്യവാരം തിരുവന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയന് അവാര്‍ഡ് സമ്മാനിക്കും.