കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന കെ.എം.റോയി അന്തരിച്ചു. 82 വയസ്സായിരുന്നു. കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. എട്ടുവര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
കേരളപ്രകാശം പത്രത്തിലൂടൊയിരുന്നു കെ.എം.റോയി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിലൂടെ പിന്നീട് മനോരാജ്യം വാരികയുടെ എഡിറ്ററായി. ഇക്കണോമിക്‌സ് ടൈംസ്, ദ് ഹിന്ദു ദിനപ്പത്രങ്ങളിലും ലേഖകനായിരുന്നു.
മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി 12 കൊല്ലം പ്രവര്‍ത്തിച്ചു. മൂന്നുപതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ എഴുതിയ ഇരുളും വെളിച്ചവും എന്ന പംക്തിയും ദിനപത്രത്തില്‍ എഴുതിയ തുറന്ന മനസ്സോടെ എന്ന പംക്തിയും ജനശ്രദ്ധ നേടി. മൂന്നു നോവലുകള്‍ ഉള്‍പ്പെടെ 12 കൃതികള്‍ രചിച്ചു.
ഭാര്യ: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥ പരേതയായ എലിസബത്ത്. മക്കള്‍: സ്വപ്‌ന, അഡ്വ. മനുറോയ്. മരുമക്കള്‍: ലെസ്ലി ജോണ്‍, ദീപ.