കെ.വി.മോഹന്‍കുമാറിന് വയലാര്‍ അവാര്‍ഡ്
നോവലിസ്റ്റും ഐ.എ.എസുകാരനുമായ കെ.വി.മോഹന്‍ കുമാര്‍ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് നേടി. പുന്നപ്ര വയലാര്‍ സമരത്തിലെ തീക്ഷ്ണമായ ചരിത്രത്തിലൂടെ യാത്ര നടത്തി എഴുതിയ ‘ ഉഷ്ണരാശി’ എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. പത്രപ്രവര്‍ത്തനത്തിലൂടെയായിരുന്നു കെ.വി.മോഹന്‍കുമാറിന്റെ തുടക്കം. മലയാള മനോരമയിലും കേരളകൗമുദിയിലും ഒരു പതിറ്റാണ്ട് പ്രവര്‍ത്തിച്ചശേഷമാണ് ഐഎഎസ് ലഭിക്കുന്നത്. ജാരവൃക്ഷത്തിന്റെ തണല്‍, ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്റെ മൂന്നാംകണ്ണ് തുടങ്ങിയവയാണ് മറ്റു കൃതികള്‍.
കേരളസമരചരിത്രത്തിലെ ഉള്ളറകള്‍ കണ്ടെത്താന്‍ അദ്ദേഹം ചെലവിട്ടത് രണ്ടുവര്‍ഷമാണ്. ആദ്യം കാല്‍വെള്ളയില്‍ സര് സിപിയുടെ പൊലീസിന്റെ ബയണറ്റ് മുനകളേല്പ്പിച്ച വടുക്കളുമായി ചരിത്രത്തിലേക്കു നടന്നുകയറിയ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, വെടിയുണ്ടകള്‍ അടയാളമിട്ട ഓര്‍മകളുമായി ജീവിക്കുന്ന അറവുകാട്ടെ പി.കെ. തങ്കപ്പന്, വയലാറില്‍ വാരിക്കുന്തവുമേന്തി പട്ടാളത്തെ നേരിട്ട മേസ്തിരി കരുണാകരന്, റൗഡിത്തലവന്‍ മത്തേപ്പറമ്പില് നാരായണനെതിരെ പടനയിച്ച അടിവായ്ക്കല് വാസു, കൊറിയര്‍ മറ്റത്തില്‍ ഗംഗാധരന്, വയലാറിന്റെ പട്ടാളത്തിന്റെ വരവുതടയാന്‍ മുഹമ്മ അയ്യപ്പന്റെ വലംകയ്യായി നിന്ന മാരാരിക്കുളം പാലം പൊളിക്കാന്‍ മുന്നിട്ടിറങ്ങിയ സി.കെ.കരുണാകരന് തുടങ്ങിയവരുടെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് വിവരം ശേഖരിച്ചാണ് മോഹന്‍കുമാര്‍ നോവല്‍ രചിച്ചത്.
Leave a Reply