തിരുവനന്തപുരം: കേരള സര്‍വകലാശാല ലൈബ്രറിക്ക് 75 വയസ്സായി. കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലാലൈബ്രറിയാണിത്. 20000ല്‍ താഴെ പുസ്തകങ്ങളുമായി തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ഭാഗമായി ആരംഭിച്ച ഈ ലൈബ്രറി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറിയാണ്. മൂന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍, ഇരുപതിനായിരത്തോളം വരുന്ന ഇ-ജേണലുകള്‍, രണ്ട് ലക്ഷത്തോളം അംഗങ്ങള്‍. സമാനതകളില്ലാത്തതാണ് ഈ ലൈബ്രറി.
1931ല്‍ രബീന്ദ്രനാഥ ടാഗോര്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ ഗ്രൗണ്ടിലാണ് ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത്. ആധുനിക രീതിയില്‍ എല്ലാ സൗകര്യവുമൊരുക്കിയിട്ടുള്ള ഇവിടെ പ്രതിദിനം മൂവായിരത്തിലധികം പേര്‍ എത്തുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ഭാഗമായി 1942ലാണ് ഗ്രന്ഥശാല തുറന്നത്. ആദ്യം ആര്‍ട്‌സ് കോളേജ് കെട്ടിടത്തിലായിരുന്നു. 1946ല്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ കിഴക്കു ഭാഗത്തേക്ക് (ഇപ്പോഴത്തെ സംസ്‌കൃത കോളേജ്) മാറ്റി. 1962 സെപ്റ്റംബറിലാണ് 10 ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച കെട്ടിടത്തില്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയത്. ഇന്ത്യന്‍ ലൈബ്രറി ശാസ്ത്രത്തിന്റെ തലവന്‍ പ്രൊഫ. എസ്.ആര്‍.രംഗനാഥന്റെ ശിഷ്യനായിരുന്ന പ്രൊഫ.കെ.എ.ഐസക്കായിരുന്നു ആദ്യ ലൈബ്രേറിയന്‍.

 

1.12 ലക്ഷം ചതുരശ്രയടി സ്ഥലമുണ്ട് ഇപ്പോള്‍ ഈ ലൈബ്രറിക്ക്. പ്രശസ്തമായ 250ലധികം പീരിയോഡിക്കലുകള്‍ ലൈബ്രറിയിലുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ഇന്‍ഫി ലിബ് നെറ്റുവഴി 15600 ഇജേണലുകളും ലൈബ്രറി ലഭ്യമാക്കുന്നുണ്ട്. സയന്‍സ് ഡയറക്ട്, ജെ ഗേറ്റ് പ്ലസ്, പ്രൊക്വസ്റ്റ് തുടങ്ങി പണം കൊടുത്തു വാങ്ങുന്ന ജേണലുകള്‍ ഉള്‍പ്പെടെ 20600 ജേണലുകള്‍. ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും ഡെപ്പോസിറ്ററി ലൈബ്രറി കൂടിയാണ്.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള 254 കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും അംഗങ്ങളാകാവുന്ന ഇവിടെ 1.9 ലക്ഷമാണ് അംഗങ്ങളുടെ എണ്ണം. ഇതില്‍ 50000ലധികം പേരും ആക്ടീവ് അംഗങ്ങളാണെന്ന് ലൈബ്രേറിയന്‍ എ. ഹംസ പറഞ്ഞു. 12000 ഗ്രാജ്വേറ്റ് അംഗങ്ങളുമുണ്ട്. സ്ഥാപനങ്ങള്‍ക്കും പ്രഗത്ഭ വ്യക്തികള്‍ക്കും അംഗത്വം നല്‍കുന്നുമുണ്ട്.

75 വര്‍ഷം പിന്നിടുന്ന ഈ ലൈബ്രറിയില്‍ ഇന്ന് ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമായി സര്‍വകലാശാല ബജറ്റില്‍ നീക്കിവയ്ക്കുന്ന ഫണ്ടുകൂടാതെ പ്രത്യേക ധനസഹായവും ലഭിക്കുന്നുണ്ട്. 2007ല്‍ 3.5 കോടി രൂപയും 2011ല്‍ 9 കോടി രൂപയും ലൈബ്രറി നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ചാണ് സര്‍വകലാശാല ലൈബ്രറിയുടെ ആധുനികവത്കരണവും നവീകരണവും നടന്നുകൊണ്ടിരിക്കുന്നത്. റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കായി പ്രത്യേകം ക്യുബിക്കിളുകളുണ്ടാക്കുകയും അവര്‍ക്കുവേണ്ട പഠന മെറ്റീരിയലുകള്‍ ശേഖരിക്കുകയും ചെയ്തു. അപൂര്‍വ രേഖകളുടെ ഡിജിറ്റൈസേഷനും ആരംഭിച്ചു. 18000 ചതുരശ്രയടിയിലുള്ള പുതിയ നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. ഇതില്‍ 400 ക്യുബിക്കിളുകളും ഓപ്പണ്‍ ഡിഫന്‍സ് ഹാളുമൊക്കെ ഉണ്ടാകും.

ഏറ്റവും കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങളുള്ളൊരു ലൈബ്രറിയാണിത്. 6500ലധികം വരുന്ന പ്രബന്ധങ്ങളില്‍ 3100 എണ്ണം ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. ഇവ യു.ജി.സി സൈറ്റിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നു. അപൂര്‍വ രേഖകളുടെ 7.15 ലക്ഷം പേജുകളാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞത്. രണ്ടാംഘട്ടത്തില്‍ 11 ലക്ഷം പേജുകള്‍ ഡിജിറ്റലാക്കുന്നതും പൂര്‍ത്തിയായി. ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളിലും ആര്‍.എഫ്.ഐ.ഡി. ടാഗ് പതിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു പുസ്തകം എവിടെയാണെന്നു കണ്ടുപിടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തിലാകുമെന്നും ഹംസ പറഞ്ഞു. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ഒരു പ്രത്യേക ലാബും ലൈബ്രറിയില്‍ ഒരുങ്ങുന്നുണ്ട്. പുസ്തകം വായിച്ച് കേള്‍പ്പിക്കുന്ന രീതിയിലുള്ള സംവിധാനമാകും ഇവിടെയുണ്ടാവുക. ഇതുകൂടാതെ ലൈബ്രറിക്ക് മുന്നില്‍ പുല്‍ത്തകിടി, ഇരുന്ന് വായിക്കുന്നതിനുള്ള സ്ഥലം, അകത്തളം എന്ന പേരില്‍ ഒരു വായനായിടം എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.