തിരുവനന്തപുരം: മലയാളത്തിന്റെ പ്രകൃതി വാഗീശ്വരിക്ക് മലയാളത്തിന്റെ വിട, സുഗതകുമാരി ഇനി ദീപ്തമായ ഓര്‍മ. കോവിഡ് ബാധിച്ച് മരിച്ച കവയിത്രി സുഗതകുമാരിയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു അന്ത്യ ചടങ്ങുകള്‍ നടന്നത്.
മെഡിക്കല്‍ കോളേജില്‍നിന്ന് നേരിട്ട് ശാന്തികവാടത്തിലേക്കാണ് മൃതദേഹം എത്തിച്ചത്. അടുത്ത ബന്ധുക്കളായ ഏതാനും പേര്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ സാധിച്ചത്. ശാന്തികവാടത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ: നവജ്യോത് ഖോസ എന്നിവരും പി.പി.ഇ കിറ്റ് ധരിച്ച് എത്തിയിരുന്നു. പി.പി.ഇ. കിറ്റ് അണിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥര്‍ ആചാരവെടി മുഴക്കിയത്.
നേരത്തെ വിജെടി ഹാളില്‍ സുഗതകുമാരിയുടെ ചിത്രത്തിനുമുന്നില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നിരവധി പേര്‍ അന്ത്യാഞ്ജലികള്‍ അര്‍പിച്ചു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു സുഗതകുമാരിയുടെ അന്ത്യം. എണ്‍പത്തിയാറ് വയസ്സായിരുന്നു.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും പടപ്പാട്ട് കവിയുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി.കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല.
പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
1960ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’യാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന് കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്. സഹോദരിമാരായ ഡോ. ഹൃദയകുമാരി, ഡോ. സുജാതാദേവി എന്നിവര്‍ സാഹിത്യസാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ കവയിത്രി്‌ക്കൊപ്പം തന്നെ വളര്‍ന്നവരായിരുന്നു. ഇരുവരുടെയും മരണം സുഗതകുമാരിയെ തളര്‍ത്തി.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജവഹര്‍ ബാലഭവന്റെ അധ്യക്ഷയായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ പത്രാധിപയായിരുന്നു മരിക്കുന്നതുവരെ.