കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
പ്രശസ്ത മലയാള കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് വൈകീട്ട് തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം, ആശാന് പുരസ്കാരം, പി കുഞ്ഞിരാമന് നായര്‍ അവാര്‍ഡ്, പ്രേംജി അവാര്‍ഡ്, ഇ കെ ദിവാകരന് പോറ്റി അവാര്‍ഡ്, മാഹാകവി പന്തളം കേരള വര്‍മ കവിതാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1996ല്‍ ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദി അവാര്‍ഡ് ലഭിച്ചത്. തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27ന് കൃഷ്ണന് നമ്ബൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ ജനിച്ചത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട് സാമൂതിരി കോളജ് എന്നിവിടങ്ങളില്‍നിന്നാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ പിന്നീട് അധ്യാപകനായി. വിവിധ കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം തൃശ്ശൂരില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
തമിഴില്നിന്നടക്കം നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുന്ദരരാമസ്വാമിയുടേത് മുതല്‍ തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സല്‍മയുടെ കൃതികള്‍വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. കമ്ബ രാമായണത്തിന്റെ വിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആറ്റൂര്‍ വിടവാങ്ങിയത്. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായിയിരുന്നു. സംസ്കാരച്ചടങ്ങുകള്‍ തിങ്കളാഴ്ച മാത്രമായിരിക്കുമുണ്ടാവുകയെന്നാണ് വിവരം.