മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം നടന്‍ ഷമ്മി തിലകന്. മുഖ്യമന്ത്രിയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതിനാണ് ഷമ്മിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്നെത്തേടി വീണ്ടും അംഗീകാരമെത്തുന്നത് എന്നും ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു. ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച അംഗീകാരം ഓര്‍മ്മയില്‍ തന്റെ പിതാവിന്റെ കാല്‍പ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും ഇതിന് തന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഷമ്മി പറഞ്ഞു.