പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ജാതിമതഭേദ മില്ലാതെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ബലിപെരുന്നാളിന്റെ പ്രാര്‍ത്ഥനമുഹൂര്‍ത്തതില്‍ ത്യാഗത്തിന്റെ സന്ദേശവുമായി ഒരു യുവാവ് സമൂഹമാധ്യമങ്ങളില്‍ താരമായിക്കൊണ്ടിരിക്കയാണ്. വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെ നൗഷാദ് കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതുവസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ കയറ്റി.
തന്റെ കടയിലെ പുത്തന്‍ വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദിന്റെ നിറഞ്ഞ നന്മയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘നമ്മള്‍ പോകുമ്‌ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റില്ലല്ലോ. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. തിങ്കളാഴ്ച്ച പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ..’ വസ്ത്രം നല്‍കിക്കൊണ്ട് നൗഷാദ് പറഞ്ഞു.