പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടലല്ല, മറിച്ച് ഭൂഗര്‍ഭ പൈപ്പിംഗ് പ്രതിഭാസമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അഞ്ചു ലക്ഷം ടണ്‍ മണ്ണും അഞ്ചു ഘനമീറ്റര്‍ ജലവുമാണ് പുത്തുമലയില്‍ നിന്ന് പതിച്ചത്. പച്ചക്കാട് നിന്ന് ഒന്നര മീറ്റര്‍ കനത്തില്‍ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇവിടെ ലഭിച്ച അതിതീവ്രമഴ ഇതിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുമ്ബ് നിബിഡവനമായിരുന്ന ഇവിടെ മരങ്ങള്‍ ഏറെ മുറിച്ചു മാറ്റിയിട്ടുണ്ട്. മരക്കുറ്റികള്‍ ദ്രവിച്ചുണ്ടായ ദ്വാരത്തിലൂടെ വെള്ളം ഒലിച്ചിറങ്ങും. ഒരു ഭാഗത്ത് ഇറങ്ങുന്ന ജലം പൈപ്പിംഗിലൂടെ മറ്റൊരു സ്ഥലത്ത് ഉയര്‍ന്നു വരും. ഇതാണ് പൈപ്പിംഗ് പ്രതിഭാസം. വെള്ളം വല്ലാതെ പ്രവഹിക്കുമ്പോള്‍ പാറക്കെട്ടുകളുമായുളള മണ്ണിന്റെ പിടുത്തം വിടും. ഇതാണ് മണ്ണിടിയാന്‍ ഇടയാക്കുന്നത്.
തേയില തോട്ടങ്ങള്‍ക്കും മറ്റുമായാണ് വനഭൂമിയില്‍ വന്‍തോതില്‍ മരംമുറി നടന്നത്. എണ്‍പതുകളിലായിരുന്നു ഇത്. പുത്തുമലയില്‍ സംഭവിച്ചത് മണ്ണ് നിരങ്ങലിന്റെ വലിയ രൂപമാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് പറഞ്ഞു. ഏതാണ്ട് ഇരുപത് ഹെക്ടര്‍ സ്ഥലമാണ് ഇവിടെ ഇല്ലാതായത്. ചെറുതും വലുതുമായി ഒന്‍പത് സ്ഥലങ്ങളില്‍ പൈപ്പിംഗ് വഴിയുള്ള മണ്ണ് നിരങ്ങല്‍ നടന്നിട്ടുണ്ട്. ഈ പ്രദേശത്ത് എട്ടിന് 33 സെന്റിമീറ്റര്‍ മുതല്‍ 55 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചു. ഈ മഴ പുത്തുമലയിലും മുണ്ടക്കൈയിലും മണ്ണൊലിച്ചു പോകാനിടയാക്കി. ഈ മലയുടെ പിറകുശത്തായുള്ള മലപ്പുറത്തെ കവളപ്പാറയിലുമുണ്ടായി വന്‍ദുരന്തം.