കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തില്‍ ഓര്‍മകള്‍ പുതുക്കി രാഷ്ട്രവും ഗാന്ധി കുടുംബവും. യമുന നദിക്കരയിലെ സമാധി സ്ഥലമായ വീര്‍ ഭൂമിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രാര്‍ഥനയില്‍ പങ്കെടുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
1984ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ ആറാമത് പ്രധാനമന്ത്രിയായത്. രാജീവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1984 മുതല്‍ 89 ഭരണം നടത്തി. 1991 മെയ് 21ന് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വെച്ച് തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടു.