ജീവിതത്തിന്റെ സത്യാത്മകവും ആത്മാര്‍ത്ഥവുമായ ആവിഷ്‌ക്കരണങ്ങളാണ് നാടന്‍ പാട്ടുകള്‍. ഭാവനയ്ക്കും കല്പനകള്‍ക്കും അതില്‍ സ്ഥാനം കുറയും. മറിച്ച് ചൂടേറിയ ജീവിതത്തിന്റെ കാല്പാടുകളാണ് കാണുന്നത്. നാടന്‍ പാട്ടുകള്‍ മിക്കതും അജ്ഞാതകര്‍ത്തൃകങ്ങളും വാഗ്‌രൂപമാത്രപാരമ്പര്യം ഉളളതുമാണ്.

നാടന്‍ ഗാനങ്ങള്‍
    ആദ്യകാല ജനകീയ കവിതകളാണ് നാടന്‍ ഗാനങ്ങള്‍. ഗാനങ്ങളില്‍ കഥാംശം വേണമെന്നില്ല. കഥാഗാനങ്ങളെക്കാള്‍ പഴക്കമുളളതാണിത്. നമ്മുടെ നാടോടിപ്പാട്ടിലെ ഗാനശാഖ ഉളളടക്കത്തെ സംബന്ധിച്ചിടത്തോളം വൈവിധ്യം തുളുമ്പുന്ന ഒന്നാണ്. അനുഷ്ഠാനപരമായ പാട്ടുകളും താരാട്ടുപാട്ടുകളും കല്യാണപ്പാട്ടുകളും തുയിലുണര്‍ത്തു പാട്ടുകളും ഓണപ്പാട്ടുകളും എല്ലാം ഇതില്‍പ്പെടും.

താരാട്ടുപാട്ടുകള്‍
    തൊട്ടിലില്‍ കിടക്കുമ്പോള്‍ അമ്മയുടെ സ്‌നേഹാര്‍ദ്രമായ ശബ്ദത്തിലൂടെ നാം പരിചയിച്ചു വരുന്നതാണ് താരാട്ടു പാട്ടുകള്‍. മുലപ്പാലിലൂടെ മധുരമൂറുന്ന മലയാള ഭാഷ ആദ്യമായി പകര്‍ന്നു കിട്ടുന്നത് താരാട്ടു പാട്ടുകളിലൂടെയാണ്. ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ.. എന്ന ഗാനം രാജകുമാരന്മാരെ ഉറക്കാന്‍ എഴുതിയുണ്ടാക്കിയതാണെങ്കില്‍, പ്രാചീനകാല താരാട്ടുപാട്ടുകള്‍ പരമ്പരാഗതമായി പാടി വന്നതാണ്. ഒരമ്മയുടെ സ്‌നേഹശീതളമായ ഹൃദയം അവയില്‍ പ്രതിഫലിക്കുന്നു.
ഉദാഹരണം:
'എന്മകനൊറൊങ്ങൊറൊങ്ങൂ
കന്മണിയൊറൊങ്ങൊറൊങ്ങൂ
നേരമൊട്ടു പാതിരായീ
ഭൂതസഞ്ചാരവുമായി
പക്ഷികളൊറക്കമായി
പൊന്മകനൊറൊങ്ങൊറൊങ്ങൂ'
താരാട്ടു പാട്ടുകളെ ഉറക്കുപാട്ടുകളെന്നും പറയുന്നു.

കല്യാണപ്പാട്ടുകള്‍
    വിവാഹ വേളകളില്‍ പാടുന്ന പാട്ടാണ്. സമുദായം, സമ്പ്രദായം എന്നിവയെ അടിസ്ഥാനമാക്കി രൂപവ്യത്യാസം വന്നിട്ടുണ്ട്. കല്യാണങ്ങള്‍ക്ക് നടക്കുന്നപലതരം കളികള്‍ക്ക് പാടുന്ന പാട്ടുകളാണിവ. പലതിന്റേയും വിഷയം രാമായണാദി ഗ്രന്ഥങ്ങളിലേതാണ്.
ഇതിന്റെ വകഭേദമാണ് വാതില്‍തുറപ്പാട്ടുകള്‍. ചിലേടങ്ങളില്‍ അമ്മാവിപ്പാട്ട് എന്നും പറയുന്നു. ക്രിസ്തീയ വിവാഹങ്ങള്‍ക്ക് അടച്ചുതുറപ്പാട്ടുകള്‍ എന്ന വ്യത്യാസമുണ്ട്.
ഉദാ: 'മങ്കതങ്കും മണവറയില്‍ മണവാളന്‍ കതകടച്ചു
എങ്കും പുകള്‍ പെറ്റവനെ എന്നുടയ മണവാളാ
എന്‍ മകനേ മണവാളാ മണവറതന്‍ വാതല്‍ തുറ'

തുയിലുണര്‍ത്തു പാട്ട്
    ആവണിപ്പിറപ്പ് അറിയിച്ചു കൊണ്ട് പാണനും പാണത്തിയും കൂടി പാടുന്ന യുഗ്മഗാനമാണ് ഇത്. ആടിമാസത്തെ അവസാന നാള്‍ കളളകര്‍ക്കിടകത്തിന്റെ കെടുതികളില്‍ നിന്ന് മനോഹരമായ ഒരു പുതു പ്രഭാതത്തിന്റെ വാഗ്ദാനവുമായി പാണനും പാണത്തിയും വീട്ടുനടയില്‍ എത്തുന്നു. മൂധേവിയെ ആട്ടിക്കളഞ്ഞ് ശ്രീദേവിയെ കുടിയിരുത്താനാണ് ഇവര്‍ വരുന്നത്. മഹാകവി ഉള്ളൂര്‍ ഇതിനെ പാണര്‍ പാട്ടെന്നു പറയുന്നു.

ഓണപ്പാട്ടുകള്‍
    കേരളത്തിലെ ഏക ദേശീയോത്സവമായ ഓണത്തെപ്പറ്റിയുളള പാട്ടുകള്‍. മാവേലിപ്പാട്ടുകളും ഇതില്‍പ്പെട്ടും. 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്ന പാട്ടാണ് പ്രസിദ്ധം.
മറ്റൊരു പാട്ടില്‍ നിന്ന്ഃ

അമ്മാവന്‍ വന്നീല പത്തായം തുറന്നീല
എന്തെന്റെ മാവേലി ഓണം വന്നേ
അമ്മായി വന്നില്ല നെല്ലൊട്ടും വച്ചില്ല
എന്തെന്റെ മാവേലി ഓണം വന്നേ…

ഓണപ്പാട്ടുകളില്‍ പൂവിളിപ്പാട്ടുകളുമുണ്ട്.
തെക്കേ മലബാറിലെ ഒരു പൂവിളിപ്പാട്ടില്‍ നിന്ന്ഃ

'മഞ്ഞപ്പൂവേ പൂത്തിരുളേ
നാളെയ്‌ക്കൊരു കൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കണ്ട
കാക്കപ്പൂവൊട്ടു ചോദിക്കൂ…'
ഓണക്കാലത്തെ ഒരു പൊലിപ്പാട്ടില്‍ നിന്ന്ഃ
കളിക്കുമല്ലോ ഇപ്പോകളിക്കുമല്ലോയിപ്പോള്‍
കളിയഞ്ചെടുത്തിപ്പോള്‍ കളിക്കുമല്ലോ.
പൊലിക്കുമല്ലോ ഇപ്പോള്‍ പൊലിക്കുമല്ലോ
തമ്പ്രാക്കന്മാരും പൊലിക്കുമല്ലോ….

തുമ്പിപ്പാട്ട്
    തുമ്പിതുളളലിന്റെ ഭാഗമാണീ പാട്ട്. ഋതുവാകാത്ത ഒരു ബാലിക ഓണത്തുമ്പ പറിച്ച് മുഖത്തോടടുപ്പിച്ച് ചമ്രം പടിഞ്ഞിരിക്കുന്നു. ചുറ്റും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് ആര്‍പ്പുവിളിക്കുകയും താളം പിടിക്കുകയും പാടുകയും ചെയ്യുന്നു.
ഉദാ:

'ഒന്നാനാം കൊച്ചുതുമ്പി എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നെന്നാല്‍ എന്തെല്ലാം തരുമെനിക്ക്…'

പെണ്ണുതരുമോ പാട്ട്
    രണ്ടുവരിയായി എതിരെതിരെ നിന്ന്  ചോദ്യോത്തര രൂപത്തില്‍ പാട്ടു പാടി ചുവടുവയ്ക്കുന്നു. ഒടുവിലുണ്ടാകുന്ന കശപിശയില്‍ നടുക്കു നിറുത്തിയിരുന്ന പെണ്ണിനെ ബലമുളള കക്ഷികള്‍ കൊണ്ടുപോകും.
ഉദാഹരണംഃ
'ഒന്നാം കുടുക്കേല്‍ പൊന്നു തന്നാല്‍
പെണ്ണിനെത്തരുമോ പാണ്ഡവരെ
ഒന്നാം കുടുക്കേല്‍ പൊന്നും വേണ്ട
പെണ്ണിനെത്തരുവേല നൂറ്റവരെ…'

തിരുവാതിരപ്പാട്ട്
    ഏഴുദിവസം അതിരാവിലെ കുളിയും ജലക്രീഡയും കഴിഞ്ഞ് കേരളീയ കന്യകമാര്‍ ആടിയും പാടിയും ആഹ്‌ളാദിക്കുന്ന അനംഗോത്സവം. കൈക്കൊട്ടിക്കളിയാണ് പാട്ടിനൊപ്പം.

പൂരം
    വടക്കേ മലബാറില്‍ മീനമാസത്തിലെ പൂരം നാളിലെ ആഘോഷമാണ്. അനംഗോത്സവത്തിന്റെ ഒരു വകഭേദം. 10 നാള്‍ വരെ നീളുന്ന ഈ ഉത്സവത്തില്‍ സ്ത്രീകള്‍ പ്രായഭേദമില്ലാതെ പങ്കെടുക്കുന്നു.
ഒരു പാട്ടില്‍ നിന്ന്ഃ
'ഇനിയത്തെക്കൊല്ലം
നേരത്തേ കാലത്തെ വരണേ കാമാ
നേരേ വടക്കോട്ടു പോക കാമാ
തെക്കന്‍ ദിക്കില്‍ പോകല്ലെ കാമാ
ഈന്തോലപ്പന്തലിലാക്കും കാമാ
ഈന്തടചുട്ടു ചതിക്കും കാമാ'

സര്‍പ്പപ്പാട്ട്
    ഭയത്തില്‍ നിന്നാണ് നാഗാരാധന രൂപം പൂണ്ടത്. അങ്ങനെയാണ് ഇന്നു കാണുന്ന നാഗപൂജയും അനുഷ്ഠാനങ്ങളുമുണ്ടായത്. പാമ്പിനെ പ്രീതിപ്പെടുത്താന്‍ അതിനെ കുടിയിരുത്തി പൂജിച്ച് നീറും പാലും കൊടുത്ത് പരദൈവമാക്കി വാഴ്ത്തി. അങ്ങനെയാണ് സര്‍പ്പക്കാവുകളുണ്ടായത്. കാവുകളിലെ വാര്‍ഷിക ഉത്സവങ്ങള്‍ക്ക് സര്‍പ്പപ്പാട്ട് പാടും. പുള്ളുവരാണ് ഇതു പാടുന്നത് എന്നതിനാല്‍ പുള്ളുവന്‍പാട്ട് എന്നും പേരുണ്ട്.

കുത്തിയോട്ടപ്പാട്ട്
    ഭദ്രകാളി ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന ചടങ്ങാണ് കുത്തിയോട്ടം. കൊച്ചുകുഞ്ഞുങ്ങളെ വ്രതമിരുത്തി നേര്‍ച്ചയ്ക്ക് കൊണ്ടുവരുന്നു. ചെണ്ടമേളത്തോടും പാട്ടുകളോടും കൂടിയാണ് യാത്ര. മിക്ക പാട്ടുകളും ഭദ്രകാളി സ്തുതികളാണ്.
ഉദാ:

'ശാര്‍ക്കരയമ്മ ഭഗവതിക്ക് നല്ല
തക്കവടിവൊത്ത നേര്‍ച്ചകളും
ഏഴുനൊയമ്പുടന്‍ നോറ്റും കൊണ്ടു ഞങ്ങള്‍
കച്ചയും കെട്ടി കളിക്കിറങ്ങി
ചെമ്പട താളം പിടിച്ചിടേണം- ചില
പാശവരികളിളക്കിടേണം'.

നാവേറ്റുപാട്ട്
    ദൃഷ്ടിദോഷം മുതലായവയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പാടുന്നതാണ് നാവേറ്റുപാട്ട്. പുളളുവത്തി വന്ന് അതു പാടിക്കഴിഞ്ഞാല്‍ കുഞ്ഞ് സുരക്ഷിതമായി എന്നാണ് വിശ്വാസം.
പാട്ടിലെ ഒരു ഭാഗംഃ

'നൂറു പുത്തരിയുണ്ടിരിപ്പതുണ്ണീ
നൂറിലേറെ വയസേ്‌സറെ ചെല്ലണം
ആയുസ്‌സുണ്ടായി അഴകോടിരിപ്പാനും…'

വേലന്‍ പാട്ട്
    വേലന്മാര്‍ പാടുന്ന പാട്ട്. പിണ  (ദോഷം)തീര്‍ക്കലാണ് ഇവരുടെ കുലവൃത്തി. ഇവര്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പിണിയാളുടെ ദോഷങ്ങള്‍ അകന്നു പോകുമത്രെ.

ചാറ്റുപാട്ടുകള്‍
    മലങ്കാണികള്‍ (ആദിവാസികള്‍)പാടുന്ന പാട്ട്.ദൈവത്തിന് വന്നു ചേരുന്ന ദൃഷ്ടി ദോഷങ്ങള്‍ പരിഹരിക്കാനാണ് ഇവര്‍ പാടുന്നത്. ദേവന്മാര്‍ക്കു വേണ്ടി അഗസ്ത്യന്‍ രചിച്ചതാണ് ഈ പാട്ടെന്നാണ് ഐതിഹ്യം. ചാറ്റ്പാട്ട് രണ്ടു തരം.
1. പടിപ്പുമാരണച്ചാറ്റ്
2. കാലവായ് ചാറ്റ്.
 മുക്തികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്ക് അതു നേടികൊടുക്കുന്നതാണ് ആദ്യത്തേത്. കാലനുമായുളള മത്സരക്കളിയാണ് കാലവായ്ചാറ്റ്. ആസന്നമരണനായ രോഗിയെപ്പോലും കാലന്റെ കൈയില്‍ നിന്ന് തട്ടിപ്പറിക്കാന്‍ അതിനു കഴിയും.

ബ്രാഹ്മണിപ്പാട്ട്
    താലികെട്ട് കല്യാണത്തോടനുബന്ധിച്ചുളള ഒരു ചടങ്ങ്. പലപ്പോഴും ദേവിസ്തുതിപരമായ പാട്ടുകളാകും ആലപിക്കുക. ബ്രാഹ്മണികളാണ് ഇതു പാടുന്നത്. ഭദ്രകാളിയെപ്പറ്റിയുളള കവിതകള്‍ മന്ത്രോച്ചാരണത്തിന്റെ ഈണത്തില്‍ പാടുകയാണ് പതിവ്.
ഉദാ:

'അഴകുടയ പാറമേക്കാവില്‍
അമര്‍ന്നുറയപ്പെട്ടിരിക്കുന്ന ശ്രീ ഭദ്രകാളീ
നിന്തരുവടിയെ ഞാന്‍ സ്തുതിക്കുന്നേന്‍'

സംഘക്കളിപ്പാട്ട്
    യാത്രകളി, സത്രക്കളി, ചാത്തിരക്കളി, പാവകളി എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന വൈദികാചാരമാണ് സംഘക്കളി. ബ്രാഹ്മണരുടെ ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പന്ത്രണ്ടാം മാസം എന്നിങ്ങനെയുളള ചടങ്ങുകളോടനുബന്ധിച്ചാണ് ഈ കളിനടക്കുക. ഈശ്വര പ്രീതിക്കായിട്ടാണിത്.

പണിയെടുക്കുന്നവരുടെ പാട്ടുകള്‍
    ഓരോ തൊഴിലുമായി ബന്ധപ്പെട്ടു നിരവധി നാടന്‍ പാട്ടുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്രയേറെ സമ്പന്നമായ ഗാനശാഖ വേറെയില്ല. സാധാരണ ജനങ്ങളുടെ നാവുകളില്‍ നിത്യം തത്തിക്കളിച്ചിരുന്ന പാട്ടുകളാണവ. ഏറെയും കൃഷിപ്പാട്ടുകളാണ്. സമൂഹ ഗാനങ്ങള്‍ കൂടിയാണിത്. ആവേശത്തിനു വേണ്ടി പാടുകയും പാട്ടിന്റെ ആവേശത്തില്‍ മതി മറക്കുകയും അതിനിടെ ചെയ്യേണ്ട പണി അറിയാതെ ചെയ്തു തീര്‍ക്കുകയും ചെയ്യുന്നു.

കൃഷിപ്പാട്ടുകള്‍
    ശരിയായ വിത്തു തിരഞ്ഞെടുക്കേണ്ട വിധത്തേയും ഞാറു നടേണ്ട രീതിയെയും പറ്റിയെല്ലാം ഗാനങ്ങളുണ്ട്. വയലൊരുക്കുന്നതിനെയും മരമടിക്കുന്നതിനെയും നല്ല കാളയെ സമ്പാദിക്കേണ്ടതിനെയും പറ്റി പാട്ടുകള്‍ ധാരാളം. ഞാറുനടുമ്പോള്‍ പാടാന്‍ പ്രത്യേകം പാട്ട്. ഞാറ്റു വേലയ്ക്കിറങ്ങുന്ന ചെറുമികളാണ് മിക്കവാറും ഈ പാട്ടുകള്‍ പാടുന്നത്. പറയുന്നതിന് വലിയ അര്‍ത്ഥമില്ലെങ്കിലും നല്ല താളമുണ്ട്.
ഉദാ.
    'തിത്തേയി തെയ്‌തോയി പൂന്തോയിക്കണ്ടം
    പൂന്തോയികണ്ടത്തിലെന്തു പൊലിവോം.
    പൂന്തോയിക്കണ്ടത്തി കാളപൊലിവോം
    പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
    പൂന്തോയിക്കണ്ടത്തി ഞാറു പൊലിവോം'

ഒരു ചക്രപ്പാട്ടില്‍ നിന്ന്ഃ

'തമ്പുരാന്‍ തന്നുടെ കിണ്ണാരം കേട്ടോണ്ടു
തേവാ തേവെടാ തേവാ…'
    വര്‍ഗ്ഗബോധത്തെക്കുറിച്ചുളള അവ്യക്തങ്ങളായ ചില സങ്കല്പങ്ങള്‍ കൃഷിപ്പാട്ടുകളില്‍ കാണാം. മേലാളന്റെ മദാലസ ജീവിതവും കര്‍ഷകരുടെ കൊടിയ ക്‌ളേശങ്ങളും അവര്‍ തിരിച്ചറിഞ്ഞിരുന്നു.
ഉദാ
'നേരം പോയ നേരത്തും കൊല്ലാക്കൊല കൊല്ലണിയോ
അരത്തൊണ്ടു കളളും തന്നു കൊല്ലാക്കൊല കൊല്ലണിയോ
അരമുറിക്കരിക്കും തന്നു കൊല്ലാക്കൊല കൊല്ലണിയോ…'

വളളപ്പാട്ടുകള്‍
    വളളത്തിലും ഓടിയിലും ജലമാര്‍ഗ്ഗം സഞ്ചരിക്കുമ്പോള്‍ വളളക്കാരന്‍ തുഴയുമ്പോള്‍ പാടുന്ന പാട്ട്. പ്രേമഗാനങ്ങള്‍ മുതല്‍ വന്ദേമാതരഗാനങ്ങള്‍ വരെയുണ്ട്.
'കാളിയെന്നു പേരുമിട്ടു തിത്തൈ തകതൈ തൈതാ
കാളിയെന്നു പേരുമിട്ടു വളര്‍ത്തു മുക്കോനവളെ…'

ഏഴാമത്തു കളിപ്പാട്ട്
    സംഘക്കളിയുടെയും യാത്രകളിയുടെയും ഒരു ചുരുങ്ങിയ രൂപമാണിത്. മതപരമായ ചടങ്ങ് ഇതിലില്ല. കളിക്കാര്‍ ബ്രാഹ്മണരായിരിക്കണമെന്നില്ല. വിനോദമാണ് മുഖ്യോദ്ദേശ്യം. ബ്രാഹ്മണരുടെ 64 ഗ്രാമങ്ങളില്‍ ഏഴാമത്തെ ഗ്രാമത്തില്‍ തുടങ്ങിയതിനാലാകണം ഏഴാമത്തുകളി എന്ന പേരുവന്നതത്രെ. പരാജിതര്‍ കളളുകുടിയന്റെയും കാക്കാലന്റെയും മറ്റും വേഷമണിഞ്ഞ് രംഗത്തു വന്ന് വിനോദപ്രധാനമായ പാട്ടുകള്‍ പാടണമെന്നാണ് നിബന്ധന.
ഉദാ:
'കണ്ടവര്‍ക്കു പിറന്നോനെ
കാട്ടുമാക്കാന്‍ കടിച്ചോനേ
കടവില്‍ കല്യാണി നിന്റെ
അച്ചിയല്യോടാ..'

കെസ്‌സു പാട്ടുകള്‍
    മുഹമ്മദീയരുടെ കോലടിക്കളിക്ക് പാടുന്നവയാണ് കെസ്‌സുപാട്ടുകള്‍. ആട്ടക്കാര്‍ ആടുന്നതിനനുസരിച്ച് ആശാന്‍ 'പോക്ക്'പറയും.
ഉദാ:  
    തായ്‌തെന്തിന്നാ തെന്തിന്നാ നാനിന്നാനാ
    താനതെന്തിന്നാതെന്തിന്ന താനിന്നാനാ
    ആലിയവിടെ വെ-ച്ചടരെടത്തു
    എതിരാള്‍ക്കതിലൊരു കിടിലമുണ്ടായ്…

നാടന്‍ പ്രേമഗാനങ്ങള്‍
    അലൗകികവും ദിവ്യവുമായ പ്രേമമെന്ന മാനസിക ഭാവത്തെപ്പറ്റി ചില പാട്ടുകളുണ്ട്.
ഉദാ:
1. 'കറുത്തപെണേ്ണ നിന്നെക്കാണാഞ്ഞൊരു നാളുണ്ടേ
വരുത്തപ്പെട്ടു ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ..'
2. 'വടക്കന്‍ കായലിലോളം തുളളുമ്പൊ-
ളോര്‍ക്കും ഞാനെന്റെ മാരനെ..

നാടന്‍ ശിശുഗാനങ്ങള്‍

1. നാടന്‍ പാട്ടുകളില്‍ ധാരാളം ശിശുഗാനങ്ങളുണ്ട്.
ഉദാ: 'ഒന്നാനാം കൊച്ചു തുമ്പീ
എന്റെ കൂടെ പോരുമോ നീ
2. വാ കുരുവീ വരൂ കൂരുവീ
വാഴക്കൈ മേലിരി കുരുവീ..
3. തുമ്പകൊണ്ടായിരം തോണി മുറിച്ചു
തോണിത്തലപ്പത്തൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു.
4. 'ചിറ്റപ്പന്‍ ചെറുപ്പത്തില്‍ ചേനകട്ടു
ഞാനല്ല കട്ടത് കളളനാണ്.
കളളന്റെ കൈവെട്ടി പന്തലിട്ടു
പന്തപ്പുറത്തായിരം തുമ്പ കിളിച്ചു
തുമ്പ പിഴതൊരു വാഴയ്ക്കിട്ടു
വാഴകുലച്ചു തെക്കോട്ടു വീണു
തെക്കുളള നായന്മാരങ്കം വെട്ടി
അങ്കത്തില്‍ പിഴച്ചുളെളാരാനയുണ്ടായ്
ആനേടെ കീഴൊരു നത്തിരുന്നു.
നത്തു പറന്നു കടലില്‍ വീണു..

നാടന്‍പാട്ടുകളുടെ കാലം
    ജനസമുദായങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് കാതുകളിലേക്കും കണ്ഠങ്ങളിലേക്കും പകര്‍ന്നു പകര്‍ന്നു വന്ന നാടന്‍പാട്ടുകള്‍ക്ക് നിയതമായ ഒരു കാലഗണന കല്പിക്കാന്‍ കഴിയില്ല. പ്രാചീനകാലത്ത് തുടങ്ങി പല കാലഘട്ടങ്ങളിലൂടെ വാഗ്‌രൂപമായി ഒഴുകി വന്നിട്ടുളളതാണ് നാടന്‍പാട്ടുകള്‍. ഉപയോഗിച്ചു വരുന്ന സമൂഹങ്ങളുടെയെല്ലാം ഭാഷാ രീതി അതില്‍ പ്രതിഫലിക്കും. സംഭാഷണഭാഷയോട് ഏറ്റവുമടുത്തു നില്‍ക്കുന്നു നാടന്‍പാട്ടുകള്‍. പഴയകാലത്തെ കേരളീയരുടെ ഉടുപ്പും നടപ്പും ഊണും കുളിയും കളിയും ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിന്റെ പ്രതിഫലനമാണ് ഈ നാടന്‍ പാട്ടുകള്‍. പല ഗാനങ്ങളും കാലപ്രവാഹത്തില്‍ മണ്‍മറഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം ശതകം വരെയുള്ള അപഭ്രംശകാലത്തുണ്ടായ പാട്ടുകളില്‍ ഒട്ടുമുക്കാലും കിട്ടിയിട്ടില്ല. ഇന്നു നമ്മുടെ കൈയില്‍ വന്ന് ചേര്‍ന്നിട്ടുള്ള പാട്ടുകള്‍ അവയുടെ ആദിമരൂപത്തില്‍ ഉള്ളതുതന്നെയാണോ എന്നും വ്യക്തമല്ല. തലമുറതലമുറകളായി ആളുകള്‍ പാടിപ്പാടിവന്നതിനിടയ്ക്ക് പാട്ടുകാരുടെ മനോധര്‍മ്മവും അശ്രദ്ധയും ഉച്ചാരണ ഭേദങ്ങളുമെല്ലാം ഈ പാട്ടുകളില്‍ കലര്‍ന്നിരിക്കാം. ഇന്നുകിട്ടിയിട്ടുള്ള നാടന്‍പാട്ടുകളില്‍ ഒന്നുപോലും ഒരാള്‍ എഴുതിയതല്ല.  അവ ഒരു ജനസമൂഹം സൃഷ്ടിച്ചതാണ്.