വാക്യപദീയം(വ്യാകരണ)

ഭര്‍തൃഹരി

ഭാരതത്തിലെ പ്രാചീനഭാഷാചിന്തകന്‍ ഭര്‍തൃഹരിയുടെ (ക്രി.വ. 450510) ഭാഷാദര്‍ശവും വ്യാകരണനിയമങ്ങളും അടങ്ങുന്ന മുഖ്യകൃതിയാണ് വാക്യപദീയം. മൂന്നു കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ കേന്ദ്ര ആശയമായ സ്‌ഫോടവാദം ഭര്‍തൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്. വാക്യപദീയത്തിന്റെ ആദ്യത്തെ രണ്ടു ഖണ്ഡങ്ങളില്‍ ഗ്രന്ഥകാരന്‍ ഭാരതീയ ഭാഷാദര്‍ശനത്തിലെ ശബ്ദാദ്വൈതപക്ഷവും അഖണ്ഡപക്ഷവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അവസാനഖണ്ഡം വ്യാകരണസംബന്ധിയാണ്.കൃതിയുടെ മൂന്നു കാണ്ഡങ്ങളില്‍ ആദ്യത്തേത് 156 കാരികകള്‍ ഉള്ള ബ്രഹ്മകാണ്ഡമാണ്. ബ്രഹ്മത്തെ തന്നെ ശബ്ദരൂപിയായി കാണുന്ന ‘ശബ്ദബ്രഹ്മം’ എന്ന ആശയം ഭര്‍തൃഹരി അവതരിപ്പിക്കുന്നു. രണ്ടാമത്തേത് 485 കാരികകള്‍ അടങ്ങിയ വാക്യകാണ്ഡമാണ്. ആശയപ്രകാശനത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന നിലയില്‍ വാക്യങ്ങള്‍ അവിഭക്തമാണെന്നും അവയുടെ അര്‍ത്ഥം, ഘടകങ്ങളായ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ന്നുണ്ടാവുന്നതല്ലെന്നും ഭര്‍തൃഹരി വാദിക്കുന്നു. ഭാഷാദര്‍ശനത്തിലെ അഖണ്ഡപക്ഷമാണ് ഈ വാദം.