ഇന്ത്യന്‍ രാഷ്ട്രീയം കണ്ടെത്തുന്ന ദേശീയതയുടെ ബാഹ്യാവരണത്തില്‍ നിന്ന് ആന്തരികമായ ഗോത്ര സത്യങ്ങളുടെ പൊരുള്‍തേടിയുള്ള യാത്രയാണ് പ്രവാചകന്റെ വഴി. ഡല്‍ഹിയിലെത്തുന്ന കാര്‍ട്ടൂണിസ്റ്റ് നാരായന്റെ അനുഭവങ്ങളിലൂടെ ഇന്ത്യയുടെ ആന്തരികതയിലേക്കും ദേശീയസുരക്ഷയുടെയും അധികാരത്തിന്റെയും വസ്തുതകളിലേക്ക് അനുവാചകനെ കൊണ്ടുപോകുന്നു. ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കപടദേശീയതയുടെ മിഥ്യകള്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വീക്ഷണത്തിലൂടെ പുനരവതരിക്കുന്നു. “ചിത്രകാരന്‍മാര്‍ ജനാലച്ചില്ലുകളിലേക്കും പകര്‍ത്തിയ ഇതിഹാസകഥകള്‍, കമാനങ്ങള്‍, മിനാരങ്ങള്‍, കെട്ടു പണിയുടെ ധാരാളിത്തത്തിനകത്ത് പ്രവചനത്തിന്റെ മഴത്തുള്ളികള്‍ വരണ്ടു. പിന്നെ മന്ദിരങ്ങള്‍ക്കുചുറ്റും നഗരങ്ങള്‍ വളര്‍ന്നു. അപ്പോള്‍ പ്രവാചകന്‍ മറ്റെങ്ങോ വഴിതേടി”.