(നോവല്‍)
സി.വി. രാമന്‍പിള്ള

സി.വി. രാമന്‍പിള്ളയുടെ 1891ല്‍ പ്രസിദ്ധീകരിച്ച മലയാള ചരിത്ര നോവലാണ് മാര്‍ത്താണ്ഡവര്‍മ്മ. രാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലം മുതല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ(തിരുവിതാംകൂര്‍) ചരിത്രം വിവരിക്കുന്ന ഒരു ചരിത്ര റൊമാന്‍സ്.കൊല്ലവര്‍ഷം 901-906 (ക്രി.വ. 1727-1732) കാലഘട്ടത്തിലാണ് കഥാഗതി. ശീര്‍ഷകകഥാപാത്രത്തെ തിരുവിതാംകൂര്‍ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭന്‍തമ്പിയുടെയും എട്ടുവീട്ടില്‍പിള്ളമാരുടെയും പദ്ധതികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന അനന്തപത്മനാഭന്‍, സുഭദ്ര, മാങ്കോയിക്കല്‍കുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലാണ്. മലയാള സാഹിത്യത്തില്‍ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂര്‍ ചരിത്രകഥ ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ കൃതികളില്‍ തുടരുന്നു. ഈ മൂന്ന് നോവലുകള്‍ സിവിയുടെ ചരിത്രാഖ്യായികത്രയം എന്നറിയപ്പെടുന്നു.

ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിന്റെയും (Romance) സമ്മിശ്രമായ മാര്‍ത്താണ്ഡവര്‍മ്മ മലയാള സാഹിത്യത്തിലെ ഒരു നാഴികകല്ലാണ്.
കഥാസാരം: പഞ്ചവന്‍കാട്ടില്‍ ആക്രമിക്കപ്പെട്ടനിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു യുവാവിനെ ആ വഴി വന്ന പഠാണി വ്യാപാരികള്‍ എടുത്തു കൊണ്ടുപോകുന്നു. മേല്പറഞ്ഞ സംഭവത്തിനു ശേഷം രണ്ടു വര്‍ഷമായിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടും യുവാവിനെ സ്‌നേഹിക്കുന്ന ചെമ്പകശ്ശേരിയിലെ പാറുക്കുട്ടി. താന്‍ സ്‌നേഹിക്കുന്ന അനന്തപത്മനാഭന്‍ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ല, എന്നാല്‍ പാറുക്കുട്ടിയുടെ അമ്മ കാര്‍ത്ത്യായനിഅമ്മ തന്റെ പുത്രിക്കായി സുന്ദരയ്യന്‍ കൊണ്ടുവന്ന രാമവര്‍മ്മമഹാരാജാവിന്റെ മൂത്ത മകനായ പത്മനാഭന്‍തമ്പിയുമായുള്ള സംബന്ധാലോചനയുമായി മുന്നോട്ടു പോകുന്നു. മേല്പറഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പത്മനാഭന്‍തമ്പിയും സുന്ദരയ്യനുമായി ചേര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെതിരെ കരുക്കള്‍ നീക്കുന്നു. പഞ്ചവന്‍കാട്ടില്‍ അനന്തപത്മനാഭന്റെ നേര്‍ക്കുണ്ടായ ആക്രമണം നാഗര്‍കോവിലിനടുത്ത് കോട്ടാറുള്ള ഒരു വേശ്യക്കുവേണ്ടി യുവരാജാവ് ചെയ്യിപ്പിച്ചതാണെന്ന് പറഞ്ഞുപരത്തുന്നു. വാര്‍ദ്ധക്യത്താല്‍ രോഗബാധിതനായി രാമവര്‍മ്മമഹാരാജാവ് കിടപ്പിലായതിനെ തുടര്‍ന്ന് അടുത്ത രാജാവാകുവാന്‍ മോഹിക്കുന്ന തമ്പി എട്ടുവീട്ടില്‍പിള്ളമാരുമായി ഒത്തു ചേര്‍ന്ന് യുവരാജാവിനെ സ്ഥാനഭ്രഷ്ടനാക്കുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് രാജപക്ഷത്തിലുള്ള ചിലര്‍ തമ്പിയുടെ അനുയായികളായി. ജനങ്ങളില്‍ പലരും രാജഭോഗം അടയ്ക്കുന്നതില്‍ നിന്ന് ഒഴിയുകയും രാജപക്ഷത്ത് ആള്‍ബലവും ധനബലവും കുറയുകയും ചെയ്തു.

വിഷമത്തിലായ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവ് പരമേശ്വരന്‍പിള്ളയോടുകൂടി മധുരപട്ടാളം തമ്പടിച്ചിരിക്കുന്ന ഭൂതപ്പാണ്ടിയിലേക്ക് പുറപ്പെടുന്നു. സുന്ദരയ്യന്‍ ചെമ്പകശ്ശേരിയില്‍ സംബന്ധാലോചന കൊണ്ടുവന്നതിന് മൂന്നാം ദിവസം പത്മനാഭപുരത്തെത്തുന്നു, എന്നാല്‍ അവിടെ പത്മനാഭന്‍തമ്പി വന്നതിനെത്തുടര്‍ന്ന് അവിടെ നിന്ന് ഗുഹാമാര്‍ഗ്ഗം ചാരോട്ടുകൊട്ടാരത്തിലേക്ക് രക്ഷപ്പെടുന്നു. പിറ്റേ ദിവസം രാവിലെ തമ്പിയുടെ ഗൃഹത്തിലേക്ക് വരുന്നതിനിടയില്‍ പരമേശ്വരന്‍പിള്ളയെ കണ്ട സുന്ദരയ്യന്‍, തമ്പിയുടെ വിശ്വസ്തനായ വേലുക്കുറുപ്പിനെ വിവരം അറിയിക്കുന്നു. ചാരോട്ടുകൊട്ടാരത്തില്‍ നിന്ന് യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും ആക്രമിക്കുവാന്‍ വേലുക്കുറുപ്പും വേല്‍ക്കാരും എത്തിയെങ്കിലും ഒരു ഭ്രാന്തന്‍ ചാന്നാന്റെ സഹായത്താല്‍ യുവരാജാവും പരമേശ്വരന്‍പിള്ളയും രക്ഷപ്പെടുന്നു, തുടര്‍ന്ന് ചാന്നാനുമായി വേലുക്കുറുപ്പും വേല്‍ക്കാരും സംഘട്ടനത്തിലേര്‍പ്പെടുവാന്‍ മുതിര്‍ന്നെങ്കിലും ചുളളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ളയുടെ ശരവര്‍ഷത്താല്‍ രണ്ടു വേല്‍ക്കാര്‍ മരിച്ചു വീഴുകയും മറ്റുള്ളവര്‍ വേലുക്കുറുപ്പടക്കം ഓടി രക്ഷപ്പെടുകയും ചെയ്യുന്നു. രക്ഷപ്പെട്ടോടിയ യുവരാജാവും പരമേശ്വരന്‍പിള്ളയും മാങ്കോയിക്കല്‍ ഗൃഹത്തില്‍ അഭയം പ്രാപിക്കുന്നു. വേലുക്കുറുപ്പില്‍ നിന്ന് വിവരം അറിഞ്ഞ തമ്പിയുടെ കല്പനപ്രകാരം അനേകം ചാന്നാന്‍മാരെ പിടിച്ച് വധിച്ചു. ഭ്രാന്തന്‍ ചാന്നാനെ പിടിച്ച് കല്ലറയില്‍ അടയ്ക്കുന്നു. യുവരാജാവിനെ തിരഞ്ഞുപോയ വേലുക്കുറുപ്പ്, യുവരാജാവ് മാങ്കോയിക്കലില്‍ ഉണ്ടെന്ന് മനസ്സിലാക്കി അവിടെ അടുത്തുതന്നെ കുറച്ചുവേല്‍ക്കാരെ നിര്‍ത്തി, അവിടെ നിന്നുതിരിച്ച് തമ്പിയുടെ അടുത്തെത്തി, കൂടുതല്‍ വേല്‍ക്കാരെയും നായന്മാരെയും വൈകുന്നേരം ആകുമ്പോഴേക്കും മാങ്കോയിക്കലിലേക്ക് അയക്കുവാന്‍ ആവശ്യപ്പെട്ട് തിരിച്ചുപോകുന്നു. ഇതേ സമയം കല്ലറയില്‍ നിന്ന് പുറത്തുകടക്കുവാന്‍ ചാന്നാന്‍ ഒരു ഗുഹാമാര്‍ഗ്ഗം കണ്ടെത്തി അതിലൂടെ ചാരോട്ടുകൊട്ടാരത്തില്‍ എത്തുന്നു. മാങ്കോയിക്കല്‍ക്കുറുപ്പും യുവരാജാവും കൂടുതല്‍ പടകൂട്ടുന്നതിനെ പറ്റി സംസാരിച്ചിരിക്കുമ്പോള്‍ വേലുക്കുറുപ്പും കൂട്ടരും മാങ്കോയിക്കലിലെത്തി ആക്രമണം തുടങ്ങുന്നു. ഇതേസമയം ഭ്രാന്തന്‍ ചാന്നാന്‍ ചാരോട്ടുകൊട്ടാരത്തില്‍ നിന്ന് പുറത്തുകടന്ന് ചാന്നാന്മാരുടെ സങ്കേതസ്ഥലത്തേക്ക് കുതിക്കുന്നു. യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും വീട്ടിനകത്താക്കി മാങ്കോയിക്കല്‍ക്കുറുപ്പും അനന്തരവന്മാരും വേലുക്കുറുപ്പിനോടും കൂട്ടരോടുമായി ഏറ്റുമുട്ടുന്നു, എന്നാല്‍ ചില അക്രമികള്‍ വീടുവളഞ്ഞ് വീടിന് തീവയ്ക്കുന്നു. ഇതു കണ്ട് യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും രക്ഷിക്കാന്‍ മാങ്കോയിക്കല്‍ക്കുറുപ്പ് നിലവിളിക്കുന്നതിനിടയില്‍ അവിടേയ്ക്ക് പാഞ്ഞെത്തിയ ചാന്നാന്മാര്‍ വേലുക്കുറുപ്പിന്റെ ആളുകളുമായി ഏറ്റുമുട്ടുന്നു.

തീ പിടിച്ചുകൊണ്ടിരിക്കുന്ന പുരയ്ക്കകത്തു കയറിയ ഭ്രാന്തന്‍ ചാന്നാന്‍ യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും രക്ഷിച്ച് പുറത്തുകൊണ്ടുവരുന്നു. തുടര്‍ന്ന് മാങ്കോയിക്കല്‍ കളരിയില്‍ നിന്നുള്ള യോദ്ധാക്കള്‍ അവിടെ എത്തി ആക്രമികളെ കീഴ്‌പെടുത്തുന്നു. ഇതേ സമയം പത്മനാഭന്‍തമ്പിയുടെ വസതിയില്‍ തന്റെ മകന്റെ മരണത്തെക്കുറിച്ചറിയുവാന്‍ തിരുമുഖത്തുപിള്ള എത്തിച്ചേരുന്നു, കുറച്ചുകഴിഞ്ഞ് ഒരു വേല്‍ക്കാരനെത്തി മാങ്കോയിക്കലില്‍ ഉണ്ടായ തോല്‍വി അറിയിക്കുന്നു.
മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവും പത്മനാഭന്‍തമ്പിയും തിരുവനന്തപുരത്തു തിരിച്ചെത്തി അവരവരുടെ ഗൃഹങ്ങളില്‍ വസിക്കുന്നു. മാങ്കോയിക്കല്‍ ദഹനം കഴിഞ്ഞ് ഏഴു ദിവസങ്ങള്‍ക്കു ശേഷം തിരുമുഖത്തുപിള്ളയില്‍ നിന്ന് അനന്തപത്മനാഭന്റെ മരണം സ്ഥിതീകരിക്കുന്ന ഒരു കുറിപ്പ് ചെമ്പകശ്ശേരിയില്‍ ലഭിച്ചെങ്കിലും പാറുക്കുട്ടി അത് കള്ളമാണെന്നു പറഞ്ഞ് തള്ളികളയുന്നു. അടുത്ത ദിവസം സംബന്ധാലോചനയുടെ ഭാഗമായി പത്‌നനഭന്‍തമ്പിയും സുന്ദരയ്യനും ചെമ്പകശ്ശേരിയില്‍ എത്തുന്നു. അന്നുരാത്രി ഒരു കാശിവാസിയുടെ രൂപത്തില്‍ വന്ന അനന്തപത്മനാഭന്‍ ചെമ്പകശ്ശേരിയിലെ ആയുധപ്പുര സൂക്ഷിപ്പുകാരനായ ശങ്കുആശാനെ കഞ്ചാവു നല്കി അബോധാവസ്ഥയിലാക്കി വീട്ടിനകത്തേക്കുള്ള താക്കോലുകള്‍ കൈവശമാക്കുന്നു. പാറുക്കുട്ടിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് ഉറക്കം വരാത്ത പത്മനാഭന്‍തമ്പി പാറുക്കുട്ടിയുടെ ഉറക്കറയില്‍ ചെന്ന് പാറുക്കുട്ടിയെ തൊടുവാന്‍ ശ്രമിച്ചെങ്കിലും കാശിവാസിയാല്‍ വലിച്ചിഴക്കപ്പെട്ട് പുറത്താക്കപ്പെടുന്നു. പ്രസ്തുത ഭയാനക സംഭവങ്ങള്‍ പാതി ഉറക്കത്തില്‍ കണ്ട പാറുക്കുട്ടി രോഗാതുരയായി മയക്കത്തിലേക്ക് വീഴുന്നു. മേല്പറഞ്ഞ സംഭവങ്ങള്‍ക്കു ശേഷം സുന്ദരയ്യന്‍ അവിടെയുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നു. അടുത്ത ദിവസം അതിരാവിലെ തന്നെ തമ്പിയും കൂട്ടരും ചെമ്പകശ്ശേരി വിട്ടു പോകുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് ചെമ്പകശ്ശേരിയില്‍ വന്ന വൈകുന്നേരമായപ്പോള്‍ കുടമണ്‍പിള്ളയുടെ ഗൃഹത്തിലേക്ക് തിരിച്ച കഴക്കൂട്ടത്തുപിള്ളയെ ഒരു ഭിക്ഷുവിന്റെ വേഷത്തില്‍ അനന്തപത്മനാഭന്‍ പിന്‍തുടരുന്നു. ഇതേസമയം സുന്ദരയ്യനും തമ്പിയുടെ ഗൃഹത്തില്‍ നിന്ന് യോഗത്തിനായി കുടമണ്‍പിള്ളയുടെ ഗൃഹത്തിലേക്ക് പുറപ്പെടുന്നു.

കുടമണ്‍പിള്ളയുടെ ഗൃഹത്തില്‍ എട്ടുവീട്ടില്‍പിള്ളമാരായ കുടമണ്‍പിള്ള, രാമനാമഠത്തില്‍പിള്ള, വെങ്ങാനൂര്‍പിള്ള, പള്ളിച്ചല്‍പിള്ള, മാര്‍ത്താണ്ഡന്‍ തിരുമഠത്തില്‍പിള്ള, ചെമ്പഴന്തിപിള്ള, കുളത്തൂര്‍പിള്ള, കഴക്കൂട്ടത്തുപിള്ള എന്നിവരും സുന്ദരയ്യനും ചേര്‍ന്ന് പത്മനാഭന്‍തമ്പിയെ അടുത്ത രാജാവായി വാഴിക്കുന്നതിനായി ചെയ്യേണ്ടതിനെക്കുറിച്ച് യോഗത്തില്‍ ആലോചിക്കുന്നു. അപ്പോള്‍ കഴക്കൂട്ടത്തുപിള്ള ആലോചനകളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും എന്നാല്‍ ക്രിയകള്‍ക്ക് താന്‍ കൂടെയുണ്ടാകും എന്നുറപ്പും നല്കി യോഗത്തില്‍ നിന്ന് പിരിഞ്ഞുപോകുന്നു. ഭിക്ഷുവാല്‍ പിന്തുടരപ്പെട്ട കഴക്കൂട്ടത്തുപിള്ള വഴിയില്‍ യുവരാജാവിന് സഹായമേകുവാന്‍ വന്ന മാങ്കോയിക്കല്‍ക്കുറുപ്പിനെ സന്ധിക്കുന്നു, എന്നാല്‍ യോഗതീരുമാനം അറിയുന്നതിനുവേണ്ടി ഭിക്ഷുതിരിച്ചു നടക്കുന്നു. ഇതേസമയം യോഗത്തില്‍ തമ്പിയെ രാജാവായി വാഴിക്കുവാനും അതിലേക്കായി മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ വധിക്കുവാനും തീരുമാനിക്കുന്നു. യോഗത്തിനുശേഷം രാമനാമഠത്തില്‍പിള്ള കുടമണ്‍പിള്ളയുടെ ശേഷക്കാരിയായ സുഭദ്രയെ സന്ധിക്കുകയും, സുഭദ്ര യോഗതീരുമാനത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. ഇതേസമയം മാങ്കോയിക്കല്‍ക്കുറുപ്പിനെ കഴക്കൂട്ടത്തുപിള്ള കബളിപ്പിച്ചു കൊണ്ടുപോയി തടവിലാക്കുന്നു. യോഗാനന്തരം തമ്പിയുടെ ഭവനത്തിലേക്ക് പോയി കൊണ്ടിരുന്ന സുന്ദരയ്യനെ ഭിക്ഷു കണ്ടുമുട്ടുകയും, സുന്ദരയ്യന്‍ തന്റെ പക്കലുള്ള യോഗക്കുറി കൈക്കലാക്കുവാന്‍ ശ്രമിച്ച ഭിക്ഷുവുമായി സംഘട്ടനത്തിലേര്‍പ്പെടുകയും തുടര്‍ന്ന് രണ്ടു പേരും കിള്ളിയാറിലേക്ക് വീഴുകയും ചെയ്യുന്നു. യോഗക്കുറി നഷ്ടമായെങ്കിലും നീന്തലറിയാത്ത സുന്ദരയ്യനെ ഭിക്ഷു രക്ഷിക്കുന്നു.

അടുത്ത ദിവസം രാവിലെ സുന്ദരയ്യന്‍ പത്മനാഭന്‍തമ്പിയുടെ അടുത്തെത്തി യോഗതീരുമാനം അറിയിക്കുന്നു. പാറുക്കുട്ടിയുടെ രോഗവിവരമറിഞ്ഞ് സുഭദ്ര ചെമ്പകശ്ശേരിയിലെത്തുന്നു, അതേസമയം മുന്‍ദിവസങ്ങളിലെ സംഭവങ്ങളില്‍ വ്യാകുലനായ ശങ്കുആശാന്‍ കാശിവാസിയെ തിരഞ്ഞു നടക്കുന്നു. കാര്‍ത്ത്യായനിഅമ്മയില്‍ നിന്ന് ചെമ്പകശ്ശേരിയില്‍ തമ്പിയുടെ താമസവും, പിന്നെ കളവു സംഭവിച്ചതും സുഭദ്ര മനസ്സിലാക്കുന്നു. ഇതേ സമയം കൊട്ടാരത്തില്‍ പഠാണിപാളയത്തില്‍ നിന്നുള്ള ഒരു സന്ദേശക്കുറി മൂലം കുടമണ്‍പിള്ളയുടെ ഗൃഹത്തില്‍ ശത്രുക്കള്‍ യോഗം കൂടിയതായും, യോഗതീരുമാനം അറിയാത്തതിനാല്‍ യുവരാജാവ് കരുതലോടിരിക്കണമെന്നും അറിയിക്കുന്നു. മാങ്കോയിക്കല്‍ക്കുറുപ്പ് തലേനാള്‍ അവിടെ എത്തിച്ചേര്‍ന്നതും സന്ദേശത്തില്‍ നിന്നറിയുന്നു. ഗൂഢാലോചനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ രാമയ്യന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മാര്‍ത്താണ്ഡവര്‍മ്മ അതിന് തയ്യാറാകുന്നില്ല, തുടര്‍ന്നുണ്ടായ സംഭാഷണത്തില്‍ നിന്നും, താന്‍ തിരുമുഖത്തുപിള്ളയ്ക്ക് സഹായഭ്യര്‍ത്ഥനാസന്ദേശം എത്തിക്കുവാന്‍ ഏല്പിച്ച കാലക്കുട്ടി സുന്ദരയ്യന്റെ ജാമാതാവാണെന്ന് മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കുകയും, ഉടനെ തന്നെ പരമേശ്വരന്‍പിള്ളയെ മാങ്കോയിക്കല്‍ക്കുറുപ്പിന്റെ വിവരം അന്വേഷിക്കുവാന്‍ പറഞ്ഞയക്കുകയും ചെയ്യുന്നു. പരമേശ്വരന്‍പിള്ള തിരിച്ചുവന്ന് കുറുപ്പ് എത്തിച്ചേര്‍ന്നിട്ടില്ല എന്നറിയിച്ചതുകേട്ട്, മാങ്കോയിക്കല്‍ക്കുറുപ്പിനെ എട്ടുവീട്ടില്‍പിള്ളമാര്‍ അപായപ്പെടുത്തിയിരിക്കും എന്ന് മാര്‍ത്താണ്ഡവര്‍മ്മ അനുമാനിക്കുന്നു.

അതേദിവസം വൈകുന്നേരമായപ്പോള്‍ പാറുക്കുട്ടിയുടെ വിവരമന്വേഷിച്ചു വരുവാന്‍ തമ്പിയാല്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും സന്ധ്യയായതുകണ്ട് കഴിഞ്ഞ രാത്രിയില്‍ നടന്ന സംഘട്ടനം ഓര്‍മ്മ വന്ന സുന്ദരയ്യന്‍ തമ്പിയുടെ ഭവനത്തില്‍ തന്നെ ഒളിച്ചിരിക്കുന്നു. രാത്രിയായപ്പോള്‍ തമ്പിയെ കാണുവാന്‍ വന്ന സുഭദ്ര, ചെമ്പകശ്ശേരിയില്‍ തമ്പിയുടെ പ്രവൃത്തികളെക്കുറിച്ച് ആരായുന്നു. താന്‍ പാറുക്കുട്ടിയെ തൊടുവാന്‍ ശ്രമിച്ചുവെങ്കിലും അനന്തപത്മനാഭന്റെ പ്രേതം തടഞ്ഞുവെന്നും, എന്നാല്‍ കളവുപോയ ആഭരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും തമ്പി വ്യക്തമാക്കുന്നു. എന്നാല്‍ അനന്തപത്മനാഭന്‍ പഞ്ചവന്‍കാട്ടില്‍ ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥ സുഭദ്ര അറിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ തമ്പി സുഭദ്രയെ തന്റെ കഠാരയാല്‍ പ്രഹരിക്കുവാന്‍ അടുത്തുവെങ്കിലും സുഭദ്രയുടെ നില മാറാതെയുള്ള ഭാവം കണ്ട് പിന്‍മാറുന്നു. സുഭദ്ര പോയതിനുശേഷം തമ്പിയും സുന്ദരയ്യനും കൂടി ആലോചിച്ച് സുഭദ്രയെ കൊല്ലുവാന്‍ തീരുമാനിക്കുന്നു.

അടുത്ത ദിവസം വിഷം വാങ്ങുവാന്‍ സുന്ദരയ്യന്‍ പഠാണിപാളയത്തില്‍ എത്തിയെങ്കിലും അവിടെ ഷംസുദീനായി നിന്നിരുന്ന അനന്തപത്മനാഭന്‍ വിഷപ്പൊടിക്കു പകരം ചുവന്ന മത്താപ്പുപൊടി നല്കി അയക്കുന്നു. അതേസമയം ചെമ്പകശ്ശേരിയില്‍ സുഭദ്ര അവിടെ കയറിയ കാശിവാസി പഠാണിപാളയത്തില്‍ തന്നെ ഉണ്ടോ എന്നു തിരക്കി വരുവാന്‍ ശങ്കുആശാനെ നിര്‍ബന്ധിച്ചയച്ചു. ഉച്ചയായപ്പോഴേക്കും തിരിച്ചെത്തിയ ശങ്കുആശാന്‍ പഠാണിപാളയത്തില്‍ സുന്ദരയ്യന്‍ വിഷം വാങ്ങുവാന്‍ വന്ന വിവരം അറിയിക്കുന്നു. അതേ സമയം പഠാണിപാളയത്തില്‍ ഹാക്കിം ഷംസുഡീനോട് മാങ്കോയിക്കല്‍ക്കുറുപ്പിനെ അന്വേഷിച്ച് അപകടത്തില്‍ ചാടരുതെന്ന് പറയുന്നു. അതിനുശേഷം ഹാക്കിമില്‍ നിന്ന് വിടവാങ്ങിയ ഷംസുഡീന്‍ സുലൈഖയോട് തനിക്ക് പാറുക്കുട്ടിയോടുള്ള സ്‌നേഹത്തെപ്പറ്റി വിവരിച്ചതിനെ തുടര്‍ന്ന് ഷംസുഡീനെ സ്‌നേഹിക്കുന്ന സുലൈഖ അതില്‍നിന്ന് പിന്മാറുന്നു. സുന്ദരയ്യന്‍ വിഷം വാങ്ങിയത് തനിക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയ സുഭദ്ര വൈകുന്നേരത്തോടുകൂടി സ്വന്തം ഗൃഹത്തിലേക്ക് പോകുന്നു. അതേ സമയം കൊട്ടാരത്തില്‍ നിന്ന് നാട്ടുകാരുടെ വേഷത്തില്‍ യുവരാജാവും പരമേശ്വരന്‍പിള്ളയും രാമയ്യനുമൊത്ത് മാങ്കോയിക്കല്‍ക്കുറുപ്പിനെക്കുറിച്ച് തിരക്കുവാന്‍ പുറപ്പെടുന്നു. സുഭദ്രയെ വിഷത്താല്‍ കൊല്ലുവാന്‍ തീരുമാനിച്ച സുന്ദരയ്യന്‍ തമ്പിയുടെ വീട്ടില്‍ നിന്ന് തിരിക്കുന്നു. രാത്രി സമയത്ത് രാമയ്യനെ കഴക്കൂട്ടത്തുപിള്ളയുടെ വകയായ ശ്രീപണ്ടാരത്തുവീട്ടിലേക്ക് മാങ്കോയിക്കല്‍ക്കുറുപ്പിനെക്കുറിച്ച് അന്വേഷിക്കുവാന്‍ അയച്ച് യുവരാജാവും പരമേശ്വരന്‍പിള്ളയും ഒരു മരത്തിന്റെ കീഴില്‍ മറഞ്ഞു നില്ക്കുമ്പാള്‍ അതു വഴി ഒരാള്‍ പടിഞ്ഞാറെ ഭാഗത്തേക്ക് പോകുന്നതു കാണുന്നു എന്നാല്‍ ഇരുട്ടില്‍ പാന്ഥനെ തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല, ഇതിനെ തുടര്‍ന്ന് ഭാര്യാഗൃഹത്തിലേക്ക് പോകുന്ന സുന്ദരയ്യനെ യുവരാജാവ് കാണുന്നു. ഇതേസമയം സുഭദ്രയുടെ അടുത്തായിരുന്ന രാമനാമഠത്തില്‍പിള്ള താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് അവിടെ നിന്നും തിരിക്കുന്നു.

രാമനാമഠത്തില്‍പിള്ള മാങ്കോയിക്കല്‍ക്കുറുപ്പിനെ തടവിലാക്കിയ കഴക്കൂട്ടത്തുപിള്ളയെ പ്രശംസിച്ച് സ്വയം സംസാരിച്ച് യുവരാജാവും പരമേശ്വരന്‍പിള്ളയും മറഞ്ഞുനില്ക്കുന്ന വഴിക്കരികിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം പറയന്നതെല്ലാം യുവരാജാവ് ശ്രദ്ധിക്കുന്നു. യുവരാജാവിന്റെ അടുത്ത് തിരിച്ചെത്തിയ രാമയ്യന്‍ ശ്രീപണ്ടാരത്തുവീട്ടില്‍ കാവല്‍ അധികമായതിനാല്‍ അവിടെ നിന്നും ഒന്നും അറിയാന്‍ പറ്റിയില്ലെന്നറിയിച്ചതിനെതുടര്‍ന്ന് രാമയ്യനെ സുന്ദരയ്യന്റെ ഭാര്യാഗൃഹത്തില്‍ചെന്ന് വിവരങ്ങളറിയുവാന്‍ യുവരാജാവ് അയക്കുന്നു. എന്നാല്‍ സുന്ദരയ്യന്‍ ഭാര്യാഗൃഹത്തില്‍ വാതിലടച്ച് സംസാരിച്ചതിനാലും, വീടിനു ചുറ്റും കോടാങ്കി ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാലും രാമയ്യന്‍ വിവരങ്ങളറിയുവാന്‍ പറ്റാതെ തിരിച്ച് എത്തുന്നു. അതേസമയം യുവരാജാവിനെയും പരമേശ്വരന്‍പിള്ളയെയും കടന്നുപോയ അജ്ഞാതന്‍ പത്മനാഭന്‍തമ്പിയുടെ വീട്ടില്‍ എത്തുന്നു, വന്നത് തടവില്‍ നിന്ന് രക്ഷപ്പെട്ട വേലുക്കുറുപ്പാണെന്നു കണ്ട് തമ്പി ആഗതനെ വീട്ടില്‍ ഒളിപ്പിക്കുന്നു. മാങ്കോയിക്കല്‍ക്കുറുപ്പ് എവിടയോ തടവില്‍ ആണെന്നു മനസ്സിലാക്കിയ യുവരാജാവും കൂട്ടരും ശ്രീപണ്ടാരത്തുവീട്ടിലും ചെമ്പകശ്ശേരിയിലും തിരയുവാന്‍ തീരുമാനിച്ച് നില്‍ക്കുമ്പോള്‍ സുന്ദരയ്യനും ഭാര്യയും അതു വഴി കടന്നു പോകുന്നു. സുന്ദരയ്യന്‍ തമ്പിയുടെ ഭവനത്തിലേക്കും ഭാര്യയായ ആനന്തം സുന്ദരയ്യന്‍ വിഷം കലര്‍ത്തിയ ഭക്ഷണപദാര്‍ത്ഥങ്ങളുമായി സുഭദ്രയുടെ വീട്ടിലേക്കും പോകുന്നു. മഹാരാജാവിന്റെ ആരോഗ്യവിവരം അറിയുവാന്‍ വേണ്ടി പുറപ്പെട്ട യുവരാജാവിനെയും കൂട്ടരെയും ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള തുരത്തി അമ്പുകള്‍ ചെയ്യുന്നു, എന്നാല്‍ യുവരാജാവിനെതിരായ അമ്പുകള്‍ അവിടെ എത്തിയ ഭ്രാന്തന്‍ ചാന്നാന്‍ തട്ടിതെറിപ്പിച്ച് വില്ലാളിയെ അടിച്ചു വീഴ്ത്തുന്നു. സുഭദ്രയുടെ വീട്ടിലെത്തിയ ആനന്തത്തില്‍ നിന്ന് ചെമ്പകശ്ശേരിയില്‍ നിന്ന് കളവുപോയ ആഭരണങ്ങള്‍ ആനന്തത്തിന്റെ വീട്ടില്‍ ഉണ്ടെന്നും, സ്വന്തം ഭര്‍ത്താവായ സുന്ദരയ്യന്റെ പ്രവൃത്തികളെക്കുറിച്ചു ആനന്തത്തിന് ഒന്നും അറിയില്ല എന്നും സുഭദ്ര മനസ്സിലാക്കുന്നു. അതേസമയം രാമനാമഠത്തില്‍പിള്ള പത്മനാഭന്‍തമ്പിയുടെ വീട്ടില്‍ എത്തുന്നു, തുടര്‍ന്ന് സുന്ദരയ്യനും അവിടെ എത്തിച്ചേരുന്നു. മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ വധിക്കുവാന്‍ തീരുമാനിച്ചതിനുശേഷം ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ളയും അവിടെ എത്തിച്ചേരുന്നു.

തിരിച്ചെത്തിയ രാമനാമഠത്തില്‍പിള്ളയില്‍ നിന്ന് വേലുക്കുറുപ്പിനെകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കുവാന്‍ തീരുമാനിച്ചത് മനസ്സിലാക്കിയ സുഭദ്ര ഒരു സന്ദേശക്കുറി ഉണ്ടാക്കി, അത് മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിന് ആ രാത്രി തന്നെ എത്തിക്കുവാന്‍ ശങ്കരാചാരെ ഏല്പിക്കുന്നു. ഇതിനെ തുടര്‍ന്ന് പന്ത്രണ്ടു ഭൃത്യന്മാരെ വിളിച്ചുവരുത്തിയ സുഭദ്ര അതില്‍ പത്തുപേരെ ആനന്തത്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കൈക്കലാക്കുന്നതിന് അവിടെ മോഷണം ചെയ്യുവാന്‍ പറഞ്ഞയക്കുന്നു. പിന്നെ പപ്പു എന്ന ഭൃത്യനോട് അടുത്ത ദിവസം രാവിലെ പത്മനാഭന്‍തമ്പിയുടെ വീട്ടില്‍ ചെന്ന് താന്‍ മരിച്ചുപോയി എന്നു കരയുവാന്‍ ഏല്പിക്കുന്നു. ശേഷിച്ച ഒരു ഭൃത്യനെ പഠാണിപാളയത്തിലേക്കും പറഞ്ഞയക്കുന്നു. അതേസമയം മഹാരാജാവിന്റെ മാളികയില്‍ ഹാക്കിമിന്റെ ഔഷധം സേവിച്ച മഹാരാജാവിന് ആശ്വാസം ഉള്ളത് കണ്ട് മാര്‍ത്താണ്ഡവര്‍മ്മ സമാധാനിക്കുന്നു. പരമേശ്വരന്‍പിള്ളയുമൊത്ത് തന്റെ മാളികയിലേക്ക് പോകുമ്പോള്‍ വഴിയില്‍ മാര്‍ത്താണ്ഡവര്‍മ്മയെ വേലുക്കുറുപ്പ് പിന്നില്‍ നിന്ന് വെട്ടാന്‍ ശ്രമിക്കുകയും എന്നാല്‍ അപ്പോഴേക്കും അവിടെ എത്തിച്ചേര്‍ന്ന ശങ്കരാചാര തടഞ്ഞു. സംഘട്ടനത്തിലേര്‍പ്പെട്ട വേലുക്കുറുപ്പ് ശങ്കരാചാരെ വെട്ടി വീഴ്ത്തി ഓടി രക്ഷപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മയും പരമേശ്വരന്‍പിള്ളയും മരിക്കാറായ ശങ്കരാചാരുടെ അടുത്തേക്ക് ഓടി എത്തുകയും മരിക്കുന്നതിനുമുമ്പ് തന്റെ കയ്യിലുള്ള സന്ദേശക്കുറിയെപ്പറ്റി ശങ്കരാചാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ ധരിപ്പിക്കുകയും ചെയ്യുന്നു. വേലുക്കുറുപ്പ് തിരിച്ചെത്തി തമ്പിയെ വിവരമറിയിക്കുന്നു, തുടര്‍ന്ന് രാമനാമഠത്തില്‍പിള്ള, ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള, സുന്ദരയ്യന്‍, കോടാങ്കി എന്നിവര്‍ അടിയന്തരയോഗം കൂടി മാങ്കോയിക്കല്‍ക്കുറുപ്പിനെ ശ്രീപണ്ടാരത്തുവീട്ടില്‍ നിന്ന് ചെമ്പകശ്ശേരിയിലേക്ക് മാറ്റുവാന്‍ തീരുമാനിച്ച് തമ്പി ഒഴികെയുള്ളവര്‍ വേഗം പുറപ്പെടുന്നു. ഇതേ സമയം സുഭദ്രയുടെ വീടിന്റെ അടുത്തുനിന്ന് പുറപ്പെട്ട ചാന്നാന്‍ ശ്രീപണ്ടാരത്തുവീട്ടിലെത്തി അവിടെ കാവല്‍ക്കാരെ സൂത്രത്തില്‍ മരുന്നുകൊടുത്ത് മയക്കി താക്കോലുകള്‍ കൈവശപ്പെടുത്തുകയും, തുടര്‍ന്ന് കല്ലറ തുറന്ന് മാങ്കോയിക്കല്‍ക്കുറുപ്പിനെ കണ്ടെത്തുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രാമനാമഠത്തില്‍പിള്ളയും കൂട്ടരും അവിടെ എത്തിച്ചേരുന്നു.

ചാന്നാനെ കണ്ട് കോപത്താല്‍ പാഞ്ഞടുത്ത വേലുക്കുറുപ്പ് ചാന്നാന്റെ കൈത്തോക്കുകൊണ്ടുള്ള വെടിയേറ്റ് മരിച്ചുവിഴുന്നു. വേലുക്കുറുപ്പ് മരിച്ചുവീണതുകണ്ട് ചീറിയടുത്ത കോടാങ്കിയും അടുത്ത വെടിയേറ്റ് മരിച്ചുവീഴുന്നു. ഇതു കണ്ട ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള വില്ലും അസ്ത്രവുമെടുത്ത് ഉന്നം പിടിക്കുകയും ചാന്നാന്‍ തന്റെ അരയില്‍ നിന്ന് മറ്റൊരു കൈത്തോക്ക് എടുക്കുകയും ചെയ്തപ്പോള്‍ രാമനാമഠത്തില്‍പിള്ള ഇടപ്പെട്ട,് ചാന്നാനെയും മാങ്കോയിക്കല്‍ക്കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയാണെന്നും തിരുമുഖത്തുപിള്ള വന്നതിനുശേഷമേ വിചാരിക്കുകയുള്ളൂ എന്നും അറിയിക്കുന്നു. തന്റെ ആയുധം താന്‍ തന്നെ കൈവശം വയ്ക്കുമെന്ന ഉപാധിയോടെ ചാന്നാന്‍ അതിനു സമ്മതിക്കുന്നു, തുടര്‍ന്ന് ചാന്നാനെയും കുറുപ്പിനെയും ചെമ്പകശ്ശേരിയിലേക്ക് മാറ്റുകയും അവിടെ കാവല്ക്കാരായി തമ്പിയെ പിന്‍തുണയ്ക്കുന്ന കൊട്ടാരം വേല്‍ക്കാരെ നിയമിക്കുകയും ചെയ്യുന്നു. രാത്രിയിലെ കൊലപാതങ്ങളുടെ പിന്നില്‍ മാര്‍ത്താണ്ഡവര്‍മ്മയാണെന്നും രാമനാമഠത്തില്‍പിള്ളയെയും കൊല്ലാന്‍ ശ്രമിച്ചുവെന്നും സുന്ദരയ്യനും കൂട്ടരും പറഞ്ഞുപരത്തുന്നു.

ഇതേസമയം സമയം ആനന്തത്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളടക്കമുള്ള സാധനങ്ങളുമായെത്തിയ ഭൃത്യരില്‍ രണ്ടുപേരെ സുഭദ്ര ശങ്കരാചാരുടെ വിവരം തിരക്കി വരുവാന്‍ അയക്കുകയും, തിരിച്ചുവന്ന അവര്‍ രാത്രിയില്‍ നടന്നകൊലകളെപ്പറ്റി അറിയിക്കുകയും ചെയ്യുന്നു.

അടുത്തദിവസം രാവിലെ വീട്ടില്‍നടന്ന കളവിനെപ്പറ്റി വിഷമം പറയുവാന്‍ ആനന്തം സുഭദ്രയുടെ
അടുത്തെത്തുന്നു. ആനന്തം പോയതിനുശേഷം പഠാണിപാളയത്തിലേക്കുപോയ സുഭദ്രയുടെ ഭൃത്യന്‍ പാറുക്കുട്ടിക്കുള്ള മരുന്നുമായി തിരിച്ചെത്തി, അവിടെയുള്ള പഠാണിക്ക് സുഭദ്രയുടെ മുന്‍ ഭര്‍ത്താവുമായിട്ടുള്ള സാദൃശ്യത്തെ പറ്റി അറിയിക്കുന്നു. അതേസമയം സുഭദ്രയുടെ ഭൃത്യനായ പപ്പു, പത്മനാഭന്‍തമ്പിയുടെ മാളികയിലെത്തി സുഭദ്ര മരിച്ചുപോയി എന്നു നിലവിളിക്കുന്നു. കുറച്ചുകഴിഞ്ഞ് സുന്ദരയ്യന്റെ ഭാര്യവീട്ടില്‍ നടന്ന കളവിനെപ്പറ്റി തമ്പിയുടെ മാളികയില്‍ അറിയുകയും തുടര്‍ന്ന് ആനന്തത്തില്‍ നിന്ന് സുഭദ്ര മരിച്ചിട്ടില്ലെന്നും സുന്ദരയ്യന്‍ മനസ്സിലാക്കുന്നു. അതേ സമയം തലേദിവസം നടന്ന കൊലപാതകങ്ങളും അനുബന്ധമായുണ്ടായ വാര്‍ത്തകളും കേട്ട് കുപിതരായ ഒരു കൂട്ടം ജനങ്ങള്‍ കൊട്ടാരമതിലിനകത്തേക്ക് ഇരച്ചു കയറുന്നു. എന്നാല്‍ രോഗബാധിതനും അവശനുമായ രാമവര്‍മ്മമഹാരാജാവിനെ കണ്ടപ്പോള്‍ തന്നെ കുറച്ചുപേരും അദ്ദേഹം പോകുവാന്‍ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് ബാക്കിയുള്ളവരും മടങ്ങിപ്പോകുന്നു. രാമനാമഠത്തില്‍പിള്ള കൊട്ടാരവാതില്ക്കല്‍ നടന്ന കോലാഹങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ പത്മനാഭന്‍തമ്പിയുടെ അടുത്തെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ളയും ഒരു ഭൃത്യനും അവിടെയെത്തി മഹാരാജാവിന്റെ മരണവാര്‍ത്ത അറിയിക്കുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ക്കുശേഷം മാര്‍ത്താണ്ഡവര്‍മ്മ മധുരപട്ടാളത്തിനുള്ള പണം അയക്കുന്നു. വൈകുന്നേരം സുഭദ്ര മരുന്നുമായി ചെമ്പകശ്ശേരിയില്‍ എത്തുന്നു.

മരുന്നുകഴിച്ച് അടുത്തദിവസം മുതല്‍ പാറുക്കുട്ടി സുഖം പ്രാപിച്ചു തുടങ്ങുകയും, അടുത്ത അഞ്ചു ദിവസത്തേക്ക് സുഭദ്ര ചെമ്പകശ്ശേരിയില്‍ തന്നെ തങ്ങുകയും ചെയ്യുന്നു. അഞ്ചാം ദിവസം കിളിമാനൂരില്‍ നിന്ന് നാരായണയ്യന്റെ നേതൃത്വത്തില്‍ അയക്കപ്പെട്ട യോദ്ധാക്കളെ
കഴക്കൂട്ടത്തുപിള്ളയും കൂട്ടരും ചേര്‍ന്ന് തടുത്ത് തോല്‍പിച്ചത് അറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭന്‍തമ്പിയെ പിന്‍തുണയ്ക്കുന്ന കൊട്ടാരം വേല്‍ക്കാരുടെ ഉദ്യോഗം നിര്‍ത്തലാക്കുവാന്‍ കല്പിക്കുന്നു. അതേസമയം ചെമ്പകശ്ശേരിയില്‍ ദീനം ഭേദമായ പാറുക്കുട്ടിയോട് തടവിലിട്ടിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ ഭ്രാന്തനാണെന്നും, അയാളെയെങ്കിലും വിട്ടയച്ചാല്‍ നന്നായിരുന്നുവെന്ന് സുഭദ്ര പറയുന്നു. രണ്ടുപേരെയും വിട്ടയയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച പാറുക്കുട്ടിയോട് കല്ലറയുടെ താക്കോലുകള്‍ തന്റെ കൈവശം ഇല്ലെന്നും അവ കാവല്ക്കാരുടെ കയ്യിലാണെന്നും ശങ്കുആശാന്‍ അറിയിക്കുന്നു. വൈകുന്നേരമായപ്പോള്‍ കാവല്ക്കാരെ വലിയസര്‍വ്വാധികാര്യക്കാര്‍ കൊട്ടാരത്തിലേക്ക് തിരിച്ചുവിളിച്ചതിനാല്‍ ചെമ്പകശ്ശേരി മൂത്തപിള്ള കല്ലറയുടെ താക്കോലുകള്‍ ശങ്കുആശാനെ ഏല്പിച്ച് കാവല്ക്കാരുമായി അവിടന്ന് പുറപ്പെടുന്നു. ഭ്രാന്തനെ വിടുവിക്കാനുള്ള ചിന്തകളാല്‍ ഉറങ്ങുവാന്‍ പറ്റുന്നില്ലെന്ന് പാറുക്കുട്ടി അമ്മയെ അറിയിക്കുന്നു. തന്റെ ഗൃഹത്തില്‍ നടക്കുന്ന തമ്പി സഹോദരന്മാരുടെയും എട്ടുവീട്ടില്‍പിള്ളമാരുടെയും യോഗത്തെക്കുറിച്ചറിഞ്ഞ സുഭദ്ര അവിടെനിന്ന് പോകുന്നു. പാറുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശങ്കുആശാന്‍ കല്ലറയുടെ താക്കോല്‍ നല്കുകയും പാറുക്കുട്ടി കാര്‍ത്ത്യായനിഅമ്മയുമായി കല്ലറ തുറന്ന് അകത്തേക്ക് ചെല്ലുന്നു. തന്റെ മകളുടെ താല്‍പര്യപ്രകാരം അവിടന്ന് പോയിക്കൊള്ളുവാന്‍ കാര്‍ത്ത്യായനിഅമ്മ മാങ്കോയിക്കല്‍ക്കുറുപ്പിനോട് പറയുന്നു. തന്റെ സത്യാവസ്ഥ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നു പറഞ്ഞ് ചാന്നാന്‍ അവിടെനിന്നും ഓടുന്നു, പുറകെ മാങ്കോയിക്കല്‍ക്കുറുപ്പും.

തന്റെ കിടപ്പറയില്‍ തമ്പിയെ തടഞ്ഞത് ചാന്നാനാണെന്നും അത് താന്‍ സ്‌നേഹിക്കുന്ന അനന്തപത്മനാഭനാണെന്നും പാറുക്കുട്ടി തിരിച്ചറിയുന്നു. അതേസമയം അന്നു രാത്രി തന്നെ കൊട്ടാരത്തില്‍വച്ച് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കുവാന്‍ തമ്പി സഹോദരന്മാരും എട്ടുവീട്ടില്‍പിള്ളമാരും ചേര്‍ന്ന് തീരുമാനിക്കുന്നു. അതേസമയം കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ കാണുവാന്‍ വന്ന മാങ്കോയിക്കല്‍ക്കുറുപ്പിന്റെ അനന്തരവന്മാരോട് രാമയ്യനുമായി സംയുക്തമായി പ്രവര്‍ത്തിക്കുവാന്‍ പിറ്റേദിവസം രാവിലെ വരുവാന്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍ദ്ദേശിച്ചയക്കുന്നു. ഇതിനുശേഷം ഉറക്കത്തിലായ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവ് തന്റെ ഉറക്കറയിലേക്ക് സുഭദ്ര വന്നതുകണ്ട് എഴുന്നേല്ക്കുന്നു. യുവരാജാവിന്റെ ജീവന്‍ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് അവിടെനിന്ന് പോകണമെന്നും, ഇളയതമ്പുരാനെയും അമ്മതമ്പുരാട്ടിയേയും അവിടെ നിന്ന് മാറ്റണമെന്നും സുഭദ്ര അറിയിക്കുന്നു, എന്നാല്‍ ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും ഇതിനുമുമ്പ് തനിക്ക് സന്ദേശം അയച്ചത് സുഭദ്രയാണെന്ന് മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ അവിടെ നിന്നും തിരിക്കുന്നു. ഇതിനുശേഷം കുടമണ്‍പിള്ളയും കൂട്ടരും കൊട്ടാരത്തില്‍ എത്തിയെങ്കിലും ആരെയും കാണുന്നില്ല. തന്റെ കൂടെയുള്ള ഭൃത്യനെ പഠാണി പാളയത്തിലേക്ക് അയച്ചശേഷം കുടിയാന്മാരുടെ വേഷത്തിലുള്ള മാര്‍ത്താണ്ഡവര്‍മ്മ, പരമേശ്വരന്‍പിള്ള, രാമയ്യന്‍ എന്നിവരുമൊത്ത് പോകുന്ന സുഭദ്രയെ രാമന്‍തമ്പി കണ്ടുവെങ്കിലും, സുഭദ്ര സന്ദര്‍ഭാനുസൃതമായി തമ്പിയുടെ കൃത്യങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും രാമന്‍തമ്പിക്ക് സുഭദ്രയോടുള്ള അനാദരവ് കാരണവും സുഭദ്രയും കൂട്ടരും ശ്രദ്ധിക്കപ്പെടാതെ എളുപ്പത്തില്‍ അവിടെ നിന്ന് നീങ്ങുന്നു. രാമന്‍ തമ്പിയും കൂട്ടരും ദൂരത്തായപ്പോള്‍ മുന്നുപേരെയും ഒരു ആല്‍മരചുവട്ടിലാക്കി സുഭദ്ര തന്റെ ഗൃഹത്തിലേക്ക് തനിയെ പോയി. നാലഞ്ചു ചുമടു വഹിക്കുന്ന ഭൃത്യന്മാരോടൊപ്പം വന്ന് അവിടന്ന് പോകുവാന്‍ തയ്യാറെടുക്കുമ്പോള്‍ തീരുമുഖത്തുപിള്ള അവിടെ എത്തി
യുവരാജാവിനെ തിരിച്ചറിയുന്നു. സ്വന്തം സഹോദരനെ വധിക്കുവാന്‍ കൂട്ടുനിന്ന യുവരാജാവിനെ സഹായിക്കുന്നത് എന്തിനെന്ന് തിരുമുഖത്തുപിള്ള സുഭദ്രയോട് ചോദിക്കുകയും, എന്നാല്‍ അനന്തപത്മനാഭന്‍ മരിച്ചിട്ടില്ല എന്നുറപ്പുകൊടുത്ത സുഭദ്രയുടെ നിര്‍ബന്ധത്തിനു വഴങ്ങി താനാണ് സുഭദ്രയുടെ പിതാവെന്ന് തിരുമുഖത്തുപിള്ള അറിയിക്കുന്നു. സുഭദ്ര വീട്ടിലേക്കും യുവരാജാവും കൂട്ടരും തിരുമുഖത്തുപിള്ളയോടൊത്ത് കിഴക്കോട്ടും തിരിക്കുന്നു. അതേസമയം കൊട്ടാരത്തില്‍ ആരും ഇല്ലാതിരുന്നതിനാല്‍ മാങ്കോയിക്കല്‍ ഭടന്മാര്‍ താവളമടിച്ചിരിക്കുന്ന മണക്കാട്ടേക്ക് പട നയിക്കാന്‍ തീരുമാനിച്ച് എട്ടുവീട്ടില്‍പിള്ളമാരും തമ്പിമാരും അവിടെ നിന്ന് പുറപ്പെടുന്നു.

എന്നാല്‍ മാങ്കോയിക്കല്‍ ഭടന്മാര്‍ സുഭദ്രയുടെ ഭൃത്യനാല്‍ വിവരം അറിയിക്കപ്പെട്ടതിനാല്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറെടുത്തിരുന്നു. എണ്ണത്തില്‍ കുറവായിരുന്നെുവെങ്കിലും തമ്പിമാരുടെ പടയെ മാങ്കോയിക്കല്‍ ഭടന്മാര്‍ എതിര്‍ക്കുന്നു. ശത്രുക്കളാല്‍ കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് അവിടെ എത്തിയ ഷംസുഡീന്റെയും ബീറാംഖാന്റെയും നേതൃത്വത്തിലുള്ള പഠാണി പടയാളികള്‍ തമ്പിമാരുടെ സേനയോട് ഏറ്റുമുട്ടുന്നു. ഷംസുഡീന്‍ പത്മനാഭന്‍തമ്പിയുമായി ഏറ്റുമുട്ടുമ്പോള്‍ ബീറാംഖാന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് തന്നെ പിരിച്ച സുന്ദരയ്യനുമായി ഏറ്റുമുട്ടാന്‍ കുതിക്കുന്നു, എന്നാല്‍ സുന്ദരയ്യന്റെ പ്രഹരത്താല്‍ ബീറാംഖാന്റെ കുതിര വീഴുകയും ബീറാംഖാന്‍ കുതിരയ്ക്കടിയില്‍ കുടുങ്ങുകയും ചെയ്യുന്നു. സുന്ദരയ്യന്‍ ബീറാംഖാനെ വകവരുത്തുവാന്‍ മുന്നേറുന്നു. എന്നാല്‍ കുതിരയുടെ അടിയില്‍ നിന്ന് ഒരു വിധത്തില്‍ വിടുവിച്ച് ഉയര്‍ന്നുവന്ന ബീറാംഖാന്‍ സുന്ദരയ്യനെ കുത്തികൊല്ലുകയും അപ്പോള്‍ തന്നെ പടക്കളത്തില്‍ നിന്ന് പോകുകയും ചെയ്യുന്നു. സുന്ദരയ്യന്‍ മരിച്ചതുകണ്ട് നുറഡീനെ കൊല്ലുവാന്‍ വാളോങ്ങിയ പത്മനാഭന്‍തമ്പിയുടെ കയ്യിലേക്ക് ഷംസുഡീന്‍ നിറയൊഴിക്കുന്നു, ഇതിനെ തുടര്‍ന്ന് രാമന്‍തമ്പിയും രാമനാമഠത്തില്‍പിള്ളയും ഷംസുഡീന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും തിരുമുഖത്തുപിള്ളയുടെയും യുവരാജാവിന്റെയും നേതൃത്വത്തില്‍ വന്ന സേന പടക്കളം വളയുകയും എട്ടുവീട്ടില്‍പിള്ളമാരും തമ്പിമാരും അവരുടെ ആളുകളും പിടിയിലാവുകയും ചെയ്തു.

അടുത്തദിവസം മഹാരാജാവിന്റെ മരണാനന്തരക്രിയകള്‍ക്കു ശേഷം ചെമ്പകശ്ശേരിയില്‍ കേരളവര്‍മ്മ കോയിത്തമ്പുരാന്റെ സംരക്ഷണത്തിലായിരുന്ന ഇളയതമ്പുരാനെയും അമ്മതമ്പുരാട്ടിയേയും മാര്‍ത്താണ്ഡവര്‍മ്മ കൊട്ടാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ചെമ്പകശ്ശേരിയില്‍ അനന്തപത്മനാഭന്‍ എത്തി പാറുക്കുട്ടിയുമായുള്ള രണ്ടുവര്‍ഷത്തെ വിരഹം അവസാനിപ്പിക്കുന്നു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ രാജാവായി സഥാനമേറ്റതിനുശേഷം പഠാണി പാളയത്തില്‍ എത്തിച്ചേരുന്നു. രണ്ടുവര്‍ഷം മുമ്പ് വേലുക്കുറുപ്പിനാല്‍ ആക്രമിക്കപ്പെട്ട അനന്തപത്മനാഭനെ പഞ്ചവന്‍കാട്ടില്‍ വച്ച് കണ്ട് തന്റെ മുന്‍ ഭാര്യയായ സുഭദ്രയുമായുള്ള മുഖസാമ്യം തോന്നിയ ബീറാംഖാന്‍ മുന്‍കൈ എടുത്ത് കൊണ്ടുപോയി ചികിത്സിപ്പിച്ചതാണന്ന് മനസ്സിലാവുന്നു. സംഭാഷണം സുഭദ്രയെക്കുറിച്ചായപ്പോള്‍, താന്‍ മോചിപ്പിച്ച കുടമണ്‍പിള്ളയില്‍ നിന്ന് സുഭദ്രയെ രക്ഷിക്കുന്നതിനായി സുഭദ്രയെ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് മാറ്റുവാന്‍ മാര്‍ത്താണ്ഡവര്‍മ്മ അനന്തപത്മനാഭനോട് പറയുന്നു. തന്റെ മുന്‍ ഭര്‍ത്താവിനെ ഓര്‍ത്ത് വിഷമിച്ചിരുന്ന സുഭദ്രയെ വീട്ടിലെത്തിയ കുടമണ്‍പിള്ള മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് വാളാല്‍ വെട്ടുവാന്‍ ഓങ്ങിയപ്പോഴേക്കും ബീറാംഖാന്‍ സുഭദ്രയെ കൊല്ലരുതെന്ന് പറഞ്ഞ് ഓടി വരുകയും, ഇതു കണ്ട സുഭദ്ര ഇനി മരിച്ചാലും വേണ്ടില്ല എന്ന് ദൈവത്തോട് നന്ദി പറഞ്ഞ അടുത്ത നിമിഷത്തില്‍ കുടമണ്‍പിള്ളയുടെ ഖഡ്ഗം സുഭദ്രയുടെ കഴുത്തില്‍ പതിക്കുകയും ചെയ്യുന്നു. കുടമണ്‍പിള്ളയുടെ വാള്‍ ബീറാംഖാന്റെ മേല്‍ പതിക്കുന്നതിന് മുമ്പ് അവിടെ എത്തിയ അനന്തപത്മനാഭന്‍ കുടമണ്‍പിള്ളയെ വധിക്കുന്നു. സുഭദ്രയുടെ മരണവാര്‍ത്ത അറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കണ്ണുനീര്‍ പൊഴിക്കുകയും പപ്പുതമ്പിയുടെ ക്രിയകള്‍ക്ക് പ്രതിക്രിയ താന്‍ തന്നെ നിര്‍വ്വഹിക്കും എന്ന് പറഞ്ഞ് സുഭദ്രയുടെ ഗൃഹത്തിലേക്ക് തിരിക്കുന്നു.
മൂന്നുവര്‍ഷങ്ങള്‍ കടന്നുപോകുന്നു. ഈ കാലത്തിനിടയ്ക്ക് മഹാരാജാവ് മാങ്കോയിക്കല്‍ ഗൃഹം പുതുക്കി പണിത് ‘മാര്‍ത്താണ്ഡന്‍ വലിയ പടവീട്’ എന്ന് നാമകരണം ചെയ്തു. ദേശിങ്ങനാട് മുതലായ നാടുകളിലേക്കുള്ള പടനീക്കത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുഖ്യരക്ഷകനായിരുന്ന അനന്തപത്മനാഭന്‍ ഇപ്പോള്‍ സുഭദ്ര എന്ന് നാമകരണം ചെയ്യപ്പെട്ട പുത്രിയടക്കം കുടുംബസമ്മേതം ചെമ്പകശ്ശേരിയില്‍ പാര്‍ക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപത്മനാഭസേവകനായും പ്രജാപരിപാലകനുമായി കളങ്കരഹിത യശസ്സാര്‍ജ്ജിക്കുന്നതു കണ്ട് ജനങ്ങള്‍ സന്തോഷം കൊണ്ടാടുന്നു. ഇവിടെ നോവല്‍ അവസാനിക്കുന്നു.