ആനന്ദവര്‍ദ്ധനന്‍ സംസ്‌കൃതത്തില്‍ രചിച്ച കാവ്യമീമാംസാ ഗ്രന്ഥമാണ് ധ്വന്യാലോകം. കാവ്യാലോകം എന്നും സഹൃദയാലോകം ഈ ഗ്രന്ഥത്തിന് പേരു നല്‍കിക്കാണുന്നു. ഒന്‍പതാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്നയാളാണ് ആനന്ദവര്‍ധനന്‍. കാവ്യത്തിന്റെ ആത്മാവായി ധ്വനി എന്ന തത്ത്വത്തെ വിശദീകരിക്കുന്നതോടൊപ്പം ധ്വനിയും മറ്റു കാവ്യതത്ത്വങ്ങളുമായുള്ള ബന്ധവും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നു. നാല് ഭാഗമായാണ് ധ്വന്യാലോകത്തിലെ പ്രതിപാദനം. ഓരോ ഭാഗത്തിനും ഉദ്യോതം എന്ന് പേരു നല്‍കിയിരിക്കുന്നു
    ആദ്യരൂപത്തില്‍ കാരികയും ഉദാഹരണ പദ്യഗദ്യഭാഗങ്ങളോടൊപ്പം ഗദ്യരൂപത്തില്‍ വൃത്തിയും ഇടകലര്‍ന്നാണ് രചനാശൈലി. ഇതിലെ നിര്‍വചനപരമായ കാരികാപദ്യങ്ങള്‍ അജ്ഞാത നാമാവായ ഒരു പണ്ഡിതന്‍ രചിച്ചതാണെന്നും വൃത്തിയുടെ രചയിതാവാണ് ആനന്ദവര്‍ധനന്‍ എന്നും കരുതുന്ന പണ്ഡിതന്മാരുണ്ട് . എന്നാല്‍ കൂടുതല്‍ ഗവേഷകരും കാരികയും വൃത്തിയും ആനന്ദവര്‍ധനന്റെതന്നെ എന്നാണ് രേഖപ്പെടുത്തുന്നത്. ഗ്രന്ഥാരംഭത്തിലെ പദ്യത്തില്‍ 'സഹൃദയമനഃപ്രീതിക്കായിട്ട് ധ്വനിയുടെ സ്വരൂപം വിശദീകരിക്കുന്നു' എന്നു പ്രസ്താവിച്ചതില്‍നിന്ന് കാരികാകാരന്റെ നാമം സഹൃദയന്‍ എന്നാകാം എന്ന് പ്രസ്താവം കാണുന്നു. കാവ്യാത്മാവ് ധ്വനിയാണ് എന്ന് തന്റെ പൂര്‍വസൂരികളായ കവികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അസ്തിത്വത്തെ ചില പണ്ഡിതന്മാര്‍ നിഷേധിക്കുന്നു.

'കാവ്യസ്യാത്മാ ധ്വനിരിതി ബുധൈര്‍
യഃ സമാമ്‌നാതപൂര്‍വഃ
തസ്യാഭാവം ജഗദുരപരേ
ഭാക്തമാഹുസ്തദനേ
കേചിദ്വാചാംസ്ഥിതമവിഷയേ
തത്ത്വമൂചുസ്തദീയം
തേനബ്രൂമഃ സഹൃദയമനഃ/പ്രീതയേ തത്സ്വരൂപം.

    ധ്വന്യാലോകം ആദ്യവായനയില്‍ വളരെ സരളമായ പ്രതിപാദനശൈലി പ്രകടമാക്കുന്നു. എന്നാല്‍, അതിലെ ധ്വനിതത്ത്വം പൂര്‍ണമായി മനസ്സിലാക്കുക അനായാസമല്ല. ധ്വന്യാലോകത്തിന് അഭിനവഗുപ്തന്‍ രചിച്ച 'ലോചനം' എന്ന വ്യാഖ്യാനഗ്രന്ഥമാണ് ധ്വനിയുടെ സത്ത സഹൃദയര്‍ക്ക് സുഗ്രഹമാക്കിത്തീര്‍ത്തത്. ലോചനത്തിന് ഉത്തുംഗോദയന്‍ എന്ന പണ്ഡിതന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ചന്ദ്രാദിത്യന്റെ പുത്രനായ കയ്യടന്‍ ധ്വന്യാലോകത്തിന് പ്രൗഢമായ മറ്റൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അഭിനവഗുപ്തന്റെ ലോചനത്തിലെ പല നിരീക്ഷണങ്ങളെയും ഖണ്ഡിച്ചുകൊണ്ട് കേരളീയനായ നീലകണ്ഠശാസ്ത്രി ധ്വന്യാലോകത്തിനു രചിച്ച വ്യാഖ്യാനം ശ്രദ്ധേയമാണ്. ലോചനത്തിന് കേരളീയനായ ദാശരഥി നമ്പൂതിരി അഞ്ജനം എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചു. കേരളീയരായ ഉദയന്‍, രാമപിഷാരടി എന്നിവര്‍ യഥാക്രമം കൗമുദി, ബാലപ്രിയ എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ രചിച്ച വ്യാഖ്യാനങ്ങളും കിട്ടിയിട്ടുണ്ട്.
    മലയാളത്തില്‍ വിവര്‍ത്തനവും പഠനവുമായി അനേകം ഗ്രന്ഥങ്ങള്‍ ധ്വന്യാലോകത്തിനുണ്ടായിട്ടുണ്ട്. ഇതില്‍ ഇ.വി. ദാമോദരന്‍ രചിച്ച ധ്വന്യാലോകത്തെയും ലോചനത്തെയും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം പ്രധാനമാണ്. മലയാളസാഹിത്യത്തിലെ ധ്വനിപ്രധാനമായ സന്ദര്‍ഭങ്ങള്‍ ഉദാഹരണമായി പരിചയപ്പെടുത്തിക്കൊണ്ട് ഡോ.പി.കെ. നാരായണപിള്ള രചിച്ച 'കൈരളീധ്വനി'യെ 'കേരളീയരുടെ ധ്വന്യാലോകം' എന്നു വിശേഷിപ്പിക്കാം.