ഭാരതത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ ലാല്‍ കൃഷ്ണ അദ്വാനിയുടെ ആത്മകഥ.
സ്വതന്ത്രാനന്തരഭാരതത്തിലെ രാഷ്ട്രീയഭാഗധേയം മാറ്റിയെഴുതിയ നിരവധി സംഭവങ്ങളെ അടുത്തുകണ്ട നേതാവായിരുന്നു അദ്വാനി. പലതിലും നേരിട്ട് പങ്കാളിയായി. പലതിനും അണിയറയില്‍ നിന്ന് ചരടുവലിച്ചു. സിന്ധ് പ്രവിശ്യയിലെ ബാലനില്‍ നിന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ അമരത്തേക്കുള്ള ദീര്‍ഘമായ തന്റെ യാത്രയെക്കുറിച്ചാണ് അദ്വാനി പുസ്തകത്തില്‍ പറയുന്നത്.വിഭജനത്തിന് ഇരയാകേണ്ടിവന്ന അഭയാര്‍ഥിയായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്.തന്റെ ജിവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ വ്യക്തികളെ അദ്ദേഹം വിവരിക്കുന്നു. പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യയയാണ് രാഷ്ട്രീയഗുരു. മദര്‍ തെരേസ, ജയ്പ്രകാശ് നാരായണന്‍, രത്തന്‍ ടാറ്റ, എന്‍.ആര്‍. നാരായണമുര്‍ത്തി, തുടങ്ങി അമിതാഭ്ബച്ചന്‍ വരെയുള്ളവരെ പരാമര്‍ശിക്കുന്നുണ്ട്. എന്‍.ഡി.എ ഭരണകാലത്തെക്കുറിച്ചും വാജ്‌പേയിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും 1040 പേജുള്ള പുസ്തകത്തില്‍ വിശദീകരിക്കുന്നു. 1999ല്‍ എയര്‍ ഇന്ത്യ വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്തില്‍ അദ്വാനി ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.