കേരളീയ ജീവിതത്തിന്റെ വിവിധ വശങ്ങളെയും പൈതൃകത്തെയും അപഗ്രഥനം ചെയ്യുന്ന പഠനഗ്രന്ഥമാണ് കേരള സംസ്‌കാര പഠനങ്ങള്‍. പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരാണ് ഈ ഗ്രന്ഥം എഡിറ്റു ചെയ്തത്. മലയാള ഭാഷാപരിണാമം, തമിഴ്‌സംസ്‌കൃത പൈതൃകങ്ങള്‍, പഴയ ഈടുവെപ്പുകള്‍, സാഹിത്യം, വിവര്‍ത്തനം, ഗ്രന്ഥാലയ പാരമ്പര്യം, വിദേശ ബന്ധങ്ങള്‍ എന്നിങ്ങനെ 12 പ്രബന്ധങ്ങളാണ് ഒന്നാം ഭാഗത്ത്. ദര്‍ശനപാരമ്പര്യം, സര്‍വകലാശാലാദി ശാലകള്‍ എന്നീ പഠനപൈതൃകമാണ് അടുത്ത ഭാഗം. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക, ജൈന, ബൗദ്ധ, ജൂത പാരമ്പര്യങ്ങളെപ്പറ്റിയാണ് പിന്നീട്. ക്ലാസിക്, അനുഷ്ഠാനകലകള്‍, ശില്പ,ചിത്രകലാപാരമ്പര്യം, സംഗീതധാരകള്‍, ദൃശ്യകലകള്‍, വാദ്യകലകള്‍, നാടന്‍ കളികളും വിനോദങ്ങളും എന്നിങ്ങനെ സൗന്ദര്യദര്‍ശനവഴിയാണ് നാലാം ഭാഗത്ത്. ശാസ്ത്രം, ശാസ്ത്രസാഹിത്യം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ആയുര്‍വേദം, കൃഷി, ഭൂമിശാസ്ത്രം, ക്ഷേത്രസങ്കല്പം, വാസ്തു, മന്ത്രതന്ത്രപാരമ്പര്യം, നാട്ടുവൈദ്യം, പുരാവസ്തുപഠനം, സമ്പദ് വ്യവസ്ഥ, അളവുകള്‍, സ്ഥലപ്പേരുകള്‍ എന്നിങ്ങനെ അതിവിപുലമായ മറ്റൊരു ആശയലോകമാണ് അഞ്ചാം ഖണ്ഡത്തില്‍. 13 പ്രബന്ധങ്ങള്‍ ഈ ഖണ്ഡത്തിലുണ്ട്.