സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
ആദ്യപതിപ്പ്: സെപ്റ്റംബര്‍, 1993

 പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫിയോദര്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 1996ലെ വയലാര്‍ പുരസ്‌കാരം ഉള്‍പ്പെടെ 8 പുരസ്‌കാരങ്ങള്‍ ഈ കൃതി നേടി. 1992ലെ ദീപിക വാര്‍ഷിക പതിപ്പില്‍ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവല്‍ 1993 സെപ്റ്റംബറില്‍ പുസ്തകമായി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മലയാള കൃതി എന്ന ഖ്യാതി നേടി. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നാണിത്. ഇതു വരെ ഈ നോവലിന് 50 പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
 ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കായയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കൈവശമുണ്ടായിരുന്ന കാശെല്ലാം ചൂതുകളി കേന്ദ്രത്തില്‍ നഷ്ടപ്പെടുത്തിയ ശേഷം നേര്‍ത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ദസ്തയേവ്‌സ്‌കി ദൈവത്തോടു സംസാരിച്ചു തുടങ്ങുന്നത് ഇപ്രകാരമാണ്:
 ' ഓര്‍ത്തു നോക്കുമ്പോള്‍ എന്റെ കാര്യം മഹാകഷ്ടമാണ്. ദരിദ്രനും നിസ്സഹായനും പരാജിതനും ആര്‍ക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവന്‍ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവില്‍ ഹൃദയത്തില്‍ മുറിവുകള്‍ മാത്രം ബാക്കിയാകുന്നു. നന്മകള്‍ മാത്രമുള്ള ഒരാള്‍ ഇന്നേക്കാലം തോറ്റു പോവുകയേ ഉള്ളെന്നാണോ? നന്മകള്‍ മാത്രമുള്ള ഒരാള്‍ എന്ന് ഞാനെന്നേപ്പറ്റി പറയുമ്പോള്‍ അതിരു കടന്ന അവകാശവാദമാണെന്ന് അങ്ങു കരുതുന്നുണ്ടോ? തിന്മ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തില്‍ ഇപ്പോള്‍ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യന്‍ തിന്മ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണത്തില്‍ നിന്നും ഉത്തരവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനില്‍ ആ ദൗര്‍ബല്യങ്ങള്‍ വെച്ചതാരാണ്? '