പെരുമ്പാവൂര്‍ ആസ്ഥാനമായി 1974 തുടങ്ങിയ സാഹിത്യ കൂട്ടായ്മയാണ് ആശാന്‍ സ്മാരക സാഹിത്യ വേദി. കുന്നത്തുനാട് എസ്.എന്‍.ഡി.പി ലൈബ്രറിയില്‍ തുടങ്ങിയ ആശാന്‍ കോര്‍ണര്‍ ആണ് പിന്നീട് ആശാന്‍ സ്മാരക സാഹിത്യ വേദിയായി മാറിയത്. കുന്നത്തുനാട് യൂണിയന്‍ സ്ഥാപക നേതാവായ ഇ.വി കൃഷ്ണന്‍ മുന്‍കയ്യെടുത്താണ് സാഹിത്യവേദി തുടങ്ങിയത്. എല്ലാ മത, സമുദായ, രാഷ്ട്രീയ ചിന്താഗതിക്കാര്‍ക്കും സാഹിത്യ വേദിയില്‍ തുടക്കം മുതല്‍ തന്നെ പ്രവേശനം ലഭിച്ചിരുന്നു. പ്രശസ്ത നോവലിസ്റ്റ് എസ്.കെ മാരാര്‍, ഡോ.കെ.എ ഭാസ്‌കരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരാണ് സാഹിത്യവേദിയുടെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നവരില്‍ ചിലര്‍. പാലാ ശ്രീധരന്‍, മുളക്കുളം പരമേശ്വരന്‍, പി.ആര്‍.ഹരികുമാര്‍, ഇ.വി നാരായണന്‍, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സെക്രട്ടറിമാരായി. തകഴി ശിവശങ്കരപ്പിള്ള, ഉറൂബ്, എസ്.കെ പൊറ്റക്കാട് തുടങ്ങിയ പ്രമുഖ സാഹിത്യകാരന്‍മാര്‍ സാഹിത്യവേദിയുടെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. ഇന്നും സാഹിത്യ വേദി പെരുമ്പാവൂരിലെ സജീവ സാന്നിദ്ധ്യമാണ്. മുടങ്ങാത്ത പ്രതിമാസ കൂട്ടായ്മകളില്‍ വിശിഷ്ട വ്യക്തികള്‍ അതിഥികളായെത്തുന്നു. അംഗങ്ങള്‍ തങ്ങളുടെ രചനകള്‍ വായിച്ച് ചര്‍ച്ച ചെയ്യുന്നു. പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച, അനുസ്മരണങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായുണ്ട്. 2013 മുതല്‍ സാഹിത്യ വേദി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തി. ആദ്യ കഥാ പുരസ്‌കാരം അരുണ്‍ രാമകൃഷ്ണനും കവിതാ പുരസ്‌കാരം അശ്വതി നാരായണനും ലഭിച്ചു.