ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാര്‍ത്ഥം 1978ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിച്ച ട്രസ്റ്റാണ് ചെറുകാട് സ്മാരക ട്രസ്റ്റ്. 1984ല്‍ തിരുവനന്തപുരത്തു നിന്നും ആസ്ഥാനം പെരിന്തല്‍മണ്ണയിലേയ്ക്ക് മാറ്റി. 1978 മുതല്‍ ഈ ട്രസ്റ്റ് ശക്തി അവാര്‍ഡ് എന്ന പേരില്‍ ഓരോ വര്‍ഷവും വിഭിന്ന ശാഖകളില്‍പ്പെട്ട കൃതികള്‍ക്ക് പുരസ്‌കാരം നല്‍കിത്തുടങ്ങിയിരുന്നു. പിന്നീട് ഈ പുരസ്‌കാരം ചെറുകാട് പുരസ്‌കാരം എന്ന പേരിലായി. 1978 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം മെയ്ദിന അക്കാഡമി എന്ന പേരില്‍ നാടകപഠനക്കളരി സംഘടിപ്പിച്ചിരുന്നു. ചെറുകാടിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി പിഷാരസ്യാര്‍ സ്ഥാപക ചെയര്‍പേഴ്‌സണായി തുടക്കം കുറിച്ച ഈ ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രസാധനവുമാണ്.