രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള

 

ചൈനീസ് കവിതകൾ

ദുരന്തരാഗം(ചൊ വെൻ ചൂൺ)

ഹാ, മൽപ്രഭോ ഹൃദയനായക മാനസത്തിൽ
നാമന്നു കാത്തനുഭവിച്ച നവാനുരാഗം
ആ മാമലയ്ക്കുമുകളിൽ പതിവായ് പതിക്കും
തൂമഞ്ഞുപോൽ ധവളകോമളമായിരുന്നു.

ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-
ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി,
സ്ഥീതാഭമാമവയിലൂടവതീർണ്ണമാ,മ-
ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു!

ഓതുന്നിതന്യർ തവ ചിന്തകൾ പെട്ടകൂടി
ചേതസ്സിൽ വിങ്ങിഞെരിയുന്ന വിനാശവൃത്തം.
ഏതാനുമുണ്ടു കഴിവെങ്കിലതൊറ്റയാക്കാ-
നേതാദൃശം കരുതിയെത്തി തവാന്തികേ ഞാൻ.

വന്നാലുമിന്നിനി നമുക്കവസാനമായി-
ട്ടൊന്നിച്ചിരുന്നു നറുമുന്തിരിയാസ്വദിക്കാം
എന്നിട്ടു,നാളെ,യവിടെപ്പുഴവക്കിലോള-
മൊന്നിച്ചുചേർന്നിരുവഴിക്കു പിരിഞ്ഞിപോകാം!

അത്തോടു ചെന്നവിടെവെച്ചിരുശാഖയായി-
ത്തത്തിപ്പിടഞ്ഞു പിരിയുന്നവിടത്തിലെത്തി
ചിത്താധിനായക, ഭവാനോടു യാത്രയും ചൊ-
ന്നുൾത്താപമോടിവൾ തനിച്ചു തിരിച്ചുപോരാം!

ഏകാന്തരംഗയുതനായ് നിജപത്നിതന്റെ
കാർകുന്തളത്തിൽ നവവെൺകളി വീശുവോളം
പോകാതെ, യേകനിയലായ്കിലൊരംഗനയ്ക്കു
ശോകാന്ധയായി വിലപിക്കണമിപ്രകാരം:

“അയ്യോ, ചതിച്ചു വിധിയെന്നെ,യെനിക്കതൊട്ടും

വയ്യേ സഹിപ്പതി, നിതെന്തിനു വന്നുകൂടി?
അയ്യോ, വിധേ, പരമദുർഭഗ ഞാ,നെനിക്കു
വയ്യേ ജഗത്തിലിനിയെന്തിനു ഞാനിരിപ്പൂ?”

കുറിപ്പ് 

സ്റ്റ്യൂ-മാഹ് സ്യാങ്-ജൂ ചെറുപ്പക്കാരനായ ഒരു കവി ആയിരുന്നു. ശാരീരികമായ അസ്വാസ്ഥ്യം നിമിത്തം രാജധാനിയിലെ ഉദ്യോഗം അദ്ദേഹത്തിന് നഷ്ടമായി.

ധനാഢ്യനായ ഒരു മാടമ്പിയുടെ മകളായിരുന്നു ചൊ-വെൻ-ചൂൺ. ഒരു ദിവസം അവളുടെ പിതാവ് പ്രമാണികളായ പലരേയും ക്ഷണിച്ചുവരുത്തി ഒരു സത്കാരം നടത്തി. ഹ്സ്യാങ്-ജൂ അതിൽ പങ്കുകൊണ്ടിരുന്നു. അദ്ദേഹം മധുരമായി പാടി. ആ പാട്ടിൽ മയങ്ങിപ്പോയ അവൾ അന്നു തന്നെ അദ്ദേഹവുമൊന്നിച്ച് അവിടെനിന്നും ഒളിച്ചോടി.

ദൂരെയുള്ള ഒരു നഗരിയിൽച്ചെന്ന് ഒരു ‘വൈൻകട’ നടത്തിക്കൊണ്ടു പാർപ്പുറപ്പിച്ചു. അധികനാൾ കഴിയുന്നതിന്നുമുമ്പ് ഒരു കവിയെന്ന നിലയിൽ ഹ്സ്യാങ്-ജൂവിന്റെ കീർത്തി നാടെങ്ങും പരന്നു. എന്നാൽ അതോടൊപ്പം പണക്കൊതിയും പെൺകൊതിയും അദ്ദേഹത്തെ അധഃപതിപ്പിക്കാൻ തുടങ്ങി. പ്രേമഗാനരചന അദ്ദേഹം ഒരു വ്യാപാരമാക്കി. ചക്രവർത്തിയുടെ പ്രീതി സമ്പാദിക്കുന്നതിനായി കൊട്ടാരത്തിലെ സ്ത്രീകൾ ആ കവിതകൾ വിലയ്ക്കുവാങ്ങിക്കൊണ്ടുപോയി തിരുമുൽക്കാഴ്ചവച്ചുപോന്നു…

മോ-ലിംങിലെ സ്ത്രീകൾക്കു വിലപിടിച്ച പല സമ്മാനങ്ങളും കൊടുത്ത് അദ്ദേഹം സുന്ദരിയായ ഒരു യുവതിയെ തന്റെ വെപ്പാട്ടിയാക്കി വെച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അനാശാസ്യമായ ഒരു പ്രവൃത്തിയാണ്, സാധ്വിയും സുശീലയുമായ ചൊ-വെൻ-ചൂണിന്റെ ‘ദുരന്തരാഗം’ എന്ന പദ്യത്തിലെ വിഷാദാത്മകത്വത്തിന് അടിസ്ഥാനം.

Related Posts

നാരായണീയം

കാന്താ താമസമെന്തഹോ

ജാതിക്കുമ്മി