(അണിയറയില്‍)

ചന്ദ്രികേ!….ചന്ദ്രികേ!…

രമണന്‍/ഭാഗം രണ്ട്

ഉപക്രമരംഗം (ഗായകസംഘം)

ഒന്നാമത്തെ ഗായകന്‍

ഒരു നവസുരഭിലഭാവനയെ
ഓമനിച്ചോമനിച്ചാട്ടിടയന്‍
അനുപമസുലളിതവനതലത്തി
ലാനന്ദലോലനായാഗമിപ്പൂ!

രണ്ടാമത്തെ ഗായകന്‍

അവനുടെ വരവിലത്തരുനിരയി
ലാലോലമര്‍മ്മരമങ്കുരിപ്പൂ!

മൂന്നാമത്തെ ഗായകന്‍

അവനുടെ കുളിര്‍നീലശിലാതലത്തി
ലാരുണ്യവല്‌ളികള്‍ പൂപൊഴിപ്പൂ!

ഒന്നാമത്തെ ഗായകന്‍

ഒരുമിച്ചു നിവസിച്ചോരജങ്ങളെല്‌ളാം
ഓരോ വഴിയായതാ പിരിഞ്ഞു!
(അണിയറയില്‍ മധുരമായ ഒരു ഓടക്കുഴല്‍വിളി)

രണ്ടാമത്തെ ഗായകന്‍

മുരളിയുമെടുത്തവന്‍ വനതലങ്ങള്‍
ചാരുസംഗീതത്തില്‍ മുക്കിടുന്നു.

മൂന്നാമത്തെ ഗായകന്‍

ഉലകിനെ മറന്നവനുദിതരാഗന്‍
നാദബ്രഝത്തിലലിഞ്ഞുടുന്നു.
(പോകുന്നു)