സമ്പത്തിങ്കലുമാപത്തിങ്കലു-
മെമ്പത്തെട്ടു സഹസ്രം ബ്രാഹ്മണ-
രെപ്പൊഴുമവരൊടുകൂടി നടക്കുമ-
തിൽപരമെന്തൊരു ഭാഗ്യം വേണ്ടൂ;
ഇപ്പോഴർജ്ജുനനവിടത്തില്ല
അൽപം നീരസമതുകൊണ്ടുണ്ട്.”
“എങ്ങു ഗമിച്ചു ഫൽഗുനനിപ്പോൾ?”
“നിങ്ങളതാരും ബോധിച്ചില്ലേ?
പാരാശര്യൻ വന്നരുൾചെയ്തു
പാരാതെകണ്ടർജ്ജുനനിപ്പോൾ
മാരാന്തകനുടെ ചരണാംഭോരുഹ-
മാരാധിച്ചു തപം ചെയ്തുടനെ
പശുപതിതന്നൊടു പാശുപതാഖ്യം
ശരവും വാങ്ങി വരേണം വിജയൻ
അല്ലാതേകണ്ടരികളെയെല്ലാം

കൊൽവാനെളുതല്ലെന്നരുൾ ചെയ്തു;
തെല്ലും മടികൂടാതേ പാർത്ഥൻ
വില്ലും ശരവുമെടുത്തു തിരിച്ചു
കൈലാസാചലമൂലേ ചെന്നഥ
കാലാന്തകനെസ്സേവ തുടങ്ങി:
ശരവും വാങ്ങിക്കൊണ്ടു ധനഞ്ജയ-
നൊരുമാസത്തിനകത്തു വരുമ്പോൾ
കുരുവംശത്തെ മുടിപ്പാനുൾളൊരു
പെരുവഴിയാമൊരു സംശയമില്ലാ.”
അന്തണരുടെ മൊഴി കേട്ടു സുയോധന-
നന്തസ്താപം വളരെ മുഴുത്തു;
“കൌൻതേയൻറെ തപസ്സു മുടക്കാ-
നെന്തൊരു കുസൃതി വിചാരിക്കേണ്ടു?
അമ്മാവൻറെ പ്രയത്നമിതെന്നയേ
നമ്മാലൊരു കഴിവില്ലെന്നറിവിൻ;
ധർമ്മാത്മജനും സഹജൻമാർക്കും
ഉമ്മാനും വകയുണ്ടെന്നല്ലവർ ബഹു-
സമ്മാനങ്ങളുമാശു തുടങ്ങി
സമ്മോദാൽ മരുവുന്നിതുപോലും!
നിർമ്മാനുഷവിപിനത്തിലിരുന്നവർ
ധർമ്മം ചെയ്തു തുടർന്നതു കൊള്ളാം!
അതിനേക്കാളൊരു ദുർഘടമിപ്പോൾ
അതിയായിട്ടു നമുക്കു ഭവിക്കും;
ഹരനെച്ചെന്നു തപസ്സും ചെയ്തൊരു
ശരവും വാങ്ങി വരുമ്പോൾ വിജയൻ
കുരുവംശത്തെ മുടിപ്പാനുള്ളൊരു
പെരുവഴിയാമൊരു സംശയമില്ലാ.”
വിരുതൻ ശകുനി പറഞ്ഞാനപ്പോൾ:
“മരുമകനേ! നീ ഖേദിക്കേണ്ടാ
നമ്മുടെ കൂട്ടിൽ പ്രാണനിരിക്കെ
ധർമ്മജനിവിടെ വരത്തില്ലുണ്ണീ!
മർമ്മം നോക്കിക്കൊണ്ടു ചതിപ്പാൻ
നമ്മെപ്പോലൊരു മാനുഷനില്ല;
മറുതല തല പൊക്കാതെയിരിപ്പാൻ
മരുമകനേ! ചില വിദ്യയെടുക്കാം;
അറുതി കൊടുപ്പാൻ കൂടീല്ലെങ്കിൽ
പൊറുതി കെടുപ്പാൻ ഞാൻ മതിയാകും;