ചമ്പതാളം

അമരവരതനയനുടെയുരുതരതപോബലാൽ
ആകേ ദഹിച്ചുതുടങ്ങീ മഹീതലം
കരടി, കരി, ഹരി, ഹരിണ, ശരഭ, മഹിഷങ്ങളും
കാട്ടുതീ തട്ടിദ്ദഹിക്കും കണക്കിനേ;
മനുജനുടെ പരവശത വിരവിനൊടു കണ്ടുടൻ
മാമുനീന്ദ്രന്മാർ പുറപ്പെട്ടു മെല്ലവേ;
തരണിമുനി, ഹരിണമുനി, കുശികമുനി, യെന്നിവർ
വാമദേവൻ, ദണ്ഡി, നാരദൻ, വ്യാസനും,
കലശഭവമുനിതിലക, നധികനിശിതൻ തഥാ
കണ്വൻ, പുലസ്ത്യനും, പിന്നെ വാൽമീകിയും
പല മുനികളിവരധികമതിരയമിയന്നുടൻ
പാർവ്വതീകാന്തനെക്കാണ്മാൻ പുറപ്പെട്ടു;
വിരവിനൊടു രജതഗിരിയുടെ മുകളിലേറിനാർ,
വിശ്വൈകനാഥനെ വാഴ്ത്തിനിന്നീടിനാർ;
ഭുവനപതിഭവനമതിലിയലുമതിവീരരാം
ഭൂതങ്ങൾ ചെന്നങ്ങുണർത്തിച്ചു മെല്ലവേ:
“അരവകുലമതികലയുമണിയുമഖിലേശ്വരാ!
ആവലാതിക്കാർ വരുന്നുണ്ടൊരുവിധം

രുചിരതരജടമുടിയുമധികമിഹ താടിയും
ചാരുരുദ്രാക്ഷവും യോഗപട്ടങ്ങളും
സുരമുനികൾ പലരുമുടനപി ച ജലപാത്രവും
മാമുനിമാരുടെ വേഷം മനോഹരം;
വിരവിനൊടു മുനികൾ തവ കഴലിണ വണങ്ങുവാൻ
കാലവും പാർത്തു വാഴുന്നു ബാഹ്യാങ്കണേ.”

ഇങ്ങനെയുൾളൊരു ഗിരമാകർണ്യ
കഞ്ജശരാരിയുമരുളിച്ചെയ്തു;
“ആശ്രിതരാകിന താപസവരരെ
ആശു വരുത്തുക വിരവിനെടേ പോയ്.”
കിങ്കരവരരതു കേട്ടുടനെ മുനി-
സംഘങ്ങളെയും ചെന്നു വരുത്തി.

ചമ്പതാളം

മുനിവരരുമതുപൊഴുതു മുഹുരപി നമിച്ചുടൻ
മുഗ്ദ്ധേന്ദുചൂഡനോടേവമോതീടിനാർ;
“പരമശിവ! പുരമഥന! വരദ! കരുണാനിധേ
പാർവ്വതീകാന്ത! നമസ്തേ നമോസ്തുതേ!
കനകനിറമുടയഫണിനികരമണികുണ്ഡല!
കാലാര കാലാരിദേവ! നമസ്തേ നമോസ്തുതേ!
നിടിലതടനയനപുട! നിഹതകുസുമായുധ!
നിർമ്മലാകാര! നമസ്തേ നമോസ്തുതേ!
സകല സുരമുനി മനുജദനുജകുലവന്ദിത!
സർവ്വേശശംഭോ! നമസ്തേ നമോസ്തുതേ!

ദന്തിമഹാസുരനിധനം ചെയ്തൊരു
നിന്തിരുവടി വടിവോടറിയണം
കുന്തീസുതനുടെ നിയമമതാകിന
ചെന്തീക്കനലതിലയ്യോ! ശിവശിവ!
വെന്തിടുന്നു ജഗത്രയമെല്ലാം
നിന്തിരുവടിയറിയാത്തതുമല്ലാ;
ചിന്തിതമാകിയ വരദാനത്തിനു-
മെന്തിനു താമസമഖിലാധീശ!
ഭവനാം ഭഗവാൻ ത്രിപുരൻമാരുടെ
ഭവനം മൂന്നേ ചുട്ടതുമുള്ളു;
തവപദസേവിതനാകിയ പാർത്ഥൻ
ഭുവനം മൂന്നും ഭസ്മമതാക്കും;
അവനും പാരം മേനി മെലിഞ്ഞു
ശിവനേ! യൊരുപിടിയെല്ലേയുള്ളു;
ദിവസംതോറും കൃശനായാൽ പുന-
രവസാനം വരുവാനുമടുത്തു;
‘വരമവനേകീലെന്നല്ലവനുടെ
മരണവുമാശു വരുത്തി മഹേശൻ;
തരമല്ലാത്തവനെസ്സേവിക്കരു-
തെ’ ന്നൊരു ദൂഷണമങ്ങു ഭവിക്കും;
എന്തിനു ശിവനെസ്സേവിക്കുന്നു?
ചിന്തിതമൊന്നു ലഭിക്കയുമില്ല
അന്തം വരുവാനെളുതാം നമ്മുടെ
കുന്തീസുതനു പിണഞ്ഞതുപോലെ;
ശത്രുജയത്തിനു ശിവനെക്കണ്ടാ-
ലെത്രയുമെളുതെന്നൊരു മുനി ചൊല്ലി;
ആയതു നേരെന്നോർത്തൊരു ഭോഷൻ
രാവും പകലും മടി കൂടാതെ
കായക്ലേശം ചെയ്തു തുടങ്ങി
കായും കനിയും കൂടി വെടിഞ്ഞു
ഊണുമുറക്കവുമൊക്കെ വെടിഞ്ഞൊരു
തൂണു കണക്കേ നിന്നു ഭജിച്ചു;
എങ്ങും ശിവനെക്കണ്ടതുമില്ലവ-
നങ്ങനെ നിന്നു മരിച്ചേയുള്ളു.
സേവിച്ചവരെ കൂറില്ലാത്തൊരു
ദേവന്മാരെച്ചെന്നു ഭജിച്ചാൽ
ഏവം ഫലമെന്നുള്ളപവാദം
കേവലമിന്നു ഭവാനു ഭവിക്കും;
നിങ്കലപശ്രുതി കേൾക്കുംപൊഴുതിൽ
സങ്കടമടിയങ്ങൾക്കു മഹേശാ!
ശങ്കരശംഭോ! ശതമഖതനയനു
ശങ്കരനായി വരേണം ഭഗവാൻ.”