നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണ നിധിപതി സദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിലനാഹതരത്നം
പരിജനപാലനപരിചയശീലൻ
പരിപാലിച്ചരുളീടുകധീശൻ
ഗുരുനാഥൻ മമ ഗുണഗണമേറിയ
ധരണിസുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി;
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന-
രുള്ളിലിരുന്നരളുന്നു സദാ മേ;
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ-
രുള്ളം തന്നിൽ രസിച്ചീടേണം;
വെള്ളിച്ചുരികയിളക്കിപ്പലപല
പുള്ളിപ്പുലി കടുവാ മഹിഷാദിക-
ളുള്ള വനങ്ങളിൽ വേട്ടയുമാടി-
പ്പള്ളിക്രീഡാതൽപരനാകിന
തകഴിയിൽ വാണരുളീടിന ഭഗവാൻ
അളകാകൃതിയാം ഹരിഹരതനയൻ

സകല വരപ്രദനപ്രതിമാനൻ
സുകൃതിഗുണങ്ങൾ വരുത്തീടേണം;
കവിമാതാവേ! ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം.
സജ്ജനസഭയുടെ സുഭഗത്വംകൊ-
ണ്ടിജ്ജനമൊന്നു പ്രയോഗിക്കുമ്പോൾ
ദുർജ്ജനമെങ്കിലുമതിനെക്കൊണ്ടൊരു
ദൂഷണമൊരുവൻ ചൊല്ലുകയില്ല;
നല്ല ജനങ്ങടെ സഭയിൽ ചെന്നാൽ
വല്ലതുമവിടെശ്ശോഭിതമാവും;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൌരഭ്യം;
സുജനഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചൊല്ലാമായതു
മാനുഷരെല്ലാം കേട്ടറിയേണം

കർണ്ണാരുന്തുദമൻതരേണ രടിതം
ഗാഹസ്വ കാക! സ്വയം
മാകന്ദം മകരൻദശാലിനമിഹ
ത്വാം മൻ മഹേ കോകിലം
രമ്യാണി സ്ഥലവൈഭവേന കതിചി
ദ്വസ്തൂനി കസ്തൂരികാം
നേപാളക്ഷിതിപാലഫാലപതിതേ
പങ്കേ ന ശങ്കേത കഃ