സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നിത്യപിതാവിന്റെ സൂനുവാം രക്ഷകന്‍
ക്രിസ്തുമഹേശ്വരനേശുനാഥന്‍
മൃത്യുവരിച്ചവന്‍ മര്‍ത്ത്യന്‍ തന്‍ പാപങ്ങ-
ളൊക്കെ വഹിച്ചു വന്‍ ക്രൂശിലേറി
അക്ഷയ ദീപ്തിയോടുത്ഥാനവും ചെയ്തു
മോക്ഷത്തിന്‍ വാതില്‍ തുറന്നു തന്നു
രക്ഷകനേശുവാം ക്രിസ്തുനാഥന്‍ തന്റെ
അക്ഷയ ശാന്തിദമുത്ഥാനത്താല്‍
ഞങ്ങള്‍ക്കതേ ഭാഗ്യമുണ്ടാകുമെന്നുള്ള
പ്രത്യാശ വീണ്ടുമുദിച്ചുവല്ലൊ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ