ഉത്തര കേരളത്തില്‍, വിശേഷിച്ച്, കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ ദേശങ്ങളില്‍ ആടുന്ന ചില തെയ്യങ്ങളാണിത്. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ് മാപ്പിളത്തെയ്യം. ഹിന്ദു-മുസ്ലീം മതവിശ്വാസികള്‍ പരസ്പരം സഹകരിച്ചാണ് ഈ കലാരൂപം കെട്ടിയാടുന്നത്. ഈ തെയ്യങ്ങള്‍ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കണക്കാക്കുന്നത്. മാവിലന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ചാമുണ്ഡിതെയ്യവുമായി ബന്ധപ്പെട്ട കഥയാണ് ഈ തെയ്യങ്ങള്‍ക്കുള്ളത്.

കാസര്‍ഗോഡ് ജില്ലയിലെ കമ്പല്ലൂര്‍ ഗ്രാമത്തിലുള്ള അതിപുരാതന നായര്‍ തറവാടാണ് കമ്പല്ലൂര്‍ കോട്ടയില്‍. ഏകദേശം 700 വര്‍ഷം പഴക്കമുള്ള തറവാടിന്റെ അധീനതയില്‍ കുടക് മല മുതല്‍ പെരുമ്പട്ട (ഇന്നത്തെ കാസര്‍ഗോഡ് ) വരെ 15000 ഏക്കര്‍ സ്ഥലമായിരുന്നു. അക്കാലത്ത് കൃഷിയില്‍ നിന്നും ലഭിക്കുന്ന ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ വലിയൊരു ധാന്യപ്പുരയും തറവാടിലുണ്ടായിരുന്നു. ആ തറവാടായിരുന്നു സമീപ വാസികള്‍ക്ക് ആശ്രയം. അവിടത്തെ പാടങ്ങളില്‍ കൃഷിചെയ്തിരുന്ന ജനങ്ങള്‍ കുടിയാന്‍മാരായിരുന്നു. തറവാടിന്റെ അധീനതയിലുള്ള പ്രദേശം വനനിബിഡമായിരുന്നു. തറവാട്ടുകാര്‍ക്കോ സമീപവാസികള്‍ക്കോ അസുഖം വന്നാല്‍ വൈദ്യസഹായം ലഭിക്കണമെങ്കില്‍ ഏകദേശം മൂന്നുമണിക്കൂറോളം പയ്യന്നൂരിലേക്ക് നടന്നുപോകണമായിരുന്നു. അതിനാല്‍ ഈ തറവാട്ടില്‍ ഔഷധസസ്യശേഖരണവും അതിനായി ധാന്യപ്പുരയുടെ മുകളില്‍ ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. സമീപവാസികള്‍ക്കും അതിന്റെ ഗുണം ലഭിച്ചിരുന്നു. കോട്ടയില്‍ തറവാടിന്റേയും പ്രദേശവാസികളുടേയും രക്ഷകയായിട്ട് തൊട്ടരികിലായി ഭഗവതിയും ഭഗവതിയുടെ കാര്യകര്‍ത്താവ് എന്നനിലയില്‍ കരിംഞ്ചാമുണ്ഡിയായിരുന്നു. ശാന്ത സ്വരൂപിണിയായ ഭഗവതി അരുള്‍ച്ചെയ്യുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുതരുന്നത് ചാമുണ്ഡിയാണ്. അതുകൊണ്ടുതന്നെ ആപത്തുകാലത്ത് ഭഗവതിയെ ശരണം പ്രാപിക്കും. അത്തരമൊരു സന്ദര്‍ഭത്തിലാണ് മുസ്ലീം മതപ്രചാരത്തിനായി സൈനുദ്ദീനും കൂട്ടരും പുളിങ്ങോട്ടെത്തിയത്. ഇവരെ സ്വീകരിച്ചതും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുത്തതും കമ്പല്ലൂര്‍ തറവാട്ടിലെ നായന്മാരായിരുന്നു. കൂടാതെ മതകര്‍മ്മങ്ങളനുഷ്ടിക്കുന്നതിനായി ഒരു ഷെഡ്ഡും നിര്‍മിച്ച് നല്‍കി . മാംസാഹാരികളായ മുസ്ലീം സന്ദര്‍ശകര്‍ മത്സ്യബന്ധനത്തിനായി പുളിങ്ങോട്ട് പുഴ പാട്ടത്തിനെടുത്തു. പിന്നീട് തറവാട്ടുകാര്‍ തന്നെ പുളിങ്ങോട്ട് പള്ളി നിര്‍മിച്ച് കൊടുക്കുകയും ചെയ്തു. അന്ന് പുളിങ്ങോം പള്ളിയില്‍ ഉറൂസ് നടത്തുമ്പോള്‍ പന്തലിടുന്നതും മറ്റെല്ലാ സഹായം ചെയ്തിരുന്നതും കോട്ടയില്‍ തറവാടായിരുന്നു. സുപ്രധാനമായ ഒന്നാണ് ഉറൂസ് ദിനം കുറിക്കുന്നത്. അന്ന് കോട്ടയില്‍ തറവാട്ടില്‍ പള്ളിയിലെ ഭാരവാഹികള്‍ വന്ന് ഉറൂസ് ദിനം കുറിക്കുന്നതിനുമുമ്പ് തറവാട്ടു കാരണവരോട് സമ്മതം ചോദിക്കുമ്പോള്‍ തറവാടിന്റെ പടിഞ്ഞാറ്റയില്‍ നിന്ന് കോട്ടയിലമ്മ നാക്കിലയില്‍ മഞ്ഞള്‍ പ്രസാദം കൊണ്ടുവന്ന് പള്ളിയിലെ ഭാരവാഹികള്‍ക്ക് കൊടുക്കും. ആ പ്രസാദം കയ്യേല്‍ക്കുന്നതോടെ ഉറൂസിന്റെ ദിനം കുറിക്കും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച ഈ ആചാരം ഇന്നും തുടരുന്നു. പുളിങ്ങോട്ട് പള്ളിയിലെ കളന്ദന്‍ മുക്രിയുടെ മരണത്തെ തുടര്‍ന്ന് മുക്രി കരിഞ്ചാമുണ്ടിയോടൊപ്പം ദൈവരൂപം പൂണ്ടു എന്നാണ് ഒരു ഐതിഹ്യം. നര്‍ക്കിലക്കാട് മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളത്തെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്. വള്ളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്ത്തിക്കൊന്നു എന്നാണ് വിശ്വാസം. തുടര്‍ന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെക്കൂട്ടി എന്നാണ് മറ്റൊരു ഐതിഹ്യം. മാപ്പിളത്തെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ സൂചന കാണാം. ഇത്തരത്തില്‍ പല തെയ്യങ്ങള്‍ക്കും വ്യത്യസ്ത ഉത്ഭവകഥകളും നിലവിലുണ്ട്.
കമ്പല്ലൂര്‍ തറവാട്ടിന്‍ മുറ്റത്ത് ഇന്നും വര്‍ഷാവര്‍ഷം മാപ്പിളത്തെയ്യം കെട്ടിയാടിക്കാറുണ്ട്. തറവാട്ടിന്റെ കിഴക്കുഭാഗത്തു നിന്നും കരിഞ്ചാമുണ്ടി എഴുന്നള്ളുമ്പോള്‍ എതിര്‍ദിശയില്‍ നിന്നും കളന്ദന്‍ മുക്രിയുടെ തെയ്യവും വരുന്നു. നടുവൊടിഞ്ഞ രീതിയിലാണ് കരിഞ്ചാമുണ്ടിയുടെ കോലം കെട്ടിയാടിക്കുന്നത്. കളന്ദന്‍ മുക്രിത്തെയ്യത്തിനു തോറ്റം പാട്ടുകള്‍ നിലവിലില്ല. ജനങ്ങള്‍ കളവുപോയതു വീണ്ടുകിട്ടുന്നതിനായി ഇവിടെ നേര്‍ച്ചകള്‍ പറയും. വെള്ളികൊണ്ടുള്ള കണ്ണ്, ചെവി, ഞരമ്പ് എന്നിവയാണ്. ബാങ്ക് വിളിയും നിസ്‌ക്കാരവും മാപ്പിളത്തെയ്യത്തിന്റെ പ്രത്യേകതയാണ്.

പ്രധാന മാപ്പിളത്തെയ്യങ്ങള്‍

ആലിത്തെയ്യം(ആലിച്ചാമുണ്ഡി തെയ്യം)
ഉമ്മച്ചിത്തെയ്യം
ബപ്പിരിയന്‍ തെയ്യം
മുക്രിപോക്കര്‍ തെയ്യം(പോക്കര് തെയ്യം)
കോയിക്കല്‍ മമ്മദ് തെയ്യം-കലന്തറ് മുക്രി
കരിഞ്ചാമുണ്ടി തെയ്യം