ഊഞ്ഞാല്‍പ്പാട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പാടികേള്‍ക്കാം. ധനുമാസത്തിലെ ആതിരോത്സവത്തിന്റെ മുഖ്യചടങ്ങാണ് ഊഞ്ഞാലാട്ടം. കുളികഴിഞ്ഞ് കുളക്കടവില്‍ നിന്നുതന്നെ ഈറന്‍ മാറ്റി കുറിതൊട്ട് മടങ്ങിവന്ന് മുറ്റത്തുകെട്ടിയ ഊഞ്ഞാലില്‍ കുറേസമയം ആടിക്കളിക്കും. തിരുവാതിരനാള്‍ രാത്രിയിലും ഊഞ്ഞാലാട്ടം പതിവുണ്ട്. ചില പ്രദേശങ്ങളില്‍ ആതിരോല്‍സവത്തിന് ഊഞ്ഞാലാട്ടം പ്രധാനമല്ല. എന്നാല്‍ ഓണക്കാലത്ത് ഊഞ്ഞാലാട്ടം സര്‍വ്വസാധാരണമാണ്.സുന്ദരീകല്യാണം, ഹരിശ്ചന്ദ്രചരിതം, ദമയന്തീസ്വയംവരം, സീതാസ്വയംവരം, കുചേലവൃത്തം, മഹാബലിചരിതം, മത്സ്യഗന്ധീചരിതം, സൂതിവാക്യം തുടങ്ങി അനേകം ഊഞ്ഞാല്‍പ്പാട്ടുകള്‍ പ്രചാരത്തിലുണ്ട്. ഗര്‍ഭാരംഭം മുതല്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്ന ഒരു ഗാനമാണ് സൂതികര്‍മ്മം ഊഞ്ഞാല്‍പ്പാട്ട്.

‘സംസാരബന്ധമൊഴിപ്പതിന്നു

കംസാരിതന്റെ കഥകള്‍ നല്ലൂ’

എന്ന ‘നല്ലൂപ്പാട്ട്’ ഒരു ഊഞ്ഞാല്‍പ്പാട്ടാണ്. ഓണത്തിനും മറ്റും പാടുന്ന ചില ഊഞ്ഞാല്‍പ്പാട്ടുകള്‍ ചില ആദിവാസികള്‍ക്കിടയിലുമുണ്ട്.