സച്ചിദാനന്ദന്‍

സ്‌കൂള്‍ മൂത്രപ്പുരയുടെ പായല്‍ പടര്‍ന്ന
ചുവരില്‍ കൂര്‍മ്പന്‍കല്ലുകൊണ്ട്
രാവണന്‍ + സീത
എന്ന് എഴുതിയിട്ട് എന്തായി?
വാത്മീകിക്കുപോലും തടുക്കാനായില്ല,
സീതയുടെ അഗ്നിപരീക്ഷ.
ഒടുവില്‍ സ്വന്തം പാപം തിരിച്ചറിഞ്ഞു
രാമനും പുഴയില്‍ചാടി മരിച്ചു.

പുഴത്തീരത്തെ തന്റെ വീടുചുമരില്‍
കരിക്കട്ടകൊണ്ടു ഷേക്‌സ്പിയര്‍
ആന്റണി + ക്‌ളിയോപാട്ര
എന്ന് എഴുതിയിട്ടത്രേ.
അതും ഒടുങ്ങി ദുരന്തത്തില്‍.
സീസറിന്റെ പ്രേതം ചെയ്യിച്ചതാകാം:
ക്‌ളിയോപാട്രയ്ക്ക് സര്‍പ്പചുംബനം,
ആന്റണിക്ക് സ്വന്തം വാള്‍.

ഒരിക്കല്‍ നാട്ടിലെ മതിലുകളില്‍ മുഴുവന്‍
കാവികൊണ്ടു ചെറുപ്പക്കാര്‍
തോക്ക് + വിപ്‌ളവം
എന്ന് എഴുതിവച്ചു.
അവരും അവസാനിച്ചു,
ചിലര്‍ കാവിയില്‍തന്നെ,
ചിലര്‍ റെയില്‍പാളത്തില്‍,
ചിലര്‍ ഭ്രാന്താശുപത്രിയില്‍.
അതിജീവിച്ചവരോ,
തണുത്തുവിറയ്ക്കുന്നു.