തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. അവര്‍ക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികള്‍ അയക്കാം.
പാലാ കെ എം മാത്യു ബാലസാഹിത്യപുരസ്‌കാരത്തിനും കൃതികള്‍ ക്ഷണിക്കുന്നു.
60,001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ഈ വര്‍ഷം കവിതാ വിഭാഗത്തിലുള്ള രചനകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 2015, 2016, 2017 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാകും പുരസ്‌കാരത്തിന് പരിഗണിക്കുക. റീപ്രിന്റുകളും പരിഷ്‌കരിച്ച പതിപ്പുകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം -34 എന്ന വിലാസത്തില്‍ 2018 നവംബര്‍ 14 ന് മുമ്പായി അയക്കണം.