പച്ചമലയാള ശാഖ, തമിഴ് മലയാള ശാഖ, സംസ്‌കൃത മിശ്ര ശാഖ എന്നീ മൂന്ന് സാഹിത്യ ധാരകളില്‍ നിന്നും സ്വീകാര്യമായ അംശങ്ങള്‍ നല്ല വിവേചനത്തോടെ മനസ്‌സിലാക്കി, അതിവിദഗ്ദമായി കലര്‍ത്തി പുതിയ ചൈതന്യമുളള ഒരു സാഹിത്യഭാഷ രൂപപ്പെടുത്തുകയാണ് വാസ്തവത്തില്‍ ചെറുശേ്ശരിയും എഴുത്തച്ഛനും ചെയ്തത്. ഈ മൂന്ന് പ്രവാഹങ്ങളുടെയും പ്രത്യേക സ്വഭാവവും ചൈതന്യവും നന്നായി പ്രകാശിപ്പിക്കുന്ന വിശിഷ്ട ഗ്രന്ഥമാണ് ലീലാ തിലകം. മലയാള സാഹിത്യത്തിന്റെ പ്രാചീന ഘട്ടമെന്ന ഈടുവയ്പു മുദ്രകള്‍ തുറക്കാന്‍ പോരുന്ന ഒരു സ്വര്‍ണ്ണത്താക്കോലാണ് 'ലീലാതിലകം' എന്ന് സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തില്‍ ഡോ. കെ.എം. ജോര്‍ജ് അഭിപ്രായപ്പെടുന്നു.
    മലയാള ഭാഷാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘട്ടം പതിനഞ്ചും പതിനാറും ശതകങ്ങളാണ്. കൃഷ്ണഗാഥയും എഴുത്തച്ഛന്‍ കൃതികളും ഉണ്ടായ കാലഘട്ടം.