പഞ്ചമി. ബി.പി

“നിനക്കിതുവരെ പ്രണയമൊന്നും ഉണ്ടായില്ലേ…” എന്ന പുതിയ സൗഹൃദങ്ങളുടെ ചോദ്യം മനസ്സിലോർത്ത് ചിരിച്ചു കൊണ്ട് അവളാ ഗോവണി കയറി…..

പാതിരാവിൽ അണിഞ്ഞൊരുങ്ങി…. നിശബ്ദമായ ചുവടനക്കങ്ങളുമായി
നേർത്ത നിശ്വാസത്തെ നെഞ്ചിലടക്കി ചന്ദ്രനോട് പ്രണയം പറയുവാൻ ….. കേൾക്കുന്നവർ വട്ടെന്ന് പരിഹസിച്ചേക്കാവുന്ന പതിനാലുകാരിയുടെ മനസ്സിലെ പ്രണയം

മണ്ണിലെ ആമ്പലിനെ കടത്തിവെട്ടുന്നതായിരുന്നു…..

പ്രണയം പറഞ്ഞ് അടുത്ത നാൾ മുതൽ തന്നെ രോഹിണിയോടുള്ള പ്രണയത്തെക്കുറിച്ച്
അവൾ അവനോട് കലഹിച്ചു…. തന്നെ മാത്രം എന്നവൾ ഓർമ്മിപ്പിച്ചു…. അവന്റെ മിഴിയനക്കങ്ങൾ രാവിലുറങ്ങാതെ നോക്കി നിന്നു…. അമാവാസി നാളുകളിൽ

മിഴി നിറച്ചവൾ, പൗർണമി നാളിൽ ഒരു നക്ഷത്രത്തെ പോലെ തുള്ളിത്തുടിച്ചു നിന്നു….

അവന്റെ മൗനത്തെ അവൾ തന്നോടുള്ള പ്രണയമെന്ന് വ്യാഖ്യാനിച്ചു…. തന്നെ തഴുകി ഈറൻ മുടിക്കെട്ടിനെ തലോടിയ കാറ്റ് അവന്റെ സ്പർശമായി…

നിശാഗന്ധിയുടെ സൗരഭം അവന്റെ സാമീപ്യമായി……

അരങ്ങേറ്റനാളിൽ ചിലങ്കയണിഞ്ഞ് സീതയായവൾ ആ അമ്പലമുറ്റത്തെ മണ്ഡപത്തിൽ വരണമാല്യം ചാർത്തിയത് അവനെയാണ്….

ആദ്യമായി മുഴുസാരി ഉടുത്ത ആ രാവിൽ.. അവന്റെ മുന്നിൽ നിന്ന് അവൾ അതിന്റെ ചന്തം കണ്ടു.. കണ്ണാടിയിലെന്ന പോലെ ആസ്വദിച്ചു…

പകലന്തിയോളമുള്ള മൗനം അവൾ അവനടോപ്പമുള്ള രാവിൽ മാത്രം ഭേദിച്ചു…. അവളുടെ വാചാലത അവൻ അത്രമേൽ ഇഷ്ടപ്പെടുന്നൂ എന്ന് അവൾ കരുതി…..
അവന്റെ പ്രണയം മോഹിച്ച മനസ്സും ശരീരവുമായി അവൾ രാവ് പുലരരുതേ എന്ന് പ്രാർത്ഥിച്ചു…..
നക്ഷത്രങ്ങളോട് അസൂയയും സൂര്യനോട് വിദ്വേഷവും തോന്നി…… തന്റെ പുരുഷ സങ്കൽപം അവനിൽ മാത്രം ഒതുക്കി നിർത്തി…..

കുളക്കടവിൽ ആരും കാണാതെ അവന്റെ പ്രതിബിബം പതിഞ്ഞിടത്ത് അവൾ നീന്തിത്തുടിച്ചു….. മാറിടത്തിലെ മറുക് അവൻ കാണാതെ മറച്ചു… അവനിൽ

ലയിക്കാനെന്ന വിധം അവളാ ജലപ്പരപ്പിൽ ഊളിയിട്ടു നിവർന്നു…..

തിരികെ കിട്ടാത്ത പ്രണയത്തോട് ഒരിക്കലും പരാതി പറഞ്ഞില്ല…. മുഖം കറുപ്പിച്ചില്ല….
കണ്ണിൽ കണ്ണീർ നനവോടെ അവൾ അവനെ ഇമ മുറിയാതെ നോക്കി നിന്നു….. സ്വരമിടറാതെ സംവദിച്ചു…. ചുവടൊഴിയാതെ തേടിവന്നു….
രാവ് പകലാക്കി…. ആ പ്രണയത്തെ പ്രാണനാക്കി… ഒറ്റവേരിൽ തളിരിടാ വസന്തമായി അവൾ മാറി…

ഇടനെഞ്ചിൽ പൊന്നിന്റെ താലി തടഞ്ഞപ്പോഴും നെറ്റിത്തടത്തിലേക്ക് കുങ്കുമം പടർന്നപ്പോഴും നിറകണ്ണുകളും നിരാശ കറുപ്പ് കലർത്തിയ ചുണ്ടുകളും മറ്റാരും

കാണരുതെന്ന് കരുതി അവൾ നമ്ര മുഖിയായി…. പ്രിയപ്പെട്ടവരെ പിരിയുന്നതോർത്തല്ല നഷ്ടമാകാൻ പോകുന്ന രാവിടത്തെയോർത്ത് അവൾ വിതുമ്പി….
ഒരു യാത്ര പറച്ചിലിന് പോലും ഇടം തരാതിരുന്നവനെ ദഹിപ്പിക്കുന്നൊരു നോട്ടത്താൽ അവൾ കാർമേഘക്കെട്ടിലാക്കി….. കവിളിലെ കണ്ണുനീർ പാടിനെ അവൾ

കണ്മഷി പടർന്നതെന്ന് കള്ളം പറഞ്ഞു… നഷ്ടപ്പെട്ടതെന്തോ അത് മാത്രം മനസ്സിലേറ്റി അവൾ ആ പുതിയ രാവിലൊളിച്ചു…

അവൻ ഒപ്പം ഇല്ലാത്ത ഇരുളിനെ അവൾ ഭയന്നു….
ആർത്തലച്ചു പെയ്യാൻ കൊതിച്ച മേഘമായി അവൾ ആ കിടക്കയിൽ തളർന്നു…. മുല്ലമൊട്ടുകൾ ഞെരിഞ്ഞമർന്ന ആ കിതപ്പിൽ അവൾ പട്ടടയില്ലെന്ന പോലെ

പുകഞ്ഞു….. വേദന വടം കെട്ടിയ കൺപോള തുറക്കാമെന്നായപ്പോൾ കൈയിൽ തടഞ്ഞതെന്തോ വാരിച്ചുറ്റി ആ കിടക്ക വിട്ടവൾ മെല്ലെ എഴുന്നേറ്റു….

ശരീരത്തിലെ നഖക്ഷതങ്ങളെക്കാൾ നീറുന്നുണ്ട് മനസ്സിലെ നഷ്ടപ്രണയത്തിന്റെ നോവ്….
ആ നോവ് മായ്ക്കാൻ കഴിവുള്ള ഒരാളെയുള്ളൂ…. ജനാല പാതി തുറന്നപ്പോഴേക്കും അവൻ അവിടെത്തന്നെയുണ്ട്…. തന്നെ കാണാത്തതിന്റെ ദുഃഖം ആ

മുഖത്തുണ്ടോ? അവളൊന്നു സൂക്ഷിച്ചു നോക്കി ….
അവന്റെ മൗനത്താൽ മുറിവേറ്റപോലെ….
കരയാൻ പോലുമാകാതെ അവളാ നിൽപ്പ് തുടർന്നു…. അവന്റെ ഒരു നോട്ടത്തിനായി അവൾ യാചിച്ചു…?
“ഞാനിവിടെയുണ്ട്.. ഇവിടെ.. ” ഒരു അലർച്ചയോടെ അത് പറയാൻ അവൾ വെമ്പൽ കൊണ്ടു….
ശബ്ദം പുറത്തേക്ക് വരുന്നില്ല….. നെഞ്ചിലൊരു വിങ്ങൽ… പുറത്തെടുക്കാനാകാത്ത വിധം തൊണ്ടയിൽ മുള്ള് കുടുങ്ങിയ വേദന….
കാലുകൾക്ക് ബലമില്ലാതെ തോന്നിയോ… താനിപ്പോൾ നിലം പതിക്കും…. ഒരു വട്ടം ഒന്ന് നോക്കൂ…. ഇനിയൊരുപക്ഷേ കാണാനായില്ലെങ്കിലോ….?
ജനലഴികളിലെ പിടി വഴുതാൻ തുടങ്ങി…. തന്നെ താങ്ങിയ മാറിടവും അരക്കെട്ടിനെ ചുറ്റിപ്പിണഞ്ഞ കൈകളും അവളെ അസ്വസ്ഥയാക്കി… പിൻകഴുത്തിൽ പതിച്ച

ചുടുനിശ്വാസം അവളെ വിമ്മിഷ്ടപ്പെടുത്തി.. രാവുപുലരാതിരിക്കാൻ കൊതിച്ചവൾ അന്നാദ്യമായി രാവൊഴിയാൻ പ്രാർത്ഥിച്ചു… എല്ലാം മറന്നൊന്നുറങ്ങാൻ

മോഹിച്ചു…..

ഒരിക്കൽ പോലും ചിരിച്ചു കാണാത്തതിൽ പരാതിയുമായി എത്തിയവനോട് “ഒന്നുമില്ല” എന്ന മറുപടിയിൽ ഒക്കെയുമൊതുക്കി. അവന്റെ വിയർപ്പ് മണക്കുന്ന

ശരീരവുമായി ജനാലയ്ക്കിടയിലൂടെ അവൾ ആകാശം തേടി…. വാചാലത മറന്നവൾക്ക് വാക്കുകൾ ഒക്കെയും അന്യമായി…. മനസ്സ് കൊണ്ടവൾ ഓരോ രാവിലും

അലറി വിളിച്ചു…. അവനെ കാണാനാകാത്ത കണ്ണ് ചൂഴ്ന്നെടുക്കാൻ… അവനോട് സംസാരിക്കാൻ കഴിയാത്ത നാവ് പിഴുതെടുക്കാൻ… അവന്റേതാകാതെ പോയ

ശരീരം കീറി മുറിക്കാൻ… ഭ്രാന്തമായി തലതല്ലി കരയാൻ… ഒരിക്കലും ഉണരാനാകാതെ ഒന്നുറങ്ങാൻ …. അവൾ കൊതിച്ചു… സ്വപ്നം കണ്ടു ഞെട്ടിയുണർന്നു..

കരഞ്ഞു തളർന്നുറങ്ങി…. ഒരു കുഞ്ഞിനെ പോലെ… ഭ്രാന്തിയെ പോലെ… മരണം കാത്തു കഴിയുന്ന തടവുകാരിയെ പോലെ….

അവളുടെ ഓരോ വിരലനക്കത്തിലും ഞെട്ടിയുണരലിലും അവൻ ഒപ്പമുണ്ടായിരുന്നു… തിരികെ ലഭിക്കാത്ത പ്രണയത്തിനും പരിഗണനയ്ക്കും പരിഭവം

ഏതുമില്ലാതെ….
അവളുടെ മയക്കത്തിൽ അവൻ അവളെ ചേർത്തു പിടിച്ചു… മുടിയിഴകൾ തലോടി… നെറുകെയിൽ അമർത്തി ചുംബിച്ചു… നിർബന്ധങ്ങളില്ലാതെ അവളുടെ

ശരീരത്തിന് ചൂട് പകർന്നു… അവന്റെ ഉന്മാദങ്ങളെ അവനിൽ തന്നെയൊതുക്കി… അവളെ വേദനിപ്പിച്ചില്ല… വിഷമിപ്പിച്ചില്ല… അസ്വസ്ഥയാക്കിയില്ല…. തന്റെ

ശ്വാസവും സാമീപ്യവും അവളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവൻ അത്രയേറെ ശ്രദ്ധിച്ചു…..

അവൾ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞ നിമിഷം ആലിംഗനം കൊതിച്ചെത്തിയവനെ അവളൊരു പുഞ്ചിരിയിൽ അകറ്റി നിർത്തി… അവന്റെ കണ്ണിലെ

നിസ്സഹായതയ്ക്ക് അവളുടെ കണ്ണുകൾക്ക് മറുപടി നൽകാനായില്ല… തന്റെ പ്രണയം ഓരോ നിമിഷവും തോൽക്കുകയാണെന്ന് ഓർത്തപ്പോഴൊക്കെയും അവളാ

ജനലഴിയിലൂടെ ആകാശം തേടി…..
” ഞാൻ അമ്മയാകാൻ പോകുന്നു ”
ആരോടെന്നില്ലാതെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകി…. മനസ്സിൽ ഒരായിരം കൂരമ്പുകൾ പതിച്ച പോലെ…. ഒരാൾക്ക് മുന്നിൽ

വാവിട്ടു കരയാനും മറ്റൊരാൾക്ക് മുന്നിൽ കണ്ണ് നിറയാതെ നോക്കാനും പ്രയാസപ്പെട്ടു…. അവന്റേതെന്ന് തോന്നിയ കാറ്റും പൂത്ത നിശാഗന്ധിയും ഇളം

നിലാവും അവളെ അലോസരപ്പെടുത്തി …..

ആ മുറി വിട്ട് അവൾ പുറത്തിറങ്ങാതായി… രാത്രിയുടെ ഗന്ധം അവളുടെ മനം മടുപ്പിച്ചു…ആ ജനാല തുറക്കാൻ കഴിയാതിരുന്നെങ്കിൽ എന്ന് അവൾ

ആഗ്രഹിച്ചിരുന്നു… എന്നിട്ടും ഒരു പതിവുപോലെ അവൾ അതിന് മുന്നിൽ എത്തി..
” മഴയാണ്… ജനാല തുറക്കണ്ട…. നല്ല കാറ്റുണ്ട് ”
അവന്റെ ആ വാക്കുകൾ അവൾക്കേറെ ആശ്വാസമായി….
അന്ന് മുതലാണ് അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്…. കിടക്കവിരി മാറ്റുന്നതും മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും മുടിയിൽ

എണ്ണ വയ്ക്കുന്നതും കുളിപ്പിക്കുന്നതും കണ്ണെഴുതിക്കുന്നതും അവളുടെ നാവിന്റെ രുചിയറിയുന്നതും അവളുടെ കുഞ്ഞു കുഞ്ഞിഷ്ടങ്ങൾ നടത്തിക്കൊടുക്കുന്നതും

അവന്റെ ദിനചര്യയായി മാറിയിട്ടുണ്ട്… അവളുടെ ദുശ്ശാഠ്യങ്ങൾക്ക് മുന്നിൽ അവന്റെ അരുതുകളൊക്കെ വഴി മാറി….. നീര് പടർന്ന കാലിന്റെ വേദന അവൾ

പറയാതെ അവനറിഞ്ഞു… ഉറക്കത്തിൽ അവളുടെ ഞരക്കങ്ങളിലും മൂളലിലും അവൻ ഞെട്ടി ഉണർന്നു… അവളുടെ ശ്വാസ ഗതിയുടെ ഏറ്റക്കുറച്ചിലിൽ പോലും

അവൻ ഭയന്നു…. അവളെ ഒത്തിരി ചിരിപ്പിച്ചു…. ചിന്തിപ്പിച്ചു… ഒടുവിൽ നിറഞ്ഞു തുളുമ്പാൻ തുടങ്ങുന്ന കണ്ണുകളെ ഒരു ചുംബനത്താൽ അടക്കി നിർത്തി

അവൻ മാറോടണച്ചു….

പക്ഷേ അന്ന് ആ ചുംബനം അവളെ ആശ്വസിപ്പിച്ചില്ല…. വേദനകൊണ്ട് പുളയുമ്പോഴും ആ കൈത്തണ്ട അവൾ മുറുകെ പിടിച്ചു….. ആ നിമിഷം അവന്റെ

പ്രണയം കണ്ടില്ലെന്ന് നടിക്കാൻ അവൾക്കായില്ല…. കണ്ണുകൾ കൊണ്ടൊരായിരം വട്ടം അവനോട് മാപ്പ് പറഞ്ഞു… വേദന ആ കാഴ്ചയെ മൂടുമ്പോഴും അവന്റെ

സാമീപ്യം അവൾ അറിയുന്നുണ്ടായിരുന്നു….

വരാന്തയിൽ പ്രാർത്ഥനയുമായി നിന്നവന്റെ ഹൃദയമിടിപ്പ് വേഗത്തിലാവാൻ തുടങ്ങിയിരുന്നു…. കണ്ണുനീർ അമർത്തി തുടച്ച് തന്റെ പേര് വിളിച്ച ആ

മാലാഖയ്ക്ക് മുന്നിൽ നിന്ന് ആ നിധിയെ കൈ നീട്ടി വാങ്ങുമ്പോൾ അവന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടിരുന്നു…. സുഖമായിരിക്കുന്നു എന്ന വാക്ക്

കേൾക്കുന്ന വരെയും അവന്റെ പരിഭ്രമം അടങ്ങിയിരുന്നില്ല……

“മോള് നിന്നെ പോലെയാണ് ” എന്ന് പറഞ്ഞു അവളോട് ചേർന്നിരുന്നപ്പോൾ ആ മുഖത്തെ നിരാശ അവനെ അത്ഭുതപ്പെടുത്തി….
പിന്നെ പിന്നെ ആ മുഖത്ത് നിരാശ മാത്രമായി…. തന്റെ മുന്നിൽ സ്വയം കോമാളിയാകാൻ അനുവദിക്കാതെ അവൾ അവനെ ഒഴിവാക്കാൻ തുടങ്ങി…….

“ഇനിയും നിന്നെ മറന്നില്ലയെങ്കിൽ ഞാൻ മരിച്ചു പോയേക്കും ..
ഇനിയും ഞാൻ മരിച്ചില്ലായെങ്കിൽ അവൻ എന്നെ വെറുത്തു പോയേക്കും….. ”

ഡയറിയുടെ അവസാന പേജ്ൽ അവൾ അങ്ങനെ കുറിച്ചിട്ടു…. മതിയാവോളം കുഞ്ഞിനെ മുലയൂട്ടി തൊട്ടിലിൽ കിടത്തി നിവരുമ്പോഴും അവൻ നല്ല

മയക്കത്തിലാണ്….. ഇടനെഞ്ചിലെ വേദനയിൽ വീർപ്പു മുട്ടി… വിയർപ്പ് പറ്റി കിടന്ന ആ താലി മാല അഴിച്ചെടുത്തപ്പോൾ ആ കൈകൾ ഒന്ന് വിറച്ചു…

സിന്ദൂരച്ചെപ്പിനൊപ്പം അതാ കിടക്കയിൽ അവന്റെ കാൽച്ചുവട്ടിൽ വയ്ക്കുമ്പോൾ ആ പാദത്തിൽ വീണ ചുടു കണ്ണുനീർ പ്രണയത്തിന്റെയും..

മാതൃത്വത്തിന്റെയും കയ്പ്പ് നീരാണെന്ന് അവൾ കരുതി…. പെട്ടിയിൽ നിന്ന് നിറയെ മുത്തു കോർത്ത ആ പഴയ കൊലുസ് കൈയിൽ എടുത്തു

പുറത്തേക്കിറങ്ങവേ ഒരു വട്ടം തിരിഞ്ഞു നോക്കാൻ മനസ്സ് പറഞ്ഞു….. തൊട്ടിലിൽ നിന്ന് പാതി പുറത്തു വീണ ആ കുഞ്ഞു കാൽപാദങ്ങളെ പുണരാതിരിക്കാൻ

അവൾ പ്രയാസപ്പെട്ടു….

” ജന്മം തരരുതായിരുന്നു…. പക്ഷേ
ആ മനുഷ്യന് നീ വേണം…. ”

ഒരു നെടുവീർപ്പോടെ അവളാ മുറി വിട്ടിറങ്ങി…
ഏറെക്കാലത്തിന് ശേഷം അന്ന് എവിടെയോ നിശാഗന്ധി പൂത്തിരുന്നു…. ആ കാറ്റിലൂടെ അവൾ നടന്നു….. അവനുള്ളിടം തേടി നടന്നു…. ഒടുവിലാ കല്പടവിൽ

അവൻ തന്നെ കാത്തുനിൽക്കുകയാണെന്ന് അവൾക്ക് തോന്നി…
“കൂട്ടിക്കൊണ്ട് പോകില്ല എന്ന് ഇനിയും പറഞ്ഞൊഴിയരുത്… എവിടേയ്ക്കായാലും ഞാനുണ്ട്…. ഈ ഭൂമിയിൽ അല്ലെങ്കിൽ കൂടി… ”

പടവുകളിറങ്ങി… ആ വെളുത്ത നിഴൽപ്പാട് പതിഞ്ഞിടത്തേക്ക് അവൾ നടന്നു…. നീല നിലാവും കുളിർകാറ്റും പഴയ ഓർമ്മയിലേക്ക് അവളെ കൂട്ടിക്കൊണ്ട്

പോയിരിക്കും…. ഒരായിരം വിശേഷങ്ങൾ ആ ജലപ്പരപ്പിൽ നോക്കി അവൾ പറഞ്ഞു…. സങ്കടത്തിന്റെ മുൾമുനയൊ നഷ്ടപ്പെടലിന്റെ ഓളമോ ആ വാക്കുകളിൽ

ഉണ്ടായിരുന്നില്ല….

വാചാലതയ്ക്കുമപ്പുറം വാക്കുകളും വരികളും അവർക്കിടയിൽ ഒഴുകി പരന്നു….. അവനൊക്കെയും കേട്ടു ചിരിച്ചു… കിഴക്ക് വെള്ളകീറിയത് അറിയാതെ

അവൾ അവന്റെ മടിയിൽ മുഖമമർത്തി കിടന്നു.. അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ….
ആവേശത്തിനൊടുവിൽ അവൾ തണുത്തു മരവിച്ചു….. ചുണ്ടുകൾ വിറച്ചു വിറച്ചൊടുവിൽ നീലിച്ചു…. കാൽ കൊലുസിലെ അവസാന മുത്തും ജലപ്പരപ്പിൽ

ഉയർന്നപ്പോഴേക്കും ദൂരെ ആ നിശാഗന്ധി വാടി കൊഴിയാൻ തുടങ്ങിയിരുന്നു…..